
ഇന്ത്യയിലെ ഇടത്തരം എസ്‌യുവി വിഭാഗം അടുത്ത ഒന്നര വർഷത്തിനുള്ളിൽ വലിയ മാറ്റം കാണാൻ പോകുന്നു. ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര, റെനോ, കിയ, നിസാൻ തുടങ്ങിയ വലിയ ഓട്ടോ ബ്രാൻഡുകൾ നിരവധി പുതിയ മോഡലുകളും പ്രധാന അപ്‌ഡേറ്റുകളും ആസൂത്രണം ചെയ്തിട്ടുണ്ട്. സമീപഭാവിയിൽ നിങ്ങൾ ഒരു പുതിയ എസ്‌യുവി വാങ്ങാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ, ഈ വാർത്ത നിങ്ങൾക്കുള്ളതാണ്. ഏതൊക്കെ എസ്‌യുവികളാണ് നിരയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അവ എപ്പോൾ ലോഞ്ച് ചെയ്യുമെന്നും നമുക്ക് നോക്കാം.
ടാറ്റ സിയറ
ടാറ്റയുടെ ഐക്കണിക് സിയറ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഇത്തവണ അതൊരു ഇലക്ട്രിക് പതിപ്പിൽ നിന്നാണ് തുടങ്ങുന്നത്. ഈ സീറോ-എമിഷൻ എസ്‌യുവി നടപ്പ് സാമ്പത്തിക വർഷത്തിന്‍റെ അവസാനത്തോടെ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നീട്, അതിന്റെ പെട്രോൾ, ഡീസൽ വകഭേദങ്ങളും പുറത്തിറക്കും. അതിൽ ടാറ്റയുടെ പുതിയ 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും 2.0 ലിറ്റർ ഡീസൽ എഞ്ചിനും ലഭ്യമാകും.
റെനോ-നിസാൻ കാർ
റെനോ ട്രൈബർ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ കോംപാക്റ്റ് എംപിവി ആദ്യം പുറത്തിറക്കും. നിസാൻ ടെറാനോയുടെ പിൻഗാമിയാണെന്ന് കരുതപ്പെടുന്ന ഒരു മിഡ്‌സൈസ് എസ്‌യുവിയും ഇതിന് പിന്നാലെ പുറത്തിറങ്ങും. വരാനിരിക്കുന്ന ഡസ്റ്ററിനോട് പല തരത്തിൽ സാമ്യമുള്ള ഈ മോഡൽ സിഎംഎഫ്-ബി പ്ലസ് പ്ലാറ്റ്‌ഫോമിലാണ് ഇത് നിർമ്മിക്കുന്നത്.
മഹീന്ദ്ര XUV700 ഫെയ്‌സ്‌ലിഫ്റ്റ്
2026 ന്റെ തുടക്കത്തിൽ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ജനപ്രിയ എസ്‌യുവിയായ XUV700 ന്റെ ഒരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പും മഹീന്ദ്ര തയ്യാറാക്കുന്നുണ്ട്. പുതിയ ഇന്റീരിയറും ഉൾവശത്ത് കൂടുതൽ സവിശേഷതകളും ഉള്ളപ്പോൾ, പുറത്ത് ചെറിയഡിസൈൻ പരിഷ്‌ക്കരണങ്ങൾ ഉണ്ടായിരിക്കും. എങ്കിലും, പവർട്രെയിനിന്റെ കാര്യത്തിൽ മാറ്റമൊന്നും ഉണ്ടാകില്ല.
കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ്
ഇന്ത്യൻ റോഡുകളിൽ പരീക്ഷണ വേളയിൽ പുതുതലമുറ കിയ സെൽറ്റോസിന്റെ പ്രോട്ടോടൈപ്പുകൾ നിരന്തരം കാണപ്പെടുന്നുണ്ട്. കമ്പനി ഔദ്യോഗിക സമയക്രമം വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ ഈ പുതിയ സെൽറ്റോസ് 2026 ഓടെ ഷോറൂമുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ സെൽറ്റോസിന് ഒരു ഹൈബ്രിഡ് പവർട്രെയിൻ നൽകാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ.