ജീപ് കോംപസുകളെ ഇന്ത്യയില്‍ തിരികെ വിളിക്കുന്നു!

By Web DeskFirst Published Nov 24, 2017, 6:53 PM IST
Highlights

നിരത്തിലിറങ്ങി ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറെ ഹിറ്റായി മാറിയ വാഹനമാണ് ജീപ്പ് കോംപസ്. ക്രാഷ് ടെസ്റ്റില്‍ ഉള്‍പ്പെട കിടിലന്‍ പ്രകടനം കാഴ്ച വച്ച കോംപസ് വില്‍പ്പനയിലും ചരിത്രം സൃഷ്‍ടിച്ചരുന്നു. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍ അത്ര സുഖകരമല്ല. ഇന്ത്യന്‍ നിര്‍മ്മിത ജീപ് കോംപസ് എസ്‌യുവികളെ കമ്പനി തിരിച്ചു വിളിക്കുന്നതാണ് പുതിയവാര്‍ത്ത.  എയര്‍ബാഗ് പ്രശ്‌നം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബൈല്‍സ് രാജ്യത്തെ കോംപസുകളെ തിരികെ വിളിച്ചിരിക്കുന്നത്.

സെപ്തംബര്‍ 5 നും നവംബര്‍ 19 നും ഇടയില്‍ വിപണിയില്‍ എത്തിയ 1,200 കോംപസ് എസ്‌യുവികളിലാണ് എയര്‍ബാഗ് പ്രശ്‌നം. കോംപസിന്‍റെ പാസഞ്ചര്‍ സൈഡ് എയര്‍ബാഗിലാണ് പ്രശ്‌നസാധ്യത കണ്ടെത്തിയത്. എയര്‍ബാഗ് അസംബ്ലിങ്ങ് ചെയ്തതിലെ പാകപ്പിഴവാണ് പ്രശ്‌നകാരണം. 2017 നവംബര്‍ 22 ന് ഫിയറ്റ് ക്രൈസ്‌ലര്‍ പ്രഖ്യാപിച്ച രാജ്യാന്തര തിരിച്ച് വിളിക്കല്‍ നടപടിയുടെ ഭാഗമായാണ് ഇന്ത്യയിലും തിരിച്ച് വിളിക്കുന്നത്. അമേരിക്കന്‍ വിപണിയില്‍ നിന്നും 7,000 ജീപ് കോംപസുകളെയും കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും 1,000 ജീപ് കോംപസുകളെയും കമ്പനി ഇതിനകം തിരികെ വിളിച്ചു കഴിഞ്ഞു.

എയര്‍ബാഗിനുള്ളിലേക്ക് കടന്നു കയറിയ ഫാസ്റ്റനറുകള്‍ (ബന്ധിപ്പിക്കുന്ന ഘടകം) അടിയന്തര സാഹചര്യത്തില്‍ യാത്രാക്കാരില്‍ പരുക്കേല്‍പിക്കാന്‍ സാധ്യതയുള്ളതിനാലാണ് കമ്പനിയുടെ പുതിയ നടപടി. എന്നാല്‍ ഇതുവരെ ഇത്തരം അപകടങ്ങള്‍ സംഭവിച്ചതായോ യാത്രക്കാര്‍ക്ക് പരുക്കേറ്റതായോ റിപ്പോര്‍ട്ടി ചെയ്തിട്ടില്ലെന്ന് ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബൈല്‍സ് വ്യക്തമാക്കി.

അതേസമയം  പ്രശ്‌നം പരിഹരിക്കപ്പെടുന്നത് വരെ മുന്‍ പാസഞ്ചര്‍ സീറ്റ് ഉപയോഗിക്കരുതെന്ന് കമ്പനി ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇന്ത്യയില്‍ പ്രശ്‌നസാധ്യതയുള്ള കോംപസുകളെ തിരികെ വിളിക്കാനുളള നടപടികള്‍ ഫിയറ്റ് ക്രൈസ്‌ലര്‍ ഓട്ടോമൊബൈല്‍സ് ആരംഭിച്ച് കഴിഞ്ഞു. പ്രശ്‌നസാധ്യതയുള്ള ഉപഭോക്താക്കളെ അതത് ഡീലര്‍ഷിപ്പുകള്‍ ഉടന്‍ ബന്ധപ്പെടും. തികച്ചും സൗജന്യമായി എയര്‍ബാഗ് പ്രശ്‌നം പരിഹരിച്ച് നല്‍കുമെന്നും കമ്പനി അറിയിച്ചു.

