
ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ട കാർസ് ഇന്ത്യ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യൻ വിപണിയിൽ പുതിയ കാറുകളുടെയും എസ്‌യുവികളുടെയും വിപുലമായ ശ്രേണി അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. എലിവേറ്റ് എസ്‌യുവിയെ അടിസ്ഥാനമാക്കി കമ്പനി ഒരു ഇലക്ട്രിക് എസ്‌യുവി പുറത്തിറക്കും. ടാറ്റ കർവ്വ് ഇവി , ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക് എന്നിവയുമായി മത്സരിക്കാൻ ഒരുങ്ങുന്ന പുതിയ ഹോണ്ട ഇലക്ട്രിക് എസ്‌യുവി അടുത്ത വർഷം എത്തും. അതേസമയം ജാപ്പനീസ് ബ്രാൻഡിൽ നിന്നുള്ള അടുത്ത വലിയ ലോഞ്ച് പുതിയ 7 സീറ്റർ എസ്‌യുവി ആയിരിക്കും എന്നാണ് റിപ്പോർട്ടുകൾ.
പുതിയ ഹോണ്ട 7 സീറ്റർ എസ്‌യുവി എലിവേറ്റിന്റെ മൂന്ന് നിര പതിപ്പായിരിക്കില്ല. പകരം, മഹീന്ദ്ര XUV700 , ടാറ്റ സഫാരി തുടങ്ങിയ മോഡലുകളെ വെല്ലുവിളിക്കാൻ കമ്പനി ഒരു പുതിയ എസ്‌യുവി സൃഷ്‍ടിക്കും എന്നാണ് റിപ്പോർട്ടുകൾ. പുതിയ മൂന്ന് നിര എസ്‌യുവി വികസിപ്പിക്കുന്നതിന് ഹോണ്ട PF2 എന്ന കോഡ് നാമത്തിൽ ഒരു പുതിയ പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. 2027 ൽ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ മൂന്നുനിര എസ്‌യുവി ബ്രാൻഡിന്റെ നിരയിൽ എലിവേറ്റിന് മുകളിലായിരിക്കും സ്ഥാനം പിടിക്കുക. റിപ്പോർട്ടുകൾ പ്രകാരം, വരാനിരിക്കുന്ന 7 സീറ്റർ എസ്‌യുവി, നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുത്തൻ PF2 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആദ്യ മോഡലായിരിക്കും. പുതിയ PF2 വൈവിധ്യമാർന്ന പ്ലാറ്റ്‌ഫോമായിരിക്കും. ഈ പ്ലാറ്റ്ഫോം പെട്രോൾ, ശക്തമായ ഹൈബ്രിഡ്, ഇലക്ട്രിക് എന്നിവയുൾപ്പെടെ വിവിധ തരം എഞ്ചിനുകളുമായി പൊരുത്തപ്പെടും.
പുതിയ 7 സീറ്റർ എസ്‌യുവി ഒരു ആഗോള എസ്‌യുവി ആയിരിക്കും. എലിവേറ്റിനും സിആർ-വിക്കും ഇടയിലായിരിക്കും ഇത് സ്ഥാനം പിടിക്കുക. പെട്രോൾ, പെട്രോൾ-ഹൈബ്രിഡ് എഞ്ചിനുകൾ ഈ മോഡലിൽ വാഗ്‍ദാനം ചെയ്യും. എലിവേറ്റിനും സിറ്റിക്കും കരുത്ത് പകരുന്ന 1.5 ലിറ്റർ, 4-സിലിണ്ടർ നാച്ചുറലി-ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ഇതിൽ ലഭിച്ചേക്കും. 119 bhp കരുത്തും 145 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ഈ എഞ്ചിന് കഴിയും. പുതിയ 7 സീറ്റർ എസ്‌യുവിക്ക് കരുത്ത് പകരാൻ ഹോണ്ട സിറ്റിയുടെ e:HEV ഹൈബ്രിഡ് പവർട്രെയിനും ഉപയോഗിച്ചേക്കും. രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ അറ്റ്കിൻസൺ സൈക്കിൾ 1.5 ലിറ്റർ, 4 സിലിണ്ടർ എഞ്ചിനാണ് ഈ എസ്‌യുവിയിൽ ലഭിക്കുക. ഈ എഞ്ചിൻ പരമാവധി 126hp കരുത്തും 253Nm ടോർക്കും സൃഷ്‍ടിക്കും. സിറ്റി ഹൈബ്രിഡിലെ എഞ്ചിൻ എആഎഐ സാക്ഷ്യപ്പെടുത്തിയ 26.5 കിമി മൈലേജ് വാഗ്ദാനം ചെയ്യുന്നു.
ഹോണ്ട 7 സീറ്റർ എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പും പരിഗണനയിലുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ട്. വരാനിരിക്കുന്ന ടാറ്റ സഫാരി ഇവി, മഹീന്ദ്ര XEV 7e അല്ലെങ്കിൽ XUV.e8 എന്നിവയ്ക്ക് എതിരാളികളായിരിക്കും ഈ ഇലക്ട്രിക് എസ്‌യുവി. പുതിയ PF2 പ്ലാറ്റ്‌ഫോം ഉപയോഗിച്ച് നാല് മീറ്ററിൽ താഴെയുള്ള എസ്‌യുവി, അടുത്ത തലമുറ സിറ്റി സെഡാൻ എന്നിവയുൾപ്പെടെ ഒന്നിലധികം ഉൽപ്പന്നങ്ങൾ വികസിപ്പിക്കും. നാല് മീറ്ററിൽ താഴെയുള്ള എസ്‌യുവി ടാറ്റ നെക്‌സോൺ, മാരുതി ബ്രെസ, മഹീന്ദ്ര XUV 3XO, ഹ്യുണ്ടായി വെന്യു തുടങ്ങിയ മോഡലുകളുമായി മത്സരിക്കും. ഈ മൂന്ന് നിര എസ്‌യുവിയുടെ രൂപകൽപ്പനയും വികസനവും ഹോണ്ടയുടെ ജപ്പാനിലെയും തായ്‌ലൻഡിലെയും ഗവേഷണ വികസന കേന്ദ്രങ്ങൾ കൈകാര്യം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ പ്രധാനമായും ഇന്ത്യയിൽ നിന്നുള്ള ഇൻപുട്ടുകളും ഉൾപ്പെടുന്നുവെന്നും വിവിധ റിപ്പോർട്ടുകൾ പറയുന്നു.