ഇന്ത്യയില്‍ 3000 കോടിയുടെ നിക്ഷേപം കൂടി; ഞെട്ടിച്ച് ചൈനീസ് വാഹന കമ്പനി

By Web TeamFirst Published Dec 17, 2019, 8:35 PM IST
Highlights

2019 ജൂണ്‍ 27നാണ് ഹെക്ടര്‍ വിപണിയിലെത്തിയത്. വിപണിയില്‍ മികച്ച പ്രതികരണമുള്ള വാഹനത്തിന്‍റെ ഇതുവരെയുള്ള വില്‍പ്പന 13,000 കടന്നു

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജിയുടെ (മോറിസ് ഗാരേജസ്) ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങുന്നു.  3000 കോടി രൂപയുടെ നിക്ഷേപത്തിനാണ് കമ്പനി തയ്യാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 2000 കോടിയുടെ നിക്ഷേപമാണ് എംജി ഇന്ത്യയില്‍ നടത്തിയിരിക്കുന്നത്. കമ്പനിയുടെ ഇന്ത്യയിലെ ആദ്യ മോഡലായ ഹെക്ടര്‍ നിരത്തില്‍ വന്‍ വിജയം കൊയ്യുന്ന സാഹചര്യത്തിലാണ് കൂടുതല്‍ പണമിറക്കാനുള്ള കമ്പനിയുടെ ഈ തീരുമാനം.  

2019 ജൂണ്‍ 27നാണ് ഹെക്ടര്‍ വിപണിയിലെത്തുന്നത്. വിപണിയില്‍ മികച്ച പ്രതികരണമുള്ള വാഹനത്തിന്‍റെ ഇതുവരെയുള്ള വില്‍പ്പന 13,000 കടന്നു. ഇലക്ട്രിക് ഹെക്ടറും ഉടന്‍ നിരത്തിലെത്താനാരുങ്ങുകയാണ്.  2021-ഓടെ എംജിയുടെ നാല് മോഡലുകള്‍ കൂടി ഇന്ത്യയില്‍ എത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നതെന്ന് എംജി കൊമേഷ്യല്‍  ഓഫീസര്‍ ഗൗരവ് ഗുപ്‍ത വ്യക്തമാക്കി. ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളാണ് എംജിക്ക് ഇന്ത്യയില്‍ ഉള്ളതെന്നും അതിനായാണ് 3000 കോടിയുടെ നിക്ഷേപം കൂടി നടത്തുന്നതെന്നും കമ്പനി വൃത്തങ്ങള്‍ പറയുന്നു.  ആഗോളതലത്തില്‍ തന്നെ എസ്‌യുവി വാഹനങ്ങള്‍ക്ക് അനുകൂല സാഹചര്യമായതിനാല്‍ ഈ ശ്രേണിയിലുള്ള വാഹനങ്ങള്‍ക്കായിരിക്കും എംജി പ്രാധാന്യം നല്‍കുകയെന്നും ഗൗരവ് ഗുപ്‍ത വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്‍ഠിത കാറെന്നു പേരുള്ള ഹെക്ടറുമായി കമ്പനി ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെ ആഭ്യന്തര വില്‍പ്പന അവസാനിപ്പിച്ച് അമേരിക്കയിലേക്ക് മടങ്ങിയ ജനറല്‍ മോട്ടോഴ്സിന്റെ ഗുജറാത്തിലെ ഹലോല്‍ നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് വാഹനം ഇറങ്ങുന്നത്.  ഈ പ്ലാന്റും മറ്റ് സംവിധാനങ്ങളും ഒരുക്കുന്നതിനാണ് 2000 കോടിയുടെ നിക്ഷേപം എംജി നേരത്തെ നടത്തിയിട്ടുള്ളത്.

അവതരിപ്പിച്ച അന്നുമുതല്‍ വിപണിയിലെ ഹീറോയാണ് ഹെക്ടര്‍. 2019 നവംബറില്‍ മാത്രം 3239 ഹെക്ടറുകളാണ് നിരത്തിലെത്തിയത്. ഉത്പാദനശേഷിയെക്കാൾ കൂടുതൽ ബുക്കിങ് ലഭിച്ചതിനെ തുടർന്ന് ജൂലൈ അവസാനം താൽക്കാലികമായി നിർത്തിവെച്ച‌ിരുന്ന ഹെക്ടറിന്റെ ബുക്കിംഗ് ഒക്ടോബർ ഒന്നുമുതലാണ് കമ്പനി വീണ്ടും സ്വീകരിച്ചു തുടങ്ങിയിരുന്നു. 30,000 - 40,000 രൂപയുടെ വില വർധനവോടെയാണ് ബുക്കിംഗ് വീണ്ടും തുടങ്ങിയത്. എന്നിട്ടും വാഹനത്തിന് ജനം ക്യൂവാണെന്നതാണ് രസകരം.

ഒറ്റദിവസം 700 ഹെക്ടറുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറി നേരത്തെ കമ്പനി റെക്കോഡിട്ടിരുന്നു. ദീപാവലി ആഘോഷങ്ങളുടെ ആദ്യദിനമായ ധനത്രയോദശി ദിവസമാണ് ഒറ്റയടിക്ക് ഇത്രയും വാഹനങ്ങള്‍ കമ്പനി ഉപഭോക്താക്കള്‍ക്ക് കൈമാറിയത്. അന്ന് ദില്ലിയില്‍ മാത്രം 200 യൂണിറ്റുകളും  മറ്റ് 500 വാഹനങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായിട്ടാണ് വിറ്റത്.

