റോഡിനു കുറുകേ ഇനി വടമോ കയറോ കെട്ടരുത്; പൊലീസിനോട് ഡിജിപി

By Web TeamFirst Published Oct 13, 2018, 9:37 AM IST
Highlights

യാതൊരു കാരണവശാലും ഗതാഗത നിയന്ത്രണത്തിന് റോഡിനു കുറുകെ കയറോ വടമോ വലിച്ചുകെട്ടരുതെന്നു പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ

തിരുവനന്തപുരം: യാതൊരു കാരണവശാലും ഗതാഗത നിയന്ത്രണത്തിന് റോഡിനു കുറുകെ കയറോ വടമോ വലിച്ചുകെട്ടരുതെന്നു പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ നിർദേശത്തെ തുടര്‍ന്നാണ് ഡിജിപിയുടെ ഉത്തരവ്.

ഗതാഗതം നിയന്ത്രിക്കുന്നതിന് കയറും വടവും അശാസ്ത്രീയമായി ഉപയോഗിക്കുന്നത് അപകടം വരുത്തുന്നതായി കാണിച്ച് മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡിജിപി പുതിയ നിര്‍ദേശം നല്‍കിയത്.

ഗതാഗതം വഴിതിരിച്ചുവിടാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന് വളരെ മുന്‍പേ അക്കാര്യം നിര്‍ദേശിച്ചുള്ള ബോര്‍ഡ് സ്ഥാപിക്കണം. സ്ഥലത്ത് ആവശ്യത്തിനു പൊലീസുകാരെയും നിയോഗിക്കണം. ഗതാഗതം നിയന്ത്രിക്കുന്നതിന് സ്ഥാപിക്കുന്ന ബാരിക്കേഡുകളും അതിലെ റിഫ്‌ലക്റ്ററുകളും ഡ്രൈവര്‍മാര്‍ക്ക് വളരെ ദൂരത്തു നിന്നു തന്നെ കാണാവുന്ന വിധത്തിലായിരിക്കണമെന്നും ഡിജിപി നിര്‍ദേശിച്ചു.

ഇത്തരത്തിലുള്ള അപകടങ്ങള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന്‍റെ ഉത്തരവ്. പ്രളയ കാലത്ത് പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടു തലസ്ഥാന നഗരിയില്‍ പൊലീസ് റോഡിനു കുറുകെ വലിച്ചു കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികനായ യുവാവ് തൽക്ഷണം മരിച്ചിരുന്നു.  നന്തൻകോട് നളന്ദ റോഡിലെ റോബിൻസൺ ഡേവിഡിന്റെ മകൻ റെനി റോബിൻസന്‍ (21) ആണ് മരിച്ചത്.  കഴുത്തു പകുതിയിലേറെ മുറി‌‌‌‌‌‌‌‌‌‌ഞ്ഞു പോയ നിലയിലായിരുന്നു മൃതദേഹം. 

വാഹനങ്ങൾ കടന്നു പോകാതിരിക്കാന്‍ പൊലീസ് റോഡിനു കുറുകെ വലിച്ചു കെട്ടിയ കയർ  കാണാതെ ബൈക്കിലെത്തിയയ യുവാവ് കഴുത്തില്‍ കയര്‍ കുരുങ്ങി വീഴുകയായിരുന്നു. കഴുത്തു പകുതിയിലേറെ മുറി‌‌‌‌‌‌‌‌‌‌ഞ്ഞു മാറിയ നിലയില്‍ പൊലീസ് യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു. 

click me!