ആറ് എയർബാഗുകൾ സഹിതം രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ 7 സീറ്റർ എംപിവി ഡീലർഷിപ്പുകളിൽ എത്തി, വില വെറും 6.30 ലക്ഷം

Published : Jul 30, 2025, 10:31 AM IST
Renault Triber

Synopsis

ഇന്ത്യയിൽ പുതിയ റെനോ ട്രൈബർ 7 സീറ്റർ എംപിവി അവതരിപ്പിച്ചു. നാല് ട്രിമ്മുകളിൽ ലഭ്യമായ ഈ വാഹനത്തിന് 6.30 ലക്ഷം രൂപ മുതൽ വില ആരംഭിക്കുന്നു. പുതിയ ഫീച്ചറുകളും സുരക്ഷാ സംവിധാനങ്ങളും ഇതിന്റെ പ്രത്യേകതയാണ്.

ഫ്രഞ്ച് വാഹന ബ്രാൻഡായ റെനോ ഇന്ത്യയുടെ പുതിയ ഏഴ് സീറ്റർ ട്രൈബർ ഫെയ്‌സ്‌ലിഫ്റ്റ് അടുത്തിടെയാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. വാഹനം ഇപ്പോൾ ഡീലർഷിപ്പുകളിലേക്ക് എത്തിത്തുടങ്ങി. രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ 7 സീറ്റർ എംപിവി ആണിതെന്ന് കമ്പനി പറയുന്നു. ഇതിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില 6.30 ലക്ഷം രൂപയാണ്. 2019 ൽ ലോഞ്ച് ചെയ്തതിന് ശേഷം ഇതാദ്യമായാണ് കമ്പനി ട്രൈബറിന് ഒരു പ്രധാന അപ്‌ഡേറ്റ് നൽകുന്നത്. ഈ കാർ ഓതന്റിക്, എവല്യൂഷൻ, ടെക്‌നോ, ഇമോഷൻ എന്നീ നാല് ട്രിമ്മുകളിൽ വാങ്ങാം.

2025 റെനോ ട്രൈബറിന്റെ ടോപ്പ്-സ്പെക്ക് ഇമോഷനോടുകൂടിയ ആറ് സിംഗിൾ-ടോണും മൂന്ന് ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളും ഉപഭോക്താക്കൾക്ക് ലഭിക്കും. ഇന്‍റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളുള്ള എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും എൽഇഡി ഫോഗ് ലാമ്പുകളും എക്സ്റ്റീരിയർ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു. 2025 ട്രൈബർ ഫെയ്‌സ്‌ലിഫ്റ്റിൽ പുതിയ ഫ്രണ്ട് ബമ്പറും ഗ്രില്ലും പുതിയ റെനോ ലോഗോയും ഉണ്ട്. അവ എല്ലാ വേരിയന്‍റുകളിലും ലഭ്യമാണ്.

കാറിലെ ഇമോഷൻ വേരിയന്റിൽ സ്റ്റീൽ വീലുകൾ ലഭിക്കുന്നു. വീൽ ആർച്ച് ക്ലാഡിംഗ്, കോൺട്രാസ്റ്റിംഗ് ബ്ലാക്ക് ഡോർ ഹാൻഡിലുകൾ, ഡോർ ഡെക്കലുകൾ, ഇന്റഗ്രേറ്റഡ് ടേൺ ഇൻഡിക്കേറ്ററുകളുള്ള ഓആർവിഎമ്മുകൾ, ബ്ലാക്ക്-ഔട്ട് ബി, സി പില്ലറുകൾ, 50 കിലോഗ്രാം ലോഡ് കപ്പാസിറ്റിയുള്ള റൂഫ് റെയിലുകൾ തുടങ്ങിയവയാണ് മറ്റ് ഹൈലൈറ്റുകൾ.

പിൻഭാഗത്ത്, റിയർ ഡീഫോഗർ, വാഷർ, വൈപ്പർ, മുകളിൽ ഘടിപ്പിച്ച ബ്രേക്ക് ലൈറ്റ്, ബൂട്ട് ലിഡിലെ 'ട്രൈബർ' ബാഡ്‍ജിംഗ്, എൽഇഡി ടെയിൽ ലാമ്പുകൾ തുടങ്ങിയവ ഉൾപ്പെടുന്നു. മുന്നിലെയും പിന്നിലെയും സ്‍കിഡ് പ്ലേറ്റുകൾ സിൽവർ നിറത്തിൽ പൂർത്തിയാക്കിയിരിക്കുന്നു. ഇതൊരു സ്പോർട്ടി ലുക്കും ഫീലും നൽകുന്നു. ടോപ്പ് വേരിയന്റിൽ മാത്രമേ ഒരു സ്പെയർ വീൽ ലഭ്യമാകൂ. വാഹനത്തിന്റെ പിൻഭാഗത്ത് ഇത് ഘടിപ്പിച്ചിരിക്കുന്നു.

