ഡ്രൈവിംഗിനിടയിലെ മൊബൈല്‍ ഫോണ്‍; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

Published : Jul 31, 2017, 09:49 PM ISTUpdated : Oct 05, 2018, 03:13 AM IST
ഡ്രൈവിംഗിനിടയിലെ മൊബൈല്‍ ഫോണ്‍; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

Synopsis

ഇന്ത്യന്‍ നിരത്തുകളില്‍ ഡ്രൈവിംഗിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെക്കുറിച്ച് പുറത്തു വന്നിരിക്കുന്നത് അമ്പരപ്പിക്കുന്ന കണക്കുകളും വിവരങ്ങളും. സേഫ് ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി സാംസങ് നടത്തിയ സർവ്വേയിലാണ് അമ്പരപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

ബൈക്ക് യാത്രികരിൽ 60 ശതമാനത്തിലധികവും വാഹനം ഓടിക്കുമ്പോൾ മൊബൈൽഫോൺ ഉപയോഗിക്കുന്നവരെന്നും മൂന്നിലൊന്ന് എന്ന കണക്കിന്  കാർ ഡ്രൈവർമാരും യാത്രയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണെന്നുമാണ് സർവ്വേ റിപ്പോർട്ട്. കാൽനടയാത്രക്കാരിൽ 14 ശതമാനം പേർ റോഡിലൂടെ നടക്കുമ്പോൾ സെൽഫി എടുക്കുന്നവരാണെന്നും സർവ്വേഫലം പറയുന്നു.

അത്യാവശ്യമെന്ന് തോന്നിയാൽ മെസേജ് അയയ്ക്കുമെന്നാണ് ചില ഡ്രൈവര്‍മാര്‍ അഭിപ്രായപ്പെടുന്നത്. കാൽനടയാത്രക്കാരിൽ 64 ശതമാനവും റോഡ് മുറിച്ചുകടക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാറുണ്ടെന്ന് പ്രതികരിച്ചു. 18 ശതമാനം  പറഞ്ഞത് ഔദ്യോഗിക ആവശ്യങ്ങൾക്കായി മേലുദ്യോഗസ്ഥർ വിളിച്ചാൽ ഫോണെടുത്ത് മറുപടി നൽകുമെന്നാണ്.

11 ശതമാനം ബൈക്ക് യാത്രക്കാർ യാത്രയിലുടനീളം മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണ്. 30 ശതമാനം ആളുകൾ വീട്ടിൽ നിന്നുള്ള ഫോൺവിളികൾക്ക് ബൈക്ക് ഓടിക്കുന്നതിനിടയിലും മറുപടി നൽകുന്നവരാണ്. 18 ശതമാനം പേരാവട്ടെ ജോലിസംബന്ധമായി വരുന്ന ഫോൺവിളികൾ ബൈക്കോടിക്കുന്നതിനിടയിലും ഒഴിവാക്കാറില്ല. 23 ശതമാനം ബൈക്ക് യാത്രികരും സോഷ്യൽ മീഡിയ മെസേജുകൾ വായിക്കാനും യാത്രയ്ക്കിടയിൽ സമയം കണ്ടെത്തുന്നവരാണ് എന്ന ഞെട്ടിക്കുന്ന കണക്കും സർവ്വേഫലം മുന്നോട്ട് വയ്ക്കുന്നു.

സർവ്വേയോട് പ്രതികരിച്ചവരിൽ 80 ശതമാനവും കൂടുതൽ ആശങ്കപ്പെടുന്നത് ഫോൺ വിളിച്ചുകൊണ്ട് റോഡ് മുറിച്ചുകടക്കുന്ന കുട്ടികളുടെ കാര്യം ഓർത്താണ്. 68 ശതമാനം പേർ പറഞ്ഞത് ഡ്രൈവിംഗിനിടയിലും ഫോൺ ഉപയോഗിക്കുന്ന ട്രക്ക്, ബസ് ഡ്രൈവർമാരുടെ കാര്യമോർത്താണ് പേടിയെന്നാണ്.

ലോകത്ത് ഏറ്റവുമധികം റോഡപകടങ്ങൾ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. രാജ്യത്ത് നാലു മിനിറ്റിൽ ഒരു റോഡപകടം നടക്കുന്നുണ്ടെന്നാണ് കണക്ക്. പ്രതിവർഷം 1.5 ലക്ഷം റോഡപകടങ്ങൾ ഇന്ത്യയിൽ ഉണ്ടാകുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. സെൽഫി എടുക്കുന്നതിനിടെ ഏറ്റവും അധികം പേർ അപകടത്തിൽ പെടുന്നതും ഇന്ത്യയിലാണ്. ഈ സാഹചര്യത്തിലാണ് മൊബൈൽ ഫോണിന്റെ അനാവശ്യ ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെ സേഫ് ഇന്ത്യ ക്യാമ്പയിന് കേന്ദ്രസർക്കാർ രൂപം നൽകിയത്.

സേഫ് ഇന്ത്യാ ക്യാമ്പയിൻ വിജയമാക്കാൻ പൊതുജനങ്ങളും മൊബൈൽ കമ്പനികളും സഹകരിക്കണമെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്കരി ആവശ്യപ്പെട്ടു. പദ്ധതിയുടെ ഭാഗമായി സാംസങ് മുന്നോട്ട് വന്നത് അഭിനന്ദനാർഹമെന്നും ഗഡ്‍കരി പറഞ്ഞു.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ബിജിഎംഐ യുദ്ധക്കളത്തിൽ ഇനി റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ ഇരമ്പും
ഡിസംബറിലെ ഏറ്റവും മികച്ച വിൽപ്പന രേഖപ്പെടുത്തി കിയ ഇന്ത്യ