വ്യാജരജിസ്ട്രേഷന്‍; സുരേഷ് ഗോപി കുടുങ്ങുന്നത് ഇങ്ങനെ

Published : Dec 02, 2017, 08:59 AM ISTUpdated : Oct 05, 2018, 04:03 AM IST
വ്യാജരജിസ്ട്രേഷന്‍; സുരേഷ് ഗോപി കുടുങ്ങുന്നത് ഇങ്ങനെ

Synopsis

തിരുവനന്തപുരം: വാഹന നികുതിവെട്ടിക്കാന്‍ വ്യാജ രേഖ ചമച്ചതിന് രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത് വാഹനലോകത്തും രാഷ്ട്രീയ രംഗത്തും ഒരു പോലെ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. 75 ലക്ഷത്തോളം വിലയുള്ള ഓഡി ക്യൂ 7ന്‍ സുരേഷ് ഗോപി വ്യാജ വിലാസത്തില്‍ പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിനാണ് കേസ്. അമിത വേഗത്തില്‍ വണ്ടിയോടിച്ചതിന് പിഴയടച്ചില്ലെന്ന കുറ്റവും സുരേഷ് ഗോപിക്കെതിരെയുണ്ട്.  വ്യാജ വിലാസമുണ്ടാക്കി പോണ്ടിച്ചേരിയില്‍ കാര്‍ രജിസ്റ്റ്‍ ചെയ്തതിന്‍റെ രേഖകള്‍ നേരത്തെ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.

എല്‍ഡിഎഫ് നടത്തിയ ജനജാഗ്രതാ യാത്രയുടെ ഭാഗമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ആഢംബര കാര്‍ യാത്ര വിവാദമായിരുന്നു. ഇതോടെയാണ് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്‍ത് ലക്ഷങ്ങള്‍ നികുതി വെട്ടിച്ച് കേരളത്തിലോടുന്ന വാഹനങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ തുടര്‍ച്ചയായി പുറത്തുവന്നത്. ചലച്ചിത്ര താരങ്ങളായ അമല പോളിനും ഫഹദ് ഫാസിലിനും നടൻ സുരേഷ് ഗോപിക്കും നേരത്തെ കൈംബ്രാഞ്ച് നോട്ടിസ് അയച്ചിരുന്നു.  പോണ്ടിച്ചേരിയിൽ താമസിക്കുന്നതായി രേഖ ഉണ്ടാക്കാനായി ഇൻഷുറൻസ് പോളിസി, വ്യാജ വാടക കരാർ എന്നിവ ഉണ്ടാക്കിയതായി പ്രാഥമികാന്വേഷണത്തിൽ ക്രൈംബ്രാഞ്ച് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.

ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് കേസ് രജിസ്റ്റർ ചെയ്തത്. ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേക്ഷണം. 40 ലക്ഷത്തോളം രൂപ സംസ്ഥാനത്തിന് നഷ്ടമായി എന്നാണ് ക്രൈംബ്രാഞ്ച് കണക്കാക്കുന്നത്. ഇത്തരത്തില്‍ കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു രാജ്യസഭാ എംപിക്കെതിരെ നികുതിവെട്ടിപ്പിന് കേസെടുക്കുന്നത്. വ്യാജ വിലാസമുണ്ടാക്കി പോണ്ടിച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.

സുരേഷ് ഗോപി മോട്ടോര്‍ വാഹനവകുപ്പിന് രേഖകള്‍ നല്‍കിയിരുന്നെങ്കിലും ഇത് തൃപ്തികരമല്ലെന്ന് അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എംപിയായതിന് ശേഷവും മുമ്പുമായി രണ്ട് വാഹനങ്ങളാണ് സുരേഷ് ഗോപി പുതുച്ചേരിയില്‍ രജിസ്‌ട്രേഷന്‍ നടത്തിയത്. പുതുച്ചേരിയിലെ എല്ലൈപിള്ളചാവടി എന്ന സ്ഥലത്ത് കാര്‍ത്തിക് അപ്പാര്‍ട്ട്‌മെന്റ്- 3 സി.എ എന്ന വിലാസത്തിലാണ് സുരേഷ്‌ഗോപി രജ്സ്റ്റര്‍ ചെയ്തത്.


20 ലക്ഷം രൂപക്ക് മുകളില്‍ വിലയുള്ള ആഢംബര കാറുകള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ നിയമപ്രകാരം 20 ശതമാനത്തോളം നികുതി അടക്കേണ്ടി വരും. ഇതൊഴിവാക്കാനാണ് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. 20 ലക്ഷം രൂപയ്ക്ക് മുകളില്‍ വിലയുള്ള ഏത് കാറിനും 55,000 രൂപയാണ് പോണ്ടിച്ചേരിയില്‍ ഫ്ളാറ്റ് ടാക്സ്. മിക്ക ആംഢംബര കാറുകളും രജിസ്റ്റര്‍ ചെയ്യുവാന്‍ കേരളത്തില്‍ 14-15 ലക്ഷം രൂപ വരെ നികുതിയിനത്തില്‍ നല്‍കേണ്ടി വരുമ്പോള്‍  പുതുച്ചേരിയില്‍ ഏകദേശം ഒന്നരലക്ഷം രൂപ നല്‍കിയാല്‍ മതിയാകും.

ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ഒരാള്‍ക്ക് രാജ്യത്ത് എവിടെ വേണമെങ്കിലും വാഹനം രജിസ്റ്റര്‍ ചെയ്യാം. അവിടെ സ്ഥിര താമസക്കാരനാണെന്നു തെളിയിക്കുന്ന വ്യക്തമായ വിലാസവും രേഖകളും വേണമെന്നു മാത്രം. എന്നാല്‍ കേരളത്തിനു പുറത്തുള്ള വാഹനങ്ങള്‍ ഇവിടെ സ്ഥിരമായി ഓടിക്കണമെങ്കില്‍ ഇവിടുത്തെ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിയമം. ഇത്തരം നികുതി വെട്ടിപ്പുകള്‍ പതിവായതോടെയാണ് ഈ നിയമം കര്‍ശനമാക്കിയത്. എന്നാല്‍ കോടിയേരി സഞ്ചരിച്ച കാര്‍ ഉള്‍പ്പെടെയുള്ളവ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം സ്ഥിരമായി കേരളത്തില്‍ ഉപയോഗിക്കുന്നുവെന്നതാണ് ശ്രദ്ധേയം.

മാത്രമല്ല പോണ്ടിച്ചേരിയില്‍ താമസിക്കുന്ന ആളുടെ പേരില്‍ മാത്രമേ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ എന്നാണ് നിയമം എന്നിരിക്കെ വ്യാജമേല്‍വിലാസം ഉപയോഗിച്ച് വാഹനം രജിസ്റ്റര്‍ ചെയ്‍ത താരങ്ങള്‍ ചെയ്‍തത് ക്രിമിനല്‍ കുറ്റമാണ്. അമലാ പോളിന്റെ ബെന്‍സ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അമല പോളിനെ നേരിട്ട് അറിയുക പോലും ചെയ്യാത്ത എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയുടെ വിലാസത്തിലാണെന്നാണ് ആരോപണം. ഫഹദ് ഫാസിലിന്‍റെ ബെന്‍സ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പേരിലുള്ള കുടുംബത്തിനും ഫഹദിനെ അറിയില്ലെന്നും ആരോപണമുണ്ട്. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വ്യാജ രജിസ്‌ട്രേഷന്‍ എന്നതാണ് സംഭവത്തിന്‍റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത്.

അതേസമയം ഫഹദ് ഫാസിൽ നികുതി അടച്ച് വിവാദത്തില്‍ നിന്നും തലയൂരിയിരുന്നു. തന്‍റെ P Y 05 9899 റജിസ്ട്രേഷനുള്ള ബെൻസ് കാറിന്റെ നികുതി ഇനത്തില്‍ 17.68 ലക്ഷം രൂപ ആലപ്പുഴ ആർടി ഓഫീസില്‍ ഫഹദ് ഫാസിൽ അടച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫഹദിന്റെ ബെൻസ് ഇ 63 എഎംജിക്ക് ഏകദേശം 93 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

കഴിഞ്ഞ വര്‍ഷമാണ് സുരേഷ് ഗോപിക്കെതിരെ ആദ്യം സമാന ആരോപണം ഉയരുന്നത്. 75 ലക്ഷത്തോളം വിലയുള്ള ഓഡി ക്യൂ 7നാണ് സുരേഷ് ഗോപി പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ തനിക്ക് പോണ്ടിച്ചേരിയില്‍ അഡ്രസുണ്ടെന്നും അതിനാല്‍ കുഴപ്പമില്ലെന്നും എംഎല്‍എയായ മുകേഷിന്റെ വണ്ടി രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നതു പോണ്ടിച്ചേരിയിലാണെന്നുമായിരുന്നു അന്ന് സുരേഷ് ഗോപിയുടെ പ്രതികരണം.

അതേ സമയം ആഢംബര കാറുകൾ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തു നികുതിവെട്ടിപ്പു നടത്താൻ സൗകര്യം ഒരുക്കുന്ന വന്‍ റാക്കറ്റ് തന്നെ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം.

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

ലഗേജ് ഇനി തലവേദനയല്ല; ഇതാ വലിയ ബൂട്ട് സ്പേസുള്ള വില കുറഞ്ഞ കാറുകൾ
ടാറ്റയുടെ പടയൊരുക്കം: വരുന്നത് പുതിയ പഞ്ച് ഉൾപ്പെടെ നാല് അതിശയിപ്പിക്കും എസ്‌യുവികൾ