
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സുകളുടെ രൂപവും ഭാവവും മാറുന്നു. ഇന്ത്യയൊട്ടാകെ ഏകീകൃത ലൈസന്‍സ് കൊണ്ടുവരുന്നതിന്‍റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച സാരഥി പദ്ധതി കേരളത്തില്‍ അടുത്തയാഴ്ച മുതല്‍ നടപ്പിലാകും.
അടുത്തയാഴ്ച മുതല്‍ കേരളത്തില്‍ സാരഥി മോഡലിലുള്ള ഡ്രൈവിംഗ് ലൈസന്‍സുകള്‍ ലഭ്യമായിത്തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം ജില്ലയിലെ കുടപ്പനക്കുന്ന്, കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ,ആലപ്പുഴ എന്നീ ആര്‍ടി ഓഫീസ് പരിധിയില്‍ പെടുന്നവര്‍ക്കാണ് അടിമുടി മാറിയ ഡ്രൈവിംഗ് ലൈസന്‍സ് ആദ്യം ലഭിക്കുക. വൈകാതെ തന്നെ മറ്റിടങ്ങളിലും ഇത് ലഭ്യമായി തുടങ്ങും.
മുഖ്യമായും ആറ് മാറ്റങ്ങളോടെയാണ് പുതിയ ഡ്രൈവിംഗ് ലൈസന്‍സ് അവതരിപ്പിക്കുന്നത്. ക്യൂ .ആര്‍ കോഡ്, സര്‍ക്കാര്‍ ഹോളോഗ്രാം,മൈക്രോലൈന്‍,മൈക്രോ ടെക്‌സ്റ്റ്,യുവി എംബ്ലം, ഗൈല്ലോച്ച പാറ്റേണ്‍ എന്നിങ്ങനെ ആറു സുരക്ഷാ സംവിധാനങ്ങള്‍ കാര്‍ഡില്‍ ഉണ്ടാകും. കൂടാതെ വ്യക്തിയെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും കാര്‍ഡിലുണ്ടാവും.
ഇളം മഞ്ഞ ,പച്ച, വയലറ്റ് നിറങ്ങള്‍ കൂടിച്ചേര്‍ന്ന നിറത്തിലുള്ള രൂപ കല്‍പ്പനയാണ് മറ്റൊരു പ്രത്യേകത. സംസ്ഥാനസര്‍ക്കാറിന്റെ മുദ്ര, ഹോളോഗ്രാം, വ്യക്തിയുടെ ചിത്രം, രക്തഗ്രൂപ്പ് എന്നിവ മുന്‍വശത്ത് കാണത്തക്ക രീതിയിലാണ് പുതിയ കാര്‍ഡിന്റെ രൂപകല്പന.
പിറകുവശത്താണ് ക്യു.ആര്‍ കോഡ്. ഇത് സ്‌കാന്‍ ചെയ്താല്‍ ലൈസന്‍സ് ഉടമയെ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാകും. മാത്രമല്ല, ലൈസന്‍സ് നമ്പര്‍, മോട്ടോര്‍ വാഹനവകുപ്പിന്റെ മുദ്ര എന്നിവയും കാര്‍ഡിന്റെ ഇരുവശങ്ങളിലും ഉണ്ടാകും. കോഴിക്കോട് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് കാര്‍ഡിന്റെ ഡിസൈന്‍ പൈലറ്റ് പ്രൊജക്ടായി ചെയ്തിരിക്കുന്നത്.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.