ഊട്ടിയുടെ നഗര പ്രദേശങ്ങളും ബൊട്ടാണിക്കൽ ഗാർഡനും മാത്രം കണ്ടുപോകുന്ന സഞ്ചാരികൾക്ക് അവലാഞ്ചി അപരിചിതമായ ഇടമാണ്. ഇവിടുത്തെ പ്രധാന ആകർഷണം നീല നിറത്തിലുള്ള തടാകമാണ്, പിന്നെ ചുറ്റുമുള്ള പൈൻ മരങ്ങളും.
പ്രകൃതിയുടെ പറുദീസ..അതാണ് ഊട്ടി ഒളിപ്പിച്ചുവെച്ച അവലാഞ്ചി. ഊട്ടിയുടെ നഗര പ്രദേശങ്ങളും ബൊട്ടാണിക്കൽ ഗാർഡനും മാത്രം കണ്ടുപോകുന്ന സഞ്ചാരികൾക്ക് അവലാഞ്ചി അപരിചിതമായ ഇടമായിരിക്കാം. എന്നാൽ, കുടുംബവുമൊത്തോ സുഹൃത്തുക്കൾക്കൊപ്പമോ സമയം ചെലവിടാൻ ഏറ്റവും അനുയോജ്യമായ ഒരിടമാണ് ഇതെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? വരൂ അവിടേക്ക് ഒരു യാത്ര പോകാം…
എത്ര തവണയെത്തിയാലും മടുപ്പ് തോന്നാത്ത ഇടമാണ് ഊട്ടി. അവിടുത്തെ സുന്ദരമായ കാഴ്ചകളും കാലാവസ്ഥയും തന്നെയാണ് അതിനുള്ള പ്രധാന കാരണം. പക്ഷേ ഊട്ടിയിൽ അധികമാരും എത്തിച്ചേരാത്ത ഒരിടമുണ്ട്, അതാണ് അവലാഞ്ചി. അവലാഞ്ചിയിലേക്കുള്ള യാത്ര വളരെ മനോഹരമാണ്. ഊട്ടിയിലെ കൃഷി പ്രദേശങ്ങൽ പിന്നിട്ടാണ് യാത്ര. സ്ട്രോബറി, കോളിഫ്ലവർ, കാബേജ് തുടങ്ങി നിരവധി വിളകൾ കൃഷി ചെയ്യുന്ന ഇടങ്ങളും യാത്രയിലുടനീളം കാണാൻ കഴിയും. കൃഷിപ്പാടങ്ങൾ പിന്നിടുമ്പോൾ ചെറിയ വീടുകൾ ഉണ്ടാകും. ഇത് പ്രധാനമായും കർഷകരുടേത് തന്നെയാണ്. പാടങ്ങളോട് ചേർന്നും അല്ലാതെയും വീടുകൾ കാണാം. പ്രധാനമായും വീടുകൾ ഇടുങ്ങിയാണ് കാണുന്നത്. പല വർണങ്ങളിൽ ഛായം പൂശിയ ഈ വീടുകൾ ദൂരെ നിന്ന് നോക്കുമ്പോൾ ആകാശത്തെ തൊട്ടുരുമ്മി ചതുരക്കഷണങ്ങൾ അടുക്കിവെച്ച പോലെ തോന്നിപ്പോകും. വളവുകൾ കയറും തോറും തണുപ്പ് ശരീരത്തിലേക്ക് തളച്ചുകയറും. ചിലപ്പോൾ മഞ്ഞ് മൂടിക്കെട്ടിയ കാഴ്ചകളാകും ഉണ്ടാകുക. വെയിലിറങ്ങുന്നതോടെ കാഴ്ചകൾക്ക് വ്യക്ത വരും. കൃഷിപ്പാടങ്ങൾ കഴിഞ്ഞെത്തുന്നത് വന പ്രദേശത്തേക്കാണ്. റോഡിന് ഇരുവശവും കാട്. പുക പോലെയുള്ള മഞ്ഞിലേക്ക് മരത്തിനിടയിലൂടെ വെയിൽ അരിച്ചിറങ്ങുന്നത് കാണാം. ഓരോ വളവിലും പുതിയൊരു ദൃശ്യവിസ്മയം. ഈ യാത്ര ചെന്നെത്തുന്നത് ഊട്ടി നിധി പോലെ ഒളിപ്പിച്ചുവെച്ച അവലാഞ്ചിയിലേക്കാണ്.

