ഇന്ത്യയിൽ ഡിമാൻഡ് കുറവ്, പക്ഷേ ഈ ഇന്ത്യൻ നിർമ്മിത കാറുകൾക്ക് ആഗോളവിപണിയിൽ വൻ ഡിമാൻഡ്

Published : May 06, 2025, 04:04 PM IST
ഇന്ത്യയിൽ ഡിമാൻഡ് കുറവ്, പക്ഷേ ഈ ഇന്ത്യൻ നിർമ്മിത കാറുകൾക്ക് ആഗോളവിപണിയിൽ വൻ ഡിമാൻഡ്

Synopsis

ഇന്ത്യൻ നിർമ്മിത കാറുകൾ ആഗോള വിപണിയിൽ കുതിച്ചുചാട്ടം നടത്തുന്നു. ഹോണ്ട, നിസാൻ, ഹ്യുണ്ടായി, ജീപ്പ് തുടങ്ങിയ ബ്രാൻഡുകൾ ഇന്ത്യയിൽ നിർമ്മിക്കുന്ന മോഡലുകൾ കയറ്റുമതി ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആഭ്യന്തര വിപണിയിലെ മാന്ദ്യവും ആഗോള വിപണിയിലെ സാധ്യതകളുമാണ് ഈ പ്രവണതയ്ക്ക് കാരണം.

ന്ത്യ ഇപ്പോൾ വെറുമൊരു വളർന്നുവരുന്ന കാർ വിപണിയല്ല. മറിച്ച് ആഗോള ഓട്ടോമൊബൈൽ വ്യവസായത്തിന്റെ ഒരു പ്രധാന ഉൽപ്പാദന കേന്ദ്രവും നി‍ർണായക സ്വാധീവ ശക്തിയുമായി മാറുകയാണ്. അടുത്തിടെ പുറത്തുവന്ന കണക്കുകൾ പ്രകാരം ഇന്ത്യയിൽ നിർമ്മിക്കുന്ന ആറ് കാർ മോഡലുകൾ ആഭ്യന്തര വിപണിയേക്കാൾ അന്താരാഷ്ട്ര വിപണികളിൽ കൂടുതൽ വിറ്റഴിക്കപ്പെടുന്നു. ഇതിൽ ജാപ്പനീസ് വാഹന ബ്രാൻഡുകളായ ഹോണ്ടയുടെ സിറ്റിയും എലിവേറ്റും, നിസാന്റെ സണ്ണിയും മാഗ്നൈറ്റും, കൊറിയൻ ബ്രാൻഡായ ഹ്യുണ്ടായിയുടെ വെർണയും അമേരിക്കൻ ബ്രാൻഡായ ജീപ്പിന്റെ മെറിഡിയനുമൊക്കെ ഉൾപ്പെടുന്നു.

രണ്ട് പ്രധാന കാരണങ്ങളാലാണ് ഈ മാറ്റം സംഭവിക്കുന്നത് എന്ന് സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് (സിയാം) പറയുന്നു. ഒന്ന്, ഇന്ത്യയിൽ ഈ മോഡലുകൾക്കുള്ള ആവശ്യം പ്രതീക്ഷിച്ചതിലും കുറവായിരുന്നു. രണ്ട്, കമ്പനികൾ ആഗോള വിപണികളിലെ തങ്ങളുടെ സാധ്യതകൾ തിരിച്ചറിഞ്ഞ് അവിടെ ശ്രദ്ധ കേന്ദ്രീകരിച്ചു. ഉദാഹരണത്തിന്, 2023 സെപ്റ്റംബറിൽ ഹോണ്ട എലിവേറ്റ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു, പക്ഷേ അതിന്റെ ആഭ്യന്തര വിൽപ്പന മന്ദഗതിയിലായിരുന്നു. ഇതൊക്കെയാണെങ്കിലും, 2025 സാമ്പത്തിക വർഷത്തിൽ എലിവേറ്റിന്റെ 45,167 യൂണിറ്റുകൾ കയറ്റുമതി ചെയ്തു, അതേസമയം ആഭ്യന്തര വിൽപ്പന 22,321 യൂണിറ്റുകളായി പരിമിതപ്പെടുത്തി.

ഹ്യുണ്ടായി വെർണയ്ക്കും സമാനമായ കാര്യമാണ് സംഭവിച്ചത്. ഇന്ത്യയിൽ സെഡാനുകളുടെ ആവശ്യകത കുറഞ്ഞതിനാൽ വെർണ പ്രതീക്ഷിച്ച വിജയം നേടിയില്ല. എന്നാൽ മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക തുടങ്ങിയ പ്രദേശങ്ങളിൽ വെർണയുടെ ജനപ്രീതി ഹ്യുണ്ടായിക്ക് വലിയൊരു കയറ്റുമതി അടിത്തറ നൽകി. 2025 സാമ്പത്തിക വർഷത്തിൽ 50,000ത്തിൽ അധികം യൂണിറ്റ് വെർണ കയറ്റുമതി ചെയ്തു. അതുപോലെ, നിസാന്റെ മാഗ്നൈറ്റ്, ജീപ്പ് മെറിഡിയൻ എന്നിവയും അന്താരാഷ്ട്ര വിപണികളിൽ മികച്ച പ്രകടനം കാഴ്ചവച്ചു. ഉൽപ്പാദനം നിലനിർത്തുന്നതിനും വിതരണക്കാരുമായുള്ള കരാറുകൾ നിറവേറ്റുന്നതിനുമായി കമ്പനികൾ കയറ്റുമതിയെ അവരുടെ തന്ത്രത്തിന്റെ ഭാഗമാക്കിയിരിക്കുന്നു.

ഈ പ്രവണത കാണിക്കുന്നത് ഇന്ത്യയുടെ വാഹന മേഖല ഇനി ആഭ്യന്തര ആവശ്യകതയെ മാത്രം ആശ്രയിക്കുന്നില്ല എന്നാണ്. മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് കീഴിൽ, ഇന്ത്യ ഒരു ആഗോള നിർമ്മാണ, കയറ്റുമതി കേന്ദ്രമായി വളർന്നുവരികയാണ്. ഇത് രാജ്യത്തിന് വിദേശനാണ്യത്തിൽ ഗുണം ചെയ്യും. കൂടാതെ ഓട്ടോമൊബൈൽ മേഖലയുമായി ബന്ധപ്പെട്ട തൊഴിലവസരങ്ങളും നിക്ഷേപ അവസരങ്ങളും വർദ്ധിപ്പിക്കുകയും ചെയ്യും.

PREV
Read more Articles on
click me!

Recommended Stories

ഹ്യുണ്ടായി i20 ക്ക് വമ്പൻ വിലക്കിഴിവ്
ഫുൾ ചാർജിൽ 502 കിലോമീറ്റർ ഓടുന്ന ഈ ടാറ്റ കാറിന് ഇപ്പോൾ വൻ വിലക്കിഴിവ്