
ഇന്ത്യയിലെ വാഹന പ്രദർശനങ്ങളുടെ മാമാങ്കമാണ് രണ്ടുവര്‍ഷം കൂടുമ്പോള്‍ ദില്ലിയിൽ നടക്കുന്ന ഓട്ടോ എക്സ്പോ. ഈ വർഷത്തെ എക്സ്പോ തുടങ്ങാൻ ഇനി ഒരാഴ്ചയിൽ താഴെ മാത്രമേ സമയമുള്ളൂ. ഫെബ്രുവരി 5 മുതൽ 12 വരെ ഗ്രെയ്റ്റർ നോയിഡയിലെ ഇന്ത്യ എക്സ്പോ മാർട്ടിലാണ് മേള നടക്കുക.
അമേരിക്കൻ, ജാപ്പനീസ്, യൂറോപ്യൻ കാർനിർമ്മാണ കമ്പനികൾ ആധിപത്യം പുലർത്തുന്ന ഈ മേളയിൽ, കഴിഞ്ഞ ഏതാനും വർഷങ്ങളായി ചൈനീസ് സാന്നിധ്യം വർധിച്ചു വരികയാണ്. എന്നുപറഞ്ഞാൽ പോരാ, മറ്റുള്ളവർക്ക് കാര്യമായ ഭീഷണിയായി മാറും വിധം തന്നെ ചൈനീസ് കാർ കമ്പനികൾ ആകർഷകങ്ങളായ മോഡലുകളും, വിലകളുമായി തേരോട്ടം തന്നെ നടത്തുകയാണ് മാർക്കറ്റിൽ. അവരുടെ ഈ അശ്വമേധത്തിന് വിലങ്ങുതടിയായി, മേളയ്ക്ക് മാസങ്ങൾ മാത്രം മുമ്പ് ഏറെ അപ്രതീക്ഷിതമായി ഒരു അതിഥിയെത്തി അവരുടെ നാട്ടിൽ തന്നെ. കൊറോണാവൈറസ് എന്ന മാരകവ്യാധിയായിരുന്നു അത്. നാട്ടിലെ കച്ചവടം പോയിട്ട് ജീവിതം പോലും കുട്ടിച്ചോറാക്കിക്കഴിഞ്ഞ ഈ മഹാവ്യാധി ഇപ്പോൾ വിദേശ രാജ്യങ്ങളിൽ പോലുമുള്ള ചൈനീസ് കമ്പനികളുടെ ബിസിനസിനെ സാരമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ലക്ഷണങ്ങൾ ഓട്ടോ എക്സ്പോ 2020 -ലും ദൃശ്യമാണ്.
ചൈനീസ് കമ്പനികളുടെ പ്രതിനിധികളായി ഈ മേളയ്ക്ക് വന്നിറങ്ങാൻ പോകുന്ന ഡെലിഗേറ്റുകളെച്ചൊല്ലിയാണ് പ്രധാന ആശങ്ക. ചൈനയിൽ നിന്നാകുമല്ലോ അവർ വരുന്നത്. വന്നിറങ്ങുന്നത് കൊറോണയും കൊണ്ടാണെങ്കിലോ..? അക്കാര്യത്തിൽ എന്താണ് സർക്കാരിന്റെ നയം എന്നത് ചർച്ച ചെയ്യാൻ വേണ്ടി, സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറർസ് അഥവാ SIAM കേന്ദ്ര ആരോഗ്യ വകുപ്പുമായി ബുധനാഴ്ച ഒരു ചർച്ച നടത്തിയിരുന്നു. അത് ഇങ്ങനെ സന്ദർശനങ്ങൾ നടക്കുമ്പോൾ സ്വീകരിക്കേണ്ടുന്ന മുൻകരുതലുകളെപ്പറ്റി യോഗം ചർച്ച ചെയ്‌തു.
40,000 ചതുരശ്ര അടി വിസ്താരത്തിൽ സജ്ജീകരിച്ചിരിക്കുന്ന ഈ എക്സ്പോയുടെ സ്റ്റാളുകളിൽ 20 ശതമാനവും വാടകയ്‌ക്കെടുത്തിരിക്കുന്നത് ചൈനീസ് കമ്പനികളാണ്. അതുകൊണ്ടുതന്നെ മേളയുടെ സാമ്പത്തിക വിജയത്തിനും ചൈനീസ് കമ്പനികളുടെ പ്രാതിനിധ്യം അനിവാര്യമാണ്. അവരെ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിയാൽ അതോടെ തന്നെ മേള വലിയ നഷ്ടത്തിൽ കലാശിക്കും. സാങ്കേതികമായ പല കാരണങ്ങളും ചൂണ്ടിക്കാണിച്ച് ഫോർഡ്, ഹോണ്ട, ഓഡി, ബിഎംഡബ്ള്യു തുടങ്ങിയ പല അന്താരാഷ്ട്ര ബ്രാൻഡുകളും മേളയിൽ നിന്ന് വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര പ്രതിനിധ്യത്തെ മുന്നിൽ നിന്ന് നയിക്കേണ്ടത് എംജി മോട്ടോഴ്‍സ്, ബിവൈഡി, സൈക്, ഗ്രേറ്റ് വാൾ, ഹൈമ തുടങ്ങിയ ചൈനീസ് കമ്പനികളാണ്.
അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഒക്കെ കാണും പോലെ തെർമൽ സ്ക്രീനിങ് ഏർപ്പെടുത്താനാണ് മേള സംഘാടകർ ആലോചിക്കുന്നത്. തങ്ങളുടെ മാനേജ്‌മെന്റ് ടീം കഴിഞ്ഞ മൂന്നുമാസമായി ഇന്ത്യയിൽ തന്നെയാണ് എന്നും അവർ ചൈനയിലേക്ക് അതിനിടെ പോയിട്ടില്ലാത്തതിനാൽ അവരിൽ നിന്ന് കൊറോണാവൈറസ് പടരുമെന്ന ആശങ്കവേണ്ട എന്നും അവർ പറഞ്ഞു. തങ്ങളുടെ സംഘത്തിലും ചൈനയിൽ നിന്ന് ആരുമില്ല എന്ന് എംജി മോട്ടോഴ്‍സും വ്യക്തമാക്കിയിട്ടുണ്ട്.
എന്തായാലും, ഇതിനകം തന്നെ കടുത്ത പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന വാഹന വിപണിയ്ക്കുമേൽ കൊറോണാവൈറസ് മറ്റൊരു അശനിപാതമായി വന്നുപതിക്കാതിരിക്കാൻ വേണ്ട മുൻകരുതലുകളാണ് ഇപ്പോൾ നിർമാതാക്കൾ സ്വീകരിക്കുന്നത്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.