320d സ്‌പോര്‍ട്ടിനെ വീണ്ടുമെത്തിച്ച് ബിഎംഡബ്ല്യു

By Web TeamFirst Published Aug 4, 2020, 8:05 PM IST
Highlights

320d സ്‌പോര്‍ട്ട് വകഭേദം ഇന്ത്യന്‍ വിപണിയില്‍ വീണ്ടും അവതരിപ്പിച്ച് ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു 

320d സ്‌പോര്‍ട്ട് വകഭേദം ഇന്ത്യന്‍ വിപണിയില്‍ വീണ്ടും അവതരിപ്പിച്ച് ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു . ഈ വര്‍ഷം മാര്‍ച്ചില്‍ കമ്പനി 330i സ്‌പോര്‍ട്ട് മോഡല്‍ പുറത്തിറക്കിയിരുന്നു. തുടര്‍ന്ന് 320d സ്‌പോര്‍ട്ട് മോഡലിന്റെ വില്‍പ്പന നിര്‍ത്തിവെച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. ആല്‍പൈന്‍ വൈറ്റ്, ബ്ലാക്ക് സഫയര്‍, മെഡിറ്ററേനിയന്‍ ബ്ലൂ എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് വാഹനം വിപണിയില്‍ എത്തുക. സ്പോര്‍ട്ട്, ലക്ഷ്വറി ലൈന്‍ എന്നിങ്ങനെ രണ്ട് വകഭേദങ്ങളില്‍ വാഹനം ലഭ്യമാകും. സ്പോര്‍ട്ട് പതിപ്പിന് 42.10 ലക്ഷം രൂപയും ലക്ഷ്വറി ലൈന്‍ വകഭേദത്തിന് 47.50 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് വാഹനത്തിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 188 bhp കരുത്തും 400 Nm ടോര്‍ക്കും സൃഷ്ടിക്കും. എട്ട് സ്പീഡ് സ്റ്റെപ്ട്രോണിക് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്‍മിഷന്‍.

എല്‍ഇഡി ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഫോഗ് ലാമ്പുകള്‍, പനോരമിക് സണ്‍റൂഫ്, ത്രീ-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയാണ് വാഹനത്തിന്റെ സവിശേഷതകള്‍. ലെതര്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍, പത്ത് സ്പീക്കര്‍ ഓഡിയോ സിസ്റ്റം, അനലോഗ് സ്റ്റൈല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് ബിഎംഡബ്ല്യു 320d -യുടെ മറ്റ് പ്രധാന സവിശേഷതകള്‍.

ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി, ആംബിയന്റ് ലൈറ്റിംഗ്, പാര്‍ക്കിംഗ് അസിസ്റ്റന്റ് എന്നിവ പോലുള്ള ചില സവിശേഷതകള്‍ ബിഎംഡബ്ല്യു 320d പതിപ്പില്‍ ലഭ്യമല്ല.

click me!