ഡ്യുവൽ-ടോൺ ഇന്റീരിയർ ഇതിനുണ്ട്. ഡേ-നൈറ്റ് ഐആർവിഎം, ഡോർ ഹാൻഡിലുകളിൽ സിൽവർ ഫിനിഷ്, എൽഇഡി ക്യാബിൻ ലാമ്പുകൾ തുടങ്ങിയവയാണ് ഇതിന്റെ പ്രധാന സവിശേഷതകൾ. ഇതിനുപുറമെ, അപ്പർ ഗ്ലോവ് ബോക്സ്, ക്രോം ഫിനിഷ്‍ഡ് എച്ച്‍വിഎസി നോബുകൾ, റിയർ റൂം ലൈറ്റിംഗ് എന്നിവയും ഉണ്ട്. 8 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 7 ഇഞ്ച് ടിഎഫ്‍ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സ്മാർട്ട് ആക്‌സസ് കാർഡ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുമായുള്ള വയർലെസ് സ്മാർട്ട്‌ഫോൺ റെപ്ലിക്കേഷൻ തുടങ്ങിയവ ലഭിക്കുന്നു.

കൂൾഡ് സെന്റർ കൺസോൾ, ഡ്രൈവർ സീറ്റ് ആംറെസ്റ്റ്, കൂൾഡ് ലോവർ ഗ്ലൗ ബോക്സ്, പുഷ് ബട്ടൺ സ്റ്റാർട്ട് സ്റ്റോപ്പ്, ഓട്ടോ ഹെഡ്‌ലാമ്പുകൾ എന്നിവയാണ് മറ്റ് സവിശേഷതകൾ. ട്രൈബർ ഫെയ്‌സ്‌ലിഫ്റ്റിന്റെ ടോപ്പ് വേരിയന്റുകളിൽ ഫ്രണ്ട് എയർ കണ്ടീഷനിംഗ്, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, മുന്നിലും പിന്നിലും 12V സോക്കറ്റുകൾ, രണ്ടാമത്തെയും മൂന്നാമത്തെയും നിരയിൽ എസി വെന്റുകൾ എന്നിവ ഉൾപ്പെടുന്നു. സീറ്റുകൾ കസ്റ്റമൈസ് ചെയ്യാവുന്നവയുമാണ്. കാറിൽ 100ൽ അധികം വ്യത്യസ്ത സ്റ്റോറേജ് കോമ്പിനേഷനുകൾ ലഭ്യമാണ്.

1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ്, 3-സിലിണ്ടർ എഞ്ചിനാണ് പുതിയ റെനോ ട്രൈബർ ഫെയ്‌സ്‌ലിഫ്റ്റിന് കരുത്ത് പകരുന്നത്. ഈ എഞ്ചിൻ 72 PS പവറും 96 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. എല്ലാ വേരിയന്റുകളിലും 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ സ്റ്റാൻഡേർഡാണ്. ടോപ്പ്-സ്പെക്ക് ഇമോഷൻ വേരിയന്റിൽ 5-സ്പീഡ് AMT ഓപ്ഷനും ഉണ്ട്. ഡീലർ തലത്തിൽ ലഭ്യമായ സിഎൻജി ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാം. സിഎൻജി കിറ്റിന്റെ വില ഏകദേശം 80,000 രൂപയാണെങ്കിലും നഗരത്തിനനുസരിച്ച് വ്യത്യാസപ്പെടാം.

സുരക്ഷയ്ക്കായി പുതിയ ട്രൈബറിന്‍റെ എല്ലാ വകഭേദങ്ങളിലും 21 സ്റ്റാൻഡേർഡ് ഫീച്ചറുകൾ നൽകിയിട്ടുണ്ട്. പ്രധാന സവിശേഷതകളിൽ 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം തുടങ്ങിയ ഫീച്ചറുകൾ ഉൾപ്പെടുന്നു. ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, റിയർ പാർക്കിംഗ് സെൻസർ, ബ്രേക്ക് അസിസ്റ്റുള്ള എബിഎസ്, ഇബിഡി എന്നിവയാണ് മറ്റ് സ്റ്റാൻഡേർഡ് സവിശേഷതകൾ. ഫ്രണ്ട് പാർക്കിംഗ് സെൻസർ, ഫോളോ മി ഹോം ഹെഡ്‌ലാമ്പ്, ടേക്ക് എ ബ്രേക്ക് റിമൈൻഡർ തുടങ്ങിയ ചില അധിക സുരക്ഷാ സവിശേഷതകൾ ഇമോഷൻ വേരിയന്റിൽ ഉൾപ്പെടുന്നു.

PREV
Read more Articles on
click me!

Recommended Stories

എസ്‌യുവി വിപണി പിടിക്കാൻ അഞ്ച് പുതിയ മോഡലുകൾ
ഇന്ത്യൻ വിപണിയിൽ ടെസ്‌ലയുടെ തുടക്കം പതറിയോ? അടുത്തിടെ വന്ന വിയറ്റ്‍നാമീസ് കമ്പനി പോലും മുന്നിൽ