ഷോറൂമുകളിൽ നിന്ന് കാറുകൾ മോഷ്ടിക്കുന്നയാൾ പിടിയിൽ

By Web DeskFirst Published Oct 27, 2017, 10:32 PM IST
Highlights

കൊച്ചി: വാഹന ഷോറൂമുകളിൽ നിന്ന് കാറുകൾ മോഷ്ടിക്കുന്നയാൾ കൊച്ചിയിൽ പിടിയിൽ. നിരവധി സംസ്ഥാനങ്ങളിൽ നിന്ന് വാഹനങ്ങൾ മോഷ്ടിച്ച ബംഗലുരു സ്വദേശി നസീർ ആണ് നോർത്ത് പൊലീസിന്‍റെ പിടിയിലായത്. രജിസ്ട്രേഷൻ നടത്താത്ത വാഹനങ്ങൾ മാത്രമാണ് ഇയാൾ മോഷ്ടിക്കാറുള്ളതെന്ന് പൊലീസ് പറ‍ഞ്ഞു.

രണ്ട് വർഷം മുമ്പ് കൊച്ചി ചളിക്കവട്ടത്തെ പോപ്പുലർ ഹൂണ്ടായ് ഷോറൂമിൽ നിന്ന് മോഷ്ടിച്ച ഐ ടെൻ കാറുമായാണ് പ്രതി നസീർ പിടിയിലായത്. സമാനമായ രീതിയിൽ വാഹന ഷോറൂമുകളിൽ നിന്നും മറ്റും രജിസ്ട്രേഷൻ നടത്താത്ത വാഹനങ്ങൾ മോഷ്ടിക്കുന്നതാണ് പ്രതിയുടെ പതിവുരീതിയെന്ന് പൊലീസ് പറഞ്ഞു. മുംബൈയിലെ ടൊയോട്ട ഷോറൂമിൽ നിന്ന് ഇന്നോവ, ഫോർച്യൂണർ, ചെന്നൈയിലെ ഹ്യൂണ്ടായ് ഷോറൂമിൽ നിന്ന് ഐ ടെൻ തുടങ്ങിയ വാഹനങ്ങൾ മോഷ്ടിച്ചിട്ടുണ്ട്.

കാർമോഷണത്തിനിടെ തടയാൻ ശ്രമിച്ച സുരക്ഷാജീവനക്കാരനെ മർദ്ദിച്ചതിന് ബംഗലുരു തിലക്നഗറിൽ ഇയാൾക്കെതിരെ കേസുണ്ട്. ബംഗലുരുവിലെ ജ്വല്ലറിയിൽ നിന്ന് ആഭരണങ്ങൾ മോഷ്ടിച്ച കേസിലും പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കോഴിക്കോട്ട് നിന്ന് ബംഗലുരുവിൽ കുടിയേറിയ കുടുംബത്തിലെ അംഗമാണ് നസീർ. കൊച്ചി ചേരാനല്ലൂർ സിഗ്നലിന് സമീപം വാഹന പരിശോധന നടത്തിവന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പൊലീസ് ആവശ്യപ്പെട്ടിട്ടും നിർത്താതെ പോയ കർണാടക രജിസ്ട്രേഷൻ വാഹനം പിന്തുടർന്ന് തടഞ്ഞുനിർത്തി ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ച കാർ, വ്യാജ രജിസ്ട്രേഷൻ നന്പർ വച്ച് ഉപയോഗിക്കുകയായിരുന്നുവെന്ന് വ്യക്തമായത്.

2015ൽ വടക്കൻ പറവൂർ സ്വദേശി അൻവർസാദത്ത് വാഹനം വാങ്ങി അവസാനവട്ട മിനുക്കുപണികൾക്കായി ഷോറൂമിൽ നിർത്തിയിട്ട സമയത്താണ് പ്രതി ഓടിച്ചുകൊണ്ടുപോയത്. നിരവധി വാഹനങ്ങൾ പാർക് ചെയ്തിടത്ത് നിന്ന് കാർ ഓടിച്ചുകൊണ്ടുപോയപ്പോൾ മറ്റാരുടെയും ശ്രദ്ധയിൽ പെട്ടില്ല. ഇതേക്കുറിച്ച് അന്വേഷണം തുടരുന്നതിനിടെയാണ് പ്രതി പിടിയിലായത്. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

click me!