തിരുവനന്തപുരത്തു നിന്നും കാസര്‍കോടെത്താന്‍ വെറും നാല് മണിക്കൂര്‍!

By Web DeskFirst Published Apr 1, 2018, 10:09 AM IST
Highlights
  • തിരുവനന്തപുരം മുതൽ കാസർകോട് വരെ
  • വളവുകളില്ലാത്ത അതിവേഗ റെയിൽ പാത വരുന്നു

തിരുവനന്തപുരം: തിരുവനന്തപുരം മുതൽ കാസർകോട് വരെ കേവലം നാല് മണിക്കൂറു കൊണ്ട് മറികടക്കാന്‍ സാധിക്കുന്ന വളവുകളില്ലാത്ത അതിവേഗ റെയിൽ പാത വരുന്നതായി റിപ്പോര്‍ട്ട്.  510 കിലോമീറ്റർ അതിവേഗ ഇരട്ട റെയിൽ പാതയാണ് സ്ഥാപിക്കുന്നത്. പദ്ധതി 60 മാസം കൊണ്ട് പൂർത്തിയാക്കാൻ സർക്കാർ ശ്രമം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.

ഈ പാതയിലൂടെ 180 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ ഓടിക്കാൻ കഴിയും. നെടുമ്പാശേരി വിമാനത്താവളം, മലപ്പുറം ജില്ലയുടെ കൂടുതൽ പ്രദേശങ്ങൾ തുടങ്ങിയവ ഉള്‍പ്പെടുത്തുന്ന പാതയിൽ ഇരട്ടപ്പാതയ്ക്ക് റെയിൽവേയും കേന്ദ്രസർക്കാരും പച്ചക്കൊടി വീശിക്കഴിഞ്ഞെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവിലെ പാതയ്ക്ക് സമാന്തരമായി റെയിൽവേയുടെ ഭൂമിയിലല്ല പുതിയ പാത വരുന്നത്. പത്ത് ജില്ലകളിൽ 3000 ഏക്കർ ഭൂമി ഏറ്റെടുക്കണം. ഇതിനുള്ള രൂപരേഖ ഉടൻ തയ്യാറാക്കും. പദ്ധതി രേഖ (ഡി.പി.ആർ) തയ്യാറാക്കാൻ കൺസൾട്ടന്റിനെ ഉടൻ നിയമിക്കും. ഇതിന് 100 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ആറു മാസത്തിനകം ഡി.പി.ആർ സമർപ്പിക്കും.

നിലവില്‍ തിരുവനന്തപുരം മുതൽ കാസർകോടു വരെ 575 കിലോമീറ്ററിനിടെ 620 വളവുകളുണ്ട്. പതിനാലോളം മണിക്കൂറെടുത്താണ് ട്രെയിനുകള്‍ നിലവില്‍ കാസര്‍കോടെത്തുന്നത്. പുതിയ പാതയിൽ ഒഴിവാക്കാനാവാത്ത വളവുകൾ രണ്ടു കിലോമീറ്റർ വിസ്തൃതിയിലാക്കി വേഗനിയന്ത്രണം ഒഴിവാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

click me!