
ആഡംബര എസ്‌യുവി വിഭാഗത്തിലെ ജനപ്രിയ മോഡലായ ലാൻഡ് റോവർ ഡിഫൻഡറിന്റെ 2026 പതിപ്പ് കമ്പനി ആഗോളതലത്തിൽ അവതരിപ്പിച്ചു. പുതിയ മോഡലിൽ ഡിസൈനിലെ ചെറിയ മാറ്റങ്ങൾ, പുതിയ വെർട്ടെക്സ് വേരിയന്റ്, ആദ്യമായി ആറ് സീറ്റർ ഓപ്ഷൻ, കൂടുതൽ ആക്‌സസറികൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. അടിസ്ഥാന രൂപകൽപ്പന നിലനിർത്തിയെങ്കിലും കൂടുതൽ പ്രീമിയം ലുക്കും പ്രായോഗികതയും നൽകുന്ന രീതിയിലാണ് പരിഷ്‌കാരങ്ങൾ.
2026 ഡിഫൻഡറിലെ ഏറ്റവും ശ്രദ്ധേയമായ പുതുമ വെർട്ടെക്സ് വേരിയന്റാണ്. കൂടുതൽ കരുത്തുറ്റതും പ്രീമിയം ലുക്കുമുള്ള എസ്‌യുവി ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഈ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ മുൻ-പിൻ ബമ്പറുകൾ, കൂടുതൽ വലുപ്പമുള്ള ഫ്രണ്ട് ഗ്രിൽ, പുതുക്കിയ ഫോഗ് ലാമ്പുകൾ, ബോഡി കളറിലുള്ള ലോവർ ക്ലാഡിങ് എന്നിവയാണ് വെർട്ടെക്സ് പതിപ്പിന്റെ പ്രധാന സവിശേഷതകൾ. ഇതിലൂടെ എസ്‌യുവിക്ക് കൂടുതൽ വീതിയും ശക്തമായ റോഡ് പ്രസൻസും ലഭിക്കുന്നുവെന്നാണ് കമ്പനി പറയുന്നത്.
ഗ്ലോസ് ബ്ലാക്ക് റൂഫ് സ്‌പോയിലർ, മഞ്ഞ നിറത്തിലുള്ള ബ്രേക്ക് കാലിപ്പറുകൾ, മഞ്ഞ റിയർ റിക്കവറി ഹുക്കുകൾ, പുതിയ അലോയ് വീലുകൾ എന്നിവയും പുതിയ മോഡലിൽ ലഭ്യമാണ്. കൂടാതെ, നിലവിലെ ഡിഫൻഡറിന്റെ ചില വേരിയന്റുകൾക്ക് വെർട്ടെക്സ് പതിപ്പിന് സമാനമായ രൂപഭംഗി നൽകുന്ന എക്സ്റ്റൻഡഡ് എക്സ്റ്റീരിയർ പാക്കും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.
ആദ്യമായി ആറ് സീറ്റർ പതിപ്പ് ഡിഫൻഡർ 110 മോഡലിൽ ആദ്യമായാണ് 2+2+2 സീറ്റിങ് ക്രമീകരണമുള്ള ആറ് സീറ്റർ പതിപ്പ് അവതരിപ്പിക്കുന്നത്. രണ്ടാം നിരയിൽ രണ്ട് സ്വതന്ത്ര ക്യാപ്റ്റൻ സീറ്റുകളാണ് നൽകിയിരിക്കുന്നത്. മെച്ചപ്പെട്ട സപ്പോർട്ട്, ആംറെസ്റ്റുകൾ, റിക്ലൈൻ സൗകര്യം, മൂന്നാം നിരയിലേക്കുള്ള എളുപ്പമുള്ള പ്രവേശനം എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. രണ്ടാം നിരയിലെ സീറ്റുകൾക്കിടയിൽ അധിക സ്റ്റോറേജ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
2026 ഡിഫൻഡറിന് പുതിയ സർഗാസോ ബ്ലൂ എക്സ്റ്റീരിയർ നിറവും ലഭിച്ചിട്ടുണ്ട്. ഡിഫൻഡർ ഒക്ട വേരിയന്റിൽ പുതിയ ടെക്സ്ചേർഡ് ഗ്രാഫൈറ്റ് ഫിനിഷും നൽകിയിട്ടുണ്ട്. ഓഫ് റോഡ് യാത്രകൾ ഇഷ്ടപ്പെടുന്നവർക്കായി റൂഫ് സ്റ്റോറേജ് സംവിധാനം, സൈഡ് ഗിയർ കാരിയർ, എയർ കംപ്രസർ ഇൻസ്റ്റലേഷൻ കിറ്റ്, പുതിയ എക്സ്റ്റീരിയർ സ്റ്റൈലിങ് പാക്കേജ് തുടങ്ങിയ ഫാക്ടറി ഫിറ്റഡ് ആക്‌സസറികളും കമ്പനി അവതരിപ്പിച്ചു.
ഉയർന്ന പ്രകടന ശേഷിയുള്ള ഡിഫൻഡർ ഒക്ട പതിപ്പിലും നിരവധി കോസ്മെറ്റിക് മാറ്റങ്ങളുണ്ട്. പുതിയ എക്സ്റ്റീരിയർ ഡിസൈൻ, പുതുക്കിയ കളർ കോമ്പിനേഷനുകൾ, പ്രത്യേക സ്റ്റൈലിങ് ഘടകങ്ങൾ എന്നിവ ഈ പതിപ്പിനെ സാധാരണ ഡിഫൻഡറിൽ നിന്ന് വേറിട്ടുനിർത്തുന്നു. അതേസമയം, ഓഫ് റോഡ് പ്രകടനത്തിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
2026 ഡിഫൻഡറിൽ പുതിയ 3.0 ലിറ്റർ പി380 മൈൽഡ് ഹൈബ്രിഡ് പെട്രോൾ എൻജിൻ അവതരിപ്പിച്ചിട്ടുണ്ട്. 375 ബി.എച്ച്.പി കരുത്ത് ഉൽപാദിപ്പിക്കുന്ന ഈ എൻജിൻ പുതിയ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്ന തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. അതേസമയം, ഡിഫൻഡർ ഒക്ടയുടെ പരമാവധി കരുത്ത് മുൻപ് ഉണ്ടായിരുന്ന 626 ബി.എച്ച്.പിയിൽ നിന്ന് 533 ബി.എച്ച്.പി ആയി കുറച്ചിട്ടുണ്ട്. പുതിയ എമിഷൻ ചട്ടങ്ങൾ പാലിക്കുന്നതിനായാണ് ഈ മാറ്റമെന്ന് കമ്പനി വ്യക്തമാക്കുന്നു.
2026 ഡിഫൻഡറിന്റെ വിവിധ രാജ്യങ്ങളിലെ വില, ലഭ്യത, വിപണി അനുസരിച്ചുള്ള എൻജിൻ ഓപ്ഷനുകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ലാൻഡ് റോവർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വരും മാസങ്ങളിൽ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.