അഞ്ചു വർഷത്തെ അൺലിമിറ്റഡ് കിലോമീറ്റർ വാറന്റി, 5 ലേബർ ചാർജ് ഫ്രീ സർവീസ്, 5 വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസ് എന്നിവ എംജി നൽകുന്നുണ്ട്.   വൈറ്റ്, സില്‍വര്‍, ബ്ലാക്ക്, ഗ്ലേസ് റെഡ്, ബര്‍ഗന്‍ഡി റെഡ് നിറഭേദങ്ങളിലാണ് വാഹനം എത്തുന്നത്.  12.48 ലക്ഷം മുതൽ 17.28 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ എക്സ് ഷോറൂം വില. ജീപ്പ് കോംപസ്, ടാറ്റ ഹാരിയര്‍ തുടങ്ങിയവരാണ് ഹെക്ടറിന്‍റെ മുഖ്യ എതിരാളികള്‍.

ശ്രേണിയില്‍ ഏറ്റവും വലുപ്പമുള്ള എസ്‌യുവിയായാണ് ഹെക്ടര്‍.  4,655 mm നീളവും 1,835 mm വീതിയും 1,760 mm ഉയരവും ഹെക്ടറിനുണ്ട്.  2,750 mm ആണ് വീല്‍ബേസ്. ഗ്രൗണ്ട് ക്ലിയറന്‍സ് 192 mm. ശ്രേണിയിലെ ഏറ്റവും ഉയര്‍ന്ന ബൂട്ടുശേഷിയും ഹെക്ടര്‍ കൈയ്യടക്കും. 547 ലിറ്ററാണ് എസ്‌യുവിയുടെ ബൂട്ട്. ഗ്രീക്ക് ദേവനായ ഹെക്ടറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഈ വാഹനത്തിന് എംജി ഈ പേരു നൽകിയിരിക്കുന്നത്.

പ്രാരംഭ മോഡലാണ് സ്‌റ്റൈല്‍. ഷാര്‍പ്പ് ഏറ്റവും ഉയര്‍ന്ന മോഡലായിരിക്കും. 1.5 ലിറ്റര്‍ പെട്രോള്‍ മാനുവല്‍, 1.5 ലിറ്റര്‍ പെട്രോള്‍ ഓട്ടോമാറ്റിക്, 2.0 ലിറ്റര്‍ ഡീസല്‍ മാനുവല്‍ പതിപ്പുകള്‍ ഹെക്ടറിലുണ്ട്. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. ആറു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് 1.5 ലിറ്റര്‍ പെട്രോള്‍ പതിപ്പില്‍ മാത്രമായിരിക്കും. പെട്രോള്‍ പതിപ്പുകളില്‍ ഹൈബ്രിഡ് ടെക്‌നോളജി പിന്തുണയുമുണ്ടാകും. മുന്‍ വീല്‍ ഡ്രൈവായാണ് ഹെക്ടര്‍ മോഡലുകള്‍ വിപണിയിലെത്തുക.

എഫ്‌സിഎയില്‍ നിന്നും കമ്പനി കടമെടുത്ത 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 143 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കും. 14.1 കിലോമീറ്റര്‍ മൈലേജാണ് ARAI ടെസ്റ്റില്‍ ഹെക്ടര്‍ പെട്രോള്‍ മാനുവല്‍ മോഡല്‍ കാഴ്ച്ചവെച്ചത്.  പെട്രോള്‍ ഓട്ടോമാറ്റിക് മോഡല്‍ 13.9 കിലോമീറ്ററും ഡീസല്‍ മാനുവല്‍ മോഡല്‍ 17.4 കിലോമീറ്ററുമാവും ഇന്ധനക്ഷമത. വൈറ്റ്, സില്‍വര്‍, ബ്ലാക്ക്, ഗ്ലേസ് റെഡ്, ബര്‍ഗന്‍ഡി റെഡ് നിറഭേദങ്ങള്‍ എംജി ഹെക്ടറില്‍ ഒരുങ്ങും.

നിലവില്‍ ലഭിച്ചിരിക്കുന്ന ബുക്കിങ്ങുകളില്‍  കൂടുതല്‍ ആവശ്യക്കാരും ഉയര്‍ന്ന വകഭേദങ്ങളായ സ്‍മാര്‍ട്ട്, ഷാര്‍പ്പ് മോഡലുകള്‍ക്കാണ്. ഇതില്‍ 50 ശതമാനം ആളുകളും പെട്രോള്‍ മോഡലാണ് തിരഞ്ഞെടുത്തതെന്നും എംജി വ്യക്തമാക്കുന്നു.

എന്തായാലും എംജിയുടെ സാന്നിധ്യം കൂടുതല്‍ സ്ഥലങ്ങളില്‍ എത്തിക്കുന്നതിനായും സര്‍വീസ് സംവിധാനം കാര്യക്ഷമമാക്കുന്നതിനും 2020 മാര്‍ച്ച് മാസത്തോടെ വര്‍ക്ക് ഷോപ്പ് ഉള്‍പ്പെടെയുള്ള 250 ഷോറൂമുകള്‍ തുറക്കാനുള്ള നീക്കങ്ങളും എംജി നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

click me!