സാധാരണയായി തിരികെ വിളിക്കല്‍ നടപടികള്‍ നിര്‍മ്മാതാക്കളുടെ പ്രതിച്ഛായയെ ബാധിക്കാറുണ്ടെങ്കിലും ഉപഭോക്താക്കളുടെ സുരക്ഷയെ മുന്‍നിര്‍ത്തി ഇത്തരമൊരു നടപടിക്കു തയാറായ എഫ്‍സിഎയുടെ നടപടിയെ അഭിനന്ദിക്കുകയാണ് വാഹനലോകത്തെ പലരും.

ഏറ്റവും വില കുറഞ്ഞ ജീപ്പ് മോഡലെന്ന പ്രത്യേകതയോടെ 2017 ജൂലൈ 31നാണ് കോംപസ് ഇന്ത്യയിലെത്തിയത്. 14.95 ലക്ഷം രൂപയാണ് ബേസ് മോഡല്‍ കോംപാസിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. ടോപ് സ്‌പെക്കിന് 20.65 ലക്ഷം രൂപയും. പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് കോംപസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. വില ഇത്രയധികം കുറയാന്‍ കാരണം ഇതാണ്. നേരത്തെ ഗ്രാന്റ് ചെറോക്കി, റാങ്ക്ളര്‍ മോഡലുകളുമായി 2016 ആഗസ്റ്റിലാണ് ജീപ്പ് ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പക്ഷേ ഇവയുടെ തൊട്ടാല്‍ പൊള്ളുന്ന വില ജീപ്പിനും വാഹനപ്രേമികള്‍ക്കും ഒരുപോലെ തിരിച്ചടിയായിരുന്നു. ഗ്രാൻഡ് ചെറോക്കീക്ക് ഒരു കോടിയോളം രൂപയും റാംഗ്ലറിന് 50 ലക്ഷത്തോളവും വിലവരും. അതിനാൽ തന്നെ ജീപ് ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ വാഹനമെന്ന പെരുമയോടെയെത്തുന്ന കോംപസിനെ വാഹനപ്രേമികള്‍ നെഞ്ചേറ്റുന്നു.

2007 ലാണ് ആദ്യ കോംപസ് പുറത്തുവന്നത്. ബെൻസിന്റെ ജിഎസ് പ്ലാറ്റ്‌ഫോമിലാണ് കോംപസ് ജനിച്ചത്. 2011ൽ ഒരു ഫേസ്‌ലിഫ്റ്റ് ചെയ്ത മോഡൽ കൂടി വന്നു. 2017ലാണ് ഇപ്പോൾ കാണുന്ന രണ്ടാം തലമുറയിൽപ്പെട്ട കോംപസിന്റെ ജനനം. ബ്രസീലിലാണ് ആദ്യമായി വിപണിയിലെത്തിയത്. ചൈന, മെക്‌സിക്കോ എന്നിവിടങ്ങളിലും കോംപസ് നിർമ്മിച്ചു തുടങ്ങിയിട്ടുണ്ട്.

2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 3750 ആര്‍പിഎമ്മില്‍ 173 ബിഎച്ച്പി പവറും 1750-2500 ആര്‍പിഎമ്മില്‍ 350 എന്‍എം ടോര്‍ക്കുമേകും എന്‍ജിന്‍. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍ ചുമതല നിര്‍വഹിക്കുക. 17.1 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. എബിഎസ്, എയര്‍ബാഗ്, ഇലക്ട്രോണിക് പാര്‍ക്കിങ് ബ്രേക്ക്, ടിസിഎസ് തുടങ്ങി ഇരുപതോളം സുരക്ഷാസന്നാഹങ്ങളും വാഹനത്തിനുണ്ട്.

click me!