മാരുതിയോട് ഏറ്റുമുട്ടാൻ ഒരു ചൈനീസ് കമ്പനി കൂടി ഇന്ത്യയിലേക്ക്

By Web DeskFirst Published Sep 22, 2017, 12:26 PM IST
Highlights

പ്രമുഖ ചൈനീസ് കാർ നിർമാതാക്കളായ ചെറി ഇന്റർനാഷനല്‍ ഇന്ത്യൻ വിപണിയിലേക്ക് വരുന്നതായി റിപ്പോര്‍ട്ടുകള്‍. ഫ്രാങ്ക്ഫർട് മോട്ടോർ ഷോയ്ക്കിടെയായിരുന്നു ചെറി ഇന്റർനാഷനൽ അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. പ്രൗഢ പാരമ്പര്യമുള്ള മഹത്തായ രാജ്യമാണ് ഇന്ത്യയെന്നായിരുന്നു ഫ്രാങ്ക്ഫുർട് മോട്ടോർ ഷോയ്ക്കിടെ ചെറി ഇന്റർനാഷനൽ ചെയർമാൻ യിൻ ടോങ്യോ പറഞ്ഞത്. ചൈനീസ് കാര്‍ നിര്‍മ്മാതാക്കളിൽ കയറ്റുമതിയിലെ ആദ്യ സ്ഥാനക്കാരാണ് ചെറി ഇന്‍റെര്‍നാഷണല്‍. ചൈനയിൽ നിന്നുള്ള ഷാങ്ഹായ് ഓട്ടമോട്ടീവിന്‍റെ ഇന്ത്യന്‍ വിപണി പ്രവേശം ഏതാണ്ട് ഉറപ്പായതിനിടയിലാണ് പുതിയ വാര്‍ത്തകള്‍ എന്നത് ശ്രദ്ധേയമാണ്. മാരുതി കൈയ്യാളുന്ന ഇന്ത്യന്‍ കാര്‍ വിപണിയില്‍ സമൂല വിപ്ലവമായിരിക്കും സംഗതി യാതാര്‍ത്ഥ്യമായാല്‍ സംഭവിക്കുക.

ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര കാർ ബ്രാൻഡുകളായ ജഗ്വാർ ലാൻഡ് റോവറി(ജെ എൽ ആർ)ന്റെ ചൈനീസ് പങ്കാളി കൂടിയാണു ചെറി. ഈ പ്രവർത്തന പരിചയത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ പ്രവേശനത്തിനായി ടാറ്റ മോട്ടോഴ്സിനെ കൂട്ടുപിടിക്കുന്നതടക്കമുള്ള സാധ്യതകളാണു ചൈനീസ് പൊതുമേഖല സംരംഭമായ ചെറി ഇന്റർനാഷനലിന്റെ പരിഗണനയിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ടാറ്റ ഗ്രൂപ്പുമായുള്ള പങ്കാളിത്തം പ്രയോജനപ്പെടുത്തി ഇന്ത്യൻ വിപണിയിലേക്കു പ്രവേശിക്കാനുള്ള സാധ്യത കമ്പനി തീർച്ചയായും പരിഗണിക്കുമെന്നും അതേസമയം പങ്കാളിയായി ടാറ്റ മോട്ടോഴ്സിനെ ലഭിച്ചില്ലെങ്കിലും ഇന്ത്യാ പ്രവേശനം സംബന്ധിച്ച് തീരുമാനമൊന്നുമെടുത്തിട്ടില്ലെന്നും യിൻ ടോങ്യോ വ്യക്തമാക്കി.

ആഭ്യന്തര വിപണിയിലെ വിൽപ്പന ഇടിഞ്ഞ സാഹചര്യത്തിൽ പ്രകടനം മെച്ചപ്പെടുത്താൻ ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ സാധ്യത പ്രയോജപ്പെടുത്തുകയാണു ചൈനീസ് നിർമാതാക്കൾക്കു മുന്നിലുള്ള പോംവഴി.  വിപണന സാധ്യതയേറിയ ഇന്ത്യയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാൻ ചൈനയിലെ പ്രമുഖ വാഹന നിർമാതാക്കളെല്ലാം ഏറെക്കാലമായി ചർച്ചകൾ നടത്തുന്നുണ്ട്. പക്ഷേ ഇന്ത്യയിൽ നിർമാണശാല സ്ഥാപിക്കാനോ വാഹന വിൽപ്പന തുടങ്ങാനോ ഇതു വരെ ആർക്കും കഴിഞ്ഞിട്ടില്ലെന്നു മാത്രം.

ഇതുവരെ ചൈനയിൽ നിന്നുള്ള ഷാങ്ഹായ് ഓട്ടമോട്ടീവും(സായ്ക്) ബിക്വി ഫോട്ടോണും മാത്രമാണ് ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുന്ന കാര്യം സ്ഥിരീകരിക്കുകയും തുടർനടപടി സ്വീകരിക്കുകയും ചെയ്തിട്ടുള്ളത്.  കേന്ദ്ര സര്‍ക്കാറിന്റെ മേക്ക് ഇന്‍ പദ്ധതിക്ക് ചുവടുപിടിച്ചാണ്‌ ചൈനീസ് വമ്പന്‍മാരായ എസ്.എ.ഐ.സി (ഷാന്‍ഹായ് ഓട്ടോമാറ്റീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍) ഇന്ത്യയില്‍ പ്ലാന്‍റ് സ്ഥാപിക്കുന്നത് ഗുജറാത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍നിര ബ്രിട്ടീഷ് സ്‌പോര്‍ട്‌സ് ബ്രാന്‍ഡായ മോറിസ് ഗാരേജിന്റെ (എം ജി) ഉടമകളാണ് ഷാന്‍ഹായ് ഓട്ടോമാറ്റീവ് ഇന്‍ഡസ്ട്രി കോര്‍പറേഷന്‍. ഇവരുടെ ഇന്ത്യന്‍ പ്രവേശനം സംബന്ധിച്ച അന്തിമ തീരുമാനം കഴിഞ്ഞ മാസമാണ് പ്രഖ്യാപിച്ചത്. ഈ വര്‍ഷം അവസാനത്തോടെ ആഭ്യന്തര വില്‍പ്പന അവസാനിപ്പിച്ച് അമേരിക്കയിലേക്ക് മടങ്ങുന്ന ജനറല്‍ മോട്ടോഴ്‌സിന്റെ ഹലോലിലെ നിര്‍മാണ കേന്ദ്രം ഏറ്റെടുത്താണ് ഐക്കണിക് മോറിസ് ഗാരേജസ് കാറുകളുമായി എസ്.എ.ഐ.സി ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുക.

ഏകദേശം 2000 കോടി രൂപയുടെ നിക്ഷേപം ഇതുവഴി രാജ്യത്തെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആയിരത്തോളം പേര്‍ക്ക് ഹലോല്‍ പ്ലാന്റില്‍ ജോലി നല്‍കുമെന്നും ധാരാണപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 2019-മുതല്‍ വര്‍ഷംതോറും 50,000-70,000 യൂണിറ്റുകള്‍ ഈ പ്ലാന്റില്‍ നിര്‍മിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.പെട്രോള്‍-ഡീസല്‍ കാറുകളുടെ അതിപ്രസരമുള്ള ഇന്ത്യന്‍ നിരത്തില്‍ ഇലക്ട്രിക് കാറുകളില്‍ കമ്പനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും സാധ്യതയുണ്ട്.

click me!