മാരുതിയുടെ എസ്‌യുവി പടയൊരുക്കം; വരുന്നു പുത്തൻ താരങ്ങൾ

Published : Jul 09, 2026, 03:04 PM IST
Maruti Suzuki

Synopsis

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഏഴ് എസ്‌യുവികൾ ഉൾപ്പെടെ ഒമ്പത് പുതിയ മോഡലുകൾ അവതരിപ്പിച്ച് ഇന്ത്യൻ വിപണിയിൽ ആധിപത്യം സ്ഥാപിക്കാൻ മാരുതി സുസുക്കി ഒരുങ്ങുന്നു. ബ്രെസ്സ ഫെയ്‌സ്‌ലിഫ്റ്റ്, ഫ്രോങ്ക്സ് ഹൈബ്രിഡ്, ടാറ്റ പഞ്ചിന് എതിരാളിയായ പുതിയ മൈക്രോ എസ്‌യുവി എന്നിവ ഈ നീക്കത്തിലെ പ്രധാന മോഡലുകളാണ്.

ന്ത്യൻ എസ്‌യുവി വിപണിയിൽ കൂടുതൽ കരുത്താർജിക്കാൻ ഒരുങ്ങുകയാണ് മാരുതി സുസുക്കി. അടുത്ത മൂന്ന് വർഷത്തിനിടെ ഒമ്പത് പുതിയ മോഡലുകൾ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. ഇതിൽ ഏഴ് എസ്‌യുവികളായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ബ്രെസ്സ ഫെയ്‌സ്‌ലിഫ്റ്റ്, ഫ്രോങ്ക്സ് ഫെയ്‌സ്‌ലിഫ്റ്റ്, മൂന്ന് നിര സീറ്റുകളുള്ള പ്രീമിയം എസ്‌യുവി, പുതിയ മൈക്രോ എസ്‌യുവി എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.

പുതിയ ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ്

ജനപ്രിയ സബ് കോംപാക്റ്റ് എസ്‌യുവിയായ ബ്രെസ്സയുടെ പുതുക്കിയ പതിപ്പ് ചെറിയ ഡിസൈൻ മാറ്റങ്ങളോടെയും കൂടുതൽ ആധുനിക ഫീച്ചറുകളോടെയും എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഫ്രോങ്ക്സിൽ ഉപയോഗിക്കുന്ന 1.0 ലിറ്റർ ടർബോ ബൂസ്റ്റർജെറ്റ് പെട്രോൾ എൻജിൻ പുതിയ ബ്രെസ്സയിലും ഇടംപിടിച്ചേക്കും. 100 ബി.എച്ച്.പി കരുത്തും 148 എൻ.എം ടോർക്കും ഉൽപാദിപ്പിക്കുന്ന ഈ എൻജിനൊപ്പം 6 സ്പീഡ് മാനുവൽ ഗിയർബോക്‌സും ലഭിക്കാനാണ് സാധ്യത. ആദ്യമായി അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ഫീച്ചറുകളും ബ്രെസ്സയിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് സൂചന.

ഫ്രോങ്ക്സിന് ഹൈബ്രിഡ് അപ്ഡേറ്റ്

മാരുതിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കോംപാക്റ്റ് ക്രോസ്ഓവറായ ഫ്രോങ്ക്സിന് 2027ൽ മിഡ് ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് ലഭിക്കുമെന്നാണ് റിപ്പോർട്ട്. പുറംരൂപത്തിലും ഇന്റീരിയറിലും ചെറിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും പ്രധാന ആകർഷണം ഇൻ-ഹൗസ് സ്ട്രോങ് ഹൈബ്രിഡ് സാങ്കേതികവിദ്യയായിരിക്കും. ഈ ഹൈബ്രിഡ് പതിപ്പിന് ലിറ്ററിന് 35 കിലോമീറ്ററിലധികം ഇന്ധനക്ഷമത ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ടൊയോട്ടയുടെ അറ്റ്‌കിൻസൺ സൈക്കിൾ ഹൈബ്രിഡ് സാങ്കേതികവിദ്യയേക്കാൾ ചെലവ് കുറഞ്ഞതും കൂടുതൽ കാര്യക്ഷമവുമായ സംവിധാനമായിരിക്കും മാരുതിയുടെ സ്വന്തം ഹൈബ്രിഡ് സാങ്കേതികവിദ്യയെന്നും വിലയിരുത്തപ്പെടുന്നു.

ടാറ്റ പഞ്ചിന് പുതിയ എതിരാളി

Y43 എന്ന കോഡ്‌നാമിൽ വികസിപ്പിക്കുന്ന പുതിയ മാരുതി മൈക്രോ എസ്‌യുവി വിപണിയിൽ നിന്ന് പിൻവലിച്ച ഇഗ്‌നിസിന് പകരക്കാരനായാണ് എത്തുക. 2027ഓടെ അവതരിപ്പിക്കപ്പെടുമെന്നാണ് സൂചന. ടാറ്റ പഞ്ച്, ഹ്യുണ്ടായി എക്സ്റ്റർ എന്നിവയാകും പ്രധാന എതിരാളികൾ.

മൈൽഡ് ഹൈബ്രിഡ് പെട്രോൾ, സിഎൻജി, ഇലക്ട്രിക്, സിബിജി, കൂടാതെ സ്ട്രോങ് ഹൈബ്രിഡ് പവർട്രെയിൻ ഉൾപ്പെടെ വിവിധ എൻജിൻ ഓപ്ഷനുകളോടെ വാഹനം അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിലൂടെ വിവിധ വിഭാഗം ഉപഭോക്താക്കളെ ലക്ഷ്യമിടാനാണ് മാരുതിയുടെ നീക്കം.

ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കാം

പുതിയ എസ്‌യുവികളുടെ ലോഞ്ച് തീയതി, വില, സവിശേഷതകൾ എന്നിവയെക്കുറിച്ച് മാരുതി സുസുക്കി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നിരുന്നാലും അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യൻ എസ്‌യുവി വിപണിയിലെ മത്സരം കൂടുതൽ ശക്തമാക്കാൻ ഈ പുതിയ മോഡലുകൾക്ക് കഴിയുമെന്നാണ് വാഹന വിപണി വിദഗ്ധരുടെ വിലയിരുത്തൽ.

PREV
Read more Articles on
click me!

Recommended Stories

പുതിയ ബലേനോയിൽ വമ്പൻ മാറ്റങ്ങൾ; സിഎൻജി മുതൽ എഡിഎഎസ് വരെ 5 പ്രധാന ഫീച്ചറുകൾ
ടാറ്റ കാർ വാങ്ങാൻ ആഗ്രഹമുണ്ടോ, ഓഗസ്റ്റ് മാസം വൻ നേട്ടങ്ങൾക്ക് സാധ്യത; കമ്പനി നിരവധി ഓഫറുകൾ പ്രഖ്യാപിച്ചു