
ഹ്യുണ്ടായിയുടെ എസ്‌യുവി അൽകാസർ 2021 ജൂണിലാണ് ഇന്ത്യയിൽ പുറത്തിറങ്ങിയത്. ഇപ്പോൾ ഈ കാർ ഇന്ത്യയിൽ നാലുവർഷം പൂർത്തിയാക്കിയിരിക്കുന്നു. ഈ കാറിന് 6 അല്ലെങ്കിൽ 7 സീറ്റുകളുടെ ഓപ്ഷൻ ഉണ്ട്. കമ്പനിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറായ ക്രെറ്റയുടെ ചേസിസിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
ലോഞ്ച് ചെയ്തതുമുതൽ 2025 മെയ് അവസാനം വരെ, കമ്പനി ചെന്നൈ പ്ലാന്റിൽ നിന്ന് 1,29,440 യൂണിറ്റ് അൽകാസർ ഉത്പാദിപ്പിക്കുകയും 1,28,419 യൂണിറ്റുകൾ വിറ്റഴിക്കുകയും ചെയ്തു. ഇതിൽ 92,414 യൂണിറ്റുകൾ ഇന്ത്യയിൽ വിറ്റു. 36,005 യൂണിറ്റുകൾ കയറ്റുമതി ചെയ്തു. ഇന്ത്യൻ വിപണിയിൽ മഹീന്ദ്ര XUV700, ടാറ്റ സഫാരി, എംജി ഹെക്ടർ പ്ലസ് എന്നിവയുമായി അൽകാസർ മത്സരിക്കുന്നു.
2024 സെപ്റ്റംബറിൽ ആണ് അൽകാസറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കിയത്. പുതിയ അൽകാസറിന്റെ പുറംഭാഗത്തും ഇന്റീരിയറിലും വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഇപ്പോൾ ADAS പോലുള്ള സുരക്ഷാ സവിശേഷതകളും അതിൽ നൽകിയിട്ടുണ്ട്.
ക്രെറ്റ, വെന്യു, ട്യൂസൺ, കോന എന്നിവയ്ക്ക് ശേഷം ഹ്യുണ്ടായിയുടെ അഞ്ചാമത്തെ എസ്‌യുവിയായിരുന്നു അൽകാസർ. 6 അല്ലെങ്കിൽ 7 സീറ്റർ, സ്റ്റൈലിഷ്, സുഖകരവും സവിശേഷതകളാൽ സമ്പന്നവുമായ എസ്‌യുവി ആഗ്രഹിക്കുന്നവർക്ക് അൽകാസർ പ്രത്യേകിച്ചും അനുയോജ്യമാണ്. വലിയ ക്യാബിൻ, നല്ല സുഖസൗകര്യങ്ങൾ, സുരക്ഷാ ഉപകരണങ്ങൾ എന്നിവ ഇതിലുണ്ട്. 4,560 എംഎം ആണ് പുതിയ മോഡലിന്റെ നീളം. ഇത് ക്രെറ്റയേക്കാൾ 230 എംഎം കൂടുതലാണ്. വീതി 1800 എംഎം, ഉയരം 1710 എംഎം. വീൽബേസ് 2760 എംഎം ആണ്. ഇത് ക്രെറ്റയേക്കാൾ 150 എംഎം കൂടുതലാണ്.
160 എച്ച്പി കരുത്തും 253 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ടർബോചാർജ്ഡ് ഗ്യാസോലിൻ ഡയറക്ട് ഇഞ്ചക്ഷൻ (ജിഡിഐ) എഞ്ചിനാണ് ഹ്യുണ്ടായി അൽകാസറിന് കരുത്ത് പകരുന്നത്. എസ്‌യുവിക്ക് 10.21 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കും. ക്രെറ്റയിൽ നിന്നുള്ള ഹ്യുണ്ടായിയുടെ 1.5 ലിറ്റർ ടർബോചാർജ്ഡ് യു2 സിആർഡിഐ യൂണിറ്റാണ് ഡീസൽ എഞ്ചിൻ. 116 എച്ച്പി കരുത്തും 250 എൻഎം ടോർക്കും നൽകുന്ന ഡീസൽ എഞ്ചിനാണ് ഇത്. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർക്ക്-കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളുമായാണ് രണ്ട് എഞ്ചിനുകളും വരുന്നത്.
നിലവിൽ ഹ്യുണ്ടായി അൽകാസർ പെട്രോൾ, ഡീസൽ ഉൾപ്പെടെ 14 വകഭേദങ്ങളിൽ എത്തുന്നു. അടിസ്ഥാന 1.5 ടർബോ എക്സിക്യൂട്ടീവ് 7-സീറ്റ് പെട്രോൾ വേരിയന്റിന് 17.47 ലക്ഷം രൂപയിൽ ആരംഭിച്ച് 1.5 CRDi സിഗ്നേച്ചർ ആറ് സീറ്റർ (AT) വേരിയന്റിന് 25.40 ലക്ഷം രൂപയ്ക്ക് (രണ്ടും ഡൽഹിയിലെ ഓൺ-റോഡ് വിലകൾ) ലഭ്യമാണ്. മഹീന്ദ്ര XUV700, ടാറ്റ സഫാരി, MG ഹെക്ടർ പ്ലസ് എന്നിവയാണ് അൽകാസാറിന്റെ പ്രധാന എതിരാളികൾ.