
മഹീന്ദ്ര ആൻഡ് മഹീന്ദ്ര തങ്ങളുടെ വാഹനനിരയിലെ ഏക 7 സീറ്റർ എംപിവിയായ മറാസോയ്ക്ക് ഓഗസ്റ്റിൽ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു. എങ്കിലും, ജൂലൈയെ അപേക്ഷിച്ച് കമ്പനി ഈ കിഴിവ് കുറച്ചു. ജൂലൈയിൽ കമ്പനി ഇതിന് രണ്ടുലക്ഷം രൂപ കിഴിവ് വാഗ്ദാനം ചെയ്തിരുന്നു. ഈ മാസം കമ്പനി 35,000 രൂപ മാത്രമാണ് കിഴിവ് വാഗ്ദാനം ചെയ്യുന്നത്. ഇതിൽ എക്സ്ചേഞ്ച് ബോണസ് 15,000 രൂപ സ്ക്രാപ്പേജ് ബോണസ് 35,000 രൂപ എന്നിവ ഉൾപ്പെടുന്നു. ജൂലൈ മാസത്തിലെ കിഴിവോട് ഈ കാറിന്റെ മിക്ക സ്റ്റോക്കുകളും വിറ്റ് തീർന്നു. ബാക്കിയുള്ള സ്റ്റോക്ക് കൂടി ക്ലിയർ ചെയ്യാൻ മാത്രമാണ് കമ്പനി ഇപ്പോൾ ഈ കിഴിവ് വാഗ്ദാനം ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം മറാസോയിൽ വാഗ്ദാനം ചെയ്ത ശക്തമായ കിഴിവുകൾ കാരണം രണ്ടു വർഷത്തിന് ശേഷം മരാസോയ്ക്ക് മികച്ച വിൽപ്പന ലഭിച്ചിരുന്നു. 14.59 ലക്ഷം രൂപ മുതൽ 17 ലക്ഷം രൂപ വരെയാണ് മഹീന്ദ്ര മറാസോയുടെ എക്സ്-ഷോറൂം വില. ഇത് ആറ് അല്ലെങ്കിൽ ഏഴ് സീറ്റ് ഓപ്ഷനുകളിൽ വാങ്ങാം.
ജൂലൈയിൽ ആദ്യമായി കമ്പനി ഈ കാറിന് രണ്ട് ലക്ഷം രൂപയുടെ കിഴിവ് കൊണ്ടുവന്നിരുന്നു. നേരത്തെ, കമ്പനി ഈ കാറിന് ഏകദേശം 50,000 രൂപയുടെ കിഴിവ് നൽകിയിരുന്നു. അതുകൊണ്ടാണ് വിൽപ്പന പെട്ടെന്ന് കുതിച്ചുയർന്നത്. 2025 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ഏറ്റവും കുറഞ്ഞ വിൽപ്പനയുള്ള കാറും മറാസോ ആയിരുന്നു. 166 യൂണിറ്റുകൾ മാത്രമേ വിറ്റഴിക്കപ്പെട്ടുള്ളൂ. മറാസോയുടെ വിൽപ്പന മോശമായിരുന്നിട്ടും കമ്പനി അത് വിൽപ്പന തുടർന്നു. ഇന്ത്യൻ വിപണിയിൽ, മാരുതി എർട്ടിഗ, ടൊയോട്ട ഇന്നോവ, കിയ കാരെൻസ് തുടങ്ങിയ മോഡലുകളുമായി ഇത് മത്സരിക്കുന്നു. എങ്കിലും വിൽപ്പനയുടെ കാര്യത്തിൽ, സെഗ്‌മെന്റിലെ ഏറ്റവും വിലകുറഞ്ഞ റെനോ ട്രൈബർ എംപിവിക്ക് പിന്നിലാണ് ഇത്.
ഈ മഹീന്ദ്ര എംപിവിയിൽ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ലഭിക്കുന്നു. ഈ എഞ്ചിൻ 121 കുതിരശക്തി കരുത്തും 300 ന്യൂട്ടൺ മീറ്റർ ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇതിന് ആറ് സ്പീഡ് ഗിയർബോക്സും ലഭിക്കുന്നു. ഈ കാറിന്റെ എല്ലാ വകഭേദങ്ങളിലും എയർബാഗുകൾ, എബിഎസ്, ഇബിഡി, സുരക്ഷയ്ക്കായി റിയർ പാർക്കിംഗ് സെൻസർ തുടങ്ങിയ സവിശേഷതകൾ ഉണ്ടായിരിക്കും. ഇതിന്റെ സവിശേഷതകളെ കുറിച്ച് പറയുകയാണെങ്കിൽ, 7.0 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം (ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയോടൊപ്പം), റിമോട്ട് കീലെസ് എൻട്രി, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, സെൻട്രൽ എസി, 17 ഇഞ്ച് അലോയി വീലുകൾ തുടങ്ങിയ സവിശേഷതകൾ ഇതിലുണ്ട്.
ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.