അവലാഞ്ചിയിൽ ഏറ്റവും ആകർഷണീയം അവിടുത്തെ തടാകമാണ്. തടാകത്തിന് നീല നിറമാണെന്ന് പറയാം. പ്രകൃതി ഒരുക്കിയ വിരുന്ന് തന്നെയാണ് അത്. ചോലക്കാടുകൾക്കും പുൽമേടുകൾക്കും നടുവിലാണ് ഈ തടാകം ഉള്ളത്. തടാകത്തിന് ചുറ്റുമുള്ള പുൽമേടും അതിന്റെ പച്ചപ്പും കണ്ണിനും മനസ്സിനും ഒരുപോലെ കുളിർമയേകും. വർഷത്തിൽ ലഭിക്കുന്ന അയ്യായിരം മില്ലീമീറ്ററിലധികം മഴയുടെ ഫലമായ പച്ചപ്പാണ് അവലാഞ്ചിയുടെ ഏറ്റവും വലിയ പ്രത്യേകതയും ആകർഷണവും. തടാകത്തിന് ചുറ്റും തിങ്ങിവളരുന്ന പൈൻ മരങ്ങളാണുള്ളത്. പൈൻ മരങ്ങൾക്കുള്ളിലും ചെറിയ നീരുറവകളുണ്ട്.
അവലാഞ്ചി തടാകവും എമറാൾഡ് തടാകവും അടുത്തടുത്തായാണ് സ്ഥിതി ചെയ്യുന്നത്. ഇവയ്ക്ക് ചുറ്റും ചെറിയ പുൽച്ചെടികളും ഓർക്കിഡുകളും ഉണ്ട്. എമറാൾഡ് തടാകത്തോട് ചേർന്നുള്ള വന പ്രദേശങ്ങൾ സംരക്ഷിത മേഖലയാണ്. അവിടേക്ക് സന്ദർശകർക്ക് പ്രവേശനം ഉണ്ടാകില്ല. ഇതിനപ്പുറമുള്ള സ്ഥലങ്ങൾ സന്ദർശിക്കാൻ വനം വകുപ്പിന്റെ മുൻകൂർ അനുമതിയും ആവശ്യമാണ്. ഇവിടുത്തെ കാടുകളിൽ അപൂർവ്വങ്ങളായ പക്ഷികളടക്കം നിരവധി ജീവജാലങ്ങൾ വസിക്കുന്നുണ്ട്. പക്ഷിനിരീക്ഷണത്തിനായും ധാരാളം ആളുകൾ ഇവിടെ എത്താറുണ്ട്.
ഊട്ടിയിൽ നിന്ന് വെറും 26 കിലോമീറ്റർ മാത്രം അകലെയാണ് അവലാഞ്ചി സ്ഥിതിചെയ്യുന്നത്. 1823ൽ ഉണ്ടായ ഉരുൾപൊട്ടലിന്റെയോ ഹിമപാതത്തിന്റെയോ പേരിലാണ് ഈ താഴ്‌വരയ്ക്ക് ഇങ്ങനെയൊരു പേര് ലഭിച്ചത്. അലവാഞ്ചിയിൽ പ്രവേശിക്കുന്നതിന് ടിക്കറ്റ് എടുക്കണം. വാഹനം പാർക്ക് ചെയ്യുന്നതിനും സൗകര്യമുണ്ട്. തണുപ്പിൽ നിന്ന് ചെറിയൊരു രക്ഷപ്പെടൽ ആവശ്യമാണെങ്കിൽ അടുത്തായുള്ള കടയിൽ നിന്നും നല്ല ചൂട് ചായയും കുടിക്കാം. അവലാഞ്ചിയിലേക്കുള്ള യാത്ര ഒരിക്കലും ഒരു നഷ്ടമാകില്ല. അവിടുത്തെ കാഴ്ചകളാണെങ്കിലും അവിടേക്കുള്ള യാത്രയാണെങ്കിലും ഒരുപോലെ മനോഹരമാണ്. നഗരത്തിരക്കിൽ നിന്ന് മാറി ശുദ്ധവായു ശ്വസിക്കാനിരിടം തിരയുന്നവർക്ക് അവലാഞ്ചി മികച്ചൊരു ഡെസ്റ്റിനേഷൻ തന്നെയാണെന്ന് നിസംശയം പറയാം.




