
രാജ്യത്തെ ബാങ്കുകളെ കബളിപ്പിച്ച് കോടികള്‍ തട്ടി വിദേശത്തേക്ക് കടന്ന വിവാദ മദ്യവ്യവസായിയാണ് വിജയ് മല്യ. മല്യയുടെ പേരിലുള്ള വസ്‍തുക്കള്‍ ഓരോന്നായി ലേലത്തില്‍ വച്ച് പണം ഈടാക്കാനുള്ള ശ്രമത്തിലാണ് ചില ബാങ്കുകള്‍. ഇങ്ങനെ നടന്ന ലേലത്തില്‍ മല്യയുടെ രണ്ട് ആഢംബര കാറുകള്‍ ഒരാള്‍ ലേലത്തില്‍ സ്വന്തമാക്കിയ വില കേട്ടാല്‍ ആരും ഞെട്ടും.
കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍ കര്‍ണാടകയിലെ ഹൂബ്ലി സ്വദേശി മല്യയുടെ രണ്ട് ആഢംബര കാറുകള്‍ വെറും 1,58,900 രൂപക്കാണ് സ്വന്തമാക്കിയത്. ഹൂബ്ലി മഞ്ചുനാഥ നഗറിലെ ഗോകുല്‍ റോഡില്‍ താമസിക്കുന്ന ഹനുമന്ത റെഡ്ഢിയാണ് ആ ഭാഗ്യവാന്‍.
ഓണ്‍ലൈനിലായിരുന്നു ലേലം. മല്യ ഉപയോഗിച്ചിരുന്ന13.15 ലക്ഷം രൂപ വിലയുള്ള ഹ്യുണ്ടായി സൊണാറ്റ കാര്‍ വെറും 40,000 രൂപക്കാണ് ഹനുമന്ത റെഡ്ഢി സ്വന്തമാക്കിയത്. 21 ലക്ഷത്തില്‍ അധികം വില വരുന്ന ഹോണ്ട അക്കോര്‍ഡ് കാര്‍ സ്വന്തമാക്കാന്‍ റെഡ്ഢിക്ക് ചെലവായതാകട്ടെ വെറും 1 ലക്ഷം രൂപയും. നികുതി ഉള്‍പ്പടെ വെറും 1,58,900 രൂപ അടച്ച റെഡ്ഢി ഇരുവാഹനങ്ങളും വീട്ടിലെത്തിച്ചു.
ഹ്യുണ്ടായി സൊണാറ്റ 2000 മോഡലും ഹോണ്ട അക്കോര്‍ഡ് 2003 മോഡലുമാണ്. ഇരുവാഹനങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവക്കുന്നതെന്നാണ് റെഡ്ഢി പറയുന്നു. മികച്ച വില ലഭിച്ചാല്‍ ഈ വാഹനങ്ങള്‍ മറിച്ചു വില്‍ക്കാനാണ് റെഡ്ഢിയുടെ തീരുമാനം. വിജയ് മല്യയുടെ ആകെ 52 കാറുകളാണ് ലേലം ചെയ്യുന്നത്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Electric Vehicles, Newly launched cars in india, Bike Reviews in Malayalam , Car Reviews in Malayalam , തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.