ലാന്‍സര്‍ രൂപം മാറ്റി ഫെറാരിയാക്കി; മലപ്പുറം സ്വദേശി കുടുങ്ങി

By Web DeskFirst Published Dec 23, 2017, 9:39 AM IST
Highlights

വാഹനങ്ങളില്‍ നിയമവിധേയമല്ലാത്ത രൂപമാറ്റങ്ങള്‍ വരുത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. അടുത്തകാലത്ത് ഇത്തരം പ്രവണതകള്‍ കൂടി വരുന്നുമുണ്ട്. സ്വന്തമാക്കാന്‍ സാധിക്കാത്ത ഒരു മോഡലില്‍ യാത്ര ചെയ്യാനുള്ള ആഗ്രഹമാവാം പലരെയും ഇത്തരം മോഡിഫിക്കേഷനുകളില്‍ കൊണ്ടെത്തിക്കുന്നത്. ഇങ്ങനെ കാറിന്‍റെ രൂപമാറ്റം വരുത്തിയതിന് വാഹനം പിടികൂടിയ ഒരു സംഭവം മലപ്പുറത്ത് വീണ്ടും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറ്റാലിയന്‍ സൂപ്പര്‍ കാര്‍ നിര്‍മ്മാതാക്കളായ ഫെറാറിയുടെ ഘടനയിലേക്ക് രൂപമാറ്റം വരുത്തിയ മിത്സുബിഷി ലാന്‍സര്‍ കാറാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പിടികൂടിയിരിക്കുന്നത്.

കൊടക്കല്‍ ഏനാത്ത് റാഷിദിന്റെ ഉടമസ്ഥതയിലുള്ള കെ.എല്‍.08 എസ്.4554 നമ്പര്‍ കാറാണ് മോഡല്‍ മാറ്റിയതിന് പിടിയിലായത്. മാതൃഭൂമി ഓണ്‍ലൈനാണ് ഇതുസംബന്ധിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പഴയ കാറില്‍ ഓരോ ഭാഗങ്ങള്‍ മാറ്റിവെച്ചാണ് രൂപമാറ്റം നടത്തിയതെന്നും  തിരൂര്‍ താഴെപ്പാലത്ത് വെച്ചാണ് കാര്‍ പിടികൂടിയതെന്നുമാണ് റിപ്പോര്‍ട്ട്.

15 ദിവസത്തിനകം കാര്‍ പഴയ മോഡലാക്കിയില്ലെങ്കില്‍ ആര്‍.സി. ബുക്ക് സസ്പെന്‍ഡ് ചെയ്യാനാണ് തീരുമാനം. അടുത്തകാലത്ത് തിരൂരില്‍ മാരുതി ബൊലേനോ കാര്‍ രൂപംമാറ്റി ബെന്‍സാക്കിയതിനു പിടിക്കപ്പെട്ടിരുന്നു.

click me!