
പുതിയ ട്രൈബർ എംപിവിയെ ഇന്ത്യയിൽ അവതരിപ്പിച്ച് ഫ്രഞ്ച് വാഹന ബ്രൻഡായ റെനോ ഇന്ത്യ. 6.10 ലക്ഷം രൂപ മുതൽ 8.75 ലക്ഷം രൂപ വരെയുള്ള വില പരിധിയിലാണ് 2025 റെനോ ട്രൈബർ ഇന്ത്യയിൽ പുറത്തിറക്കിയിരിക്കുന്നത്. എൻട്രി ലെവൽ RXE, RXT വേരിയന്റുകൾക്ക് 10,000 രൂപയുടെ വില വർധനവുണ്ടായി. അതേസമയം RXL വേരിയന്റിന് 20,000 രൂപയുടെ വില വർധനവുണ്ടായി. RXT AMT വേരിയന്റ് പുതുക്കിയ മോഡൽ നിരയിൽ നിന്ന് ഒഴിവാക്കി. ഉയർന്ന RXZ, RXZ AMT വേരിയന്റുകളുടെ വിലയിൽ മാറ്റമില്ല.
ആർഎക്സ്ഇ- 6.10 ലക്ഷം രൂപ, ആർഎക്സ്എൽ-7 ലക്ഷം രൂപ, ആർഎക്സ്ടി-7.71 ലക്ഷം രൂപ, ആർഎക്സ്ഇസഡ്-8.23 ലക്ഷം രൂപ, ആർഎക്സ്ഇസഡ് എഎംടി 8.75 ലക്ഷം രൂപ എന്നിങ്ങനെയാണ് പുതിയ കാറിന്‍റെ വേരിയന്‍റ് തിരിച്ചുള്ള എക്സ് ഷോറൂം വിലകൾ. 10,000 രൂപയുടെ വില വർധനവോടെ, എൻട്രി-ലെവൽ RXE ട്രിം സെൻട്രൽ ലോക്കിംഗ് സിസ്റ്റം, നാല് പവർ വിൻഡോകൾ എന്നിങ്ങനെ രണ്ട് അധിക സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു. നേരത്തെ, മിഡ്-ലെവൽ RXT ട്രിം മുതൽ മാത്ഈരമായിരുന്നു സവിശേഷതകൾ ലഭ്യമായിരുന്നത്. 20,000 രൂപയുടെ വില വർധനവ് ലഭിച്ച RXL വേരിയന്റിൽ ഇപ്പോൾ റിയർ സ്പീക്കറുകൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ പിന്തുണയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ എന്നിവ ലഭ്യമാണ്. ഉയർന്ന RXZ ട്രിം ഇപ്പോൾ 15 ഇഞ്ച് ഫ്ലെക്‌സ് വീലുകളുമായി സജ്ജീകരിച്ചിരിക്കുന്നു.
അതായത്, ഇപ്പോൾ റെനോ ട്രൈബറിലെ എല്ലാ വകഭേദങ്ങളിലും സ്റ്റാൻഡേർഡ് ഫീച്ചറായി നാല് പവർ വിൻഡോകളും റിമോട്ട് സെൻട്രൽ ലോക്കിംഗും നൽകുന്നു . RXL ഉം അതിനു മുകളിലുള്ള വേരിയന്റുകളും ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയെ പിന്തുണയ്ക്കുന്ന 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമായാണ് വരുന്നത്. റിയർ വ്യൂ ക്യാമറ പോലുള്ള സ്മാർട്ട് സവിശേഷതകളും ചേർത്തിട്ടുണ്ട്. എല്ലാ വകഭേദങ്ങളിലും 17 സുരക്ഷാ സവിശേഷതകളോടെ റെനോ ഇന്ത്യ 2025 ട്രൈബറിനെ കൂടുതൽ സുരക്ഷിതമാക്കിയിരിക്കുന്നു
2025 റെനോ ട്രൈബറിൽ അതേ 1.0L, 3-സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ തന്നെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ എഞ്ചിൻ പരമാവധി 72bhp കരുത്തും 96Nm ടോർക്കും സൃഷ്‍ടിക്കുന്നു. ട്രാൻസ്‍മിഷൻ തിരഞ്ഞെടുപ്പുകളിൽ 5-സ്പീഡ് മാനുവലും ടോപ്പ്-എൻഡ് RXZ AMT വേരിയന്‍റുകളിൽ അഞ്ച് സ്‍പീഡ് എഎംടി യൂണിറ്റും ഉൾപ്പെടുന്നു.
റെനോ ഇന്ത്യയുടെ വാഹന ശ്രേണിയിലുള്ള ഒരേയൊരു 7 സീറ്റർ കാറാണ് റെനോ ട്രൈബർ. രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ 7 സീറ്റർ എംപിവിയായും ഇത് കണക്കാക്കപ്പെടുന്നു. ഇന്ത്യൻ വിപണിയിൽ ഇത് മാരുതി എർട്ടിഗയോടാണ് ട്രൈബർ മത്സരിക്കുന്നത്. 7 സീറ്റർ ആണെങ്കിലും, മാരുതിയുടെ സ്വിഫ്റ്റ്, ബലേനോ തുടങ്ങിയ കാറുകളേക്കാൾ വില വളരെ കുറവാണ് എന്നതാണ് പ്രത്യേകത.