
ഹ്യുണ്ടായ് കാറുകൾ സ്വന്തമാക്കാൻ ഒരുങ്ങുന്നവർക്ക് തിരിച്ചടി. 2026 സെപ്റ്റംബർ മുതൽ ഇന്ത്യയിലെ മുഴുവൻ മോഡൽ നിരയുടെയും വില ഒരുശതമാനം വരെ വർധിപ്പിക്കുമെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ അറിയിച്ചു. അസംസ്കൃത വസ്തുക്കളുടെയും ചരക്ക് ചെലവുകളുടെയും വർധനയാണ് വില കൂട്ടാനുള്ള പ്രധാന കാരണമെന്ന് കമ്പനി വ്യക്തമാക്കി. ആഗോളതലത്തിലെ ഭൗമരാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വങ്ങളും കമ്പനിയുടെ ചെലവുകളിൽ സമ്മർദം സൃഷ്‍ടിക്കുന്നുണ്ട്. അധിക ചെലവിന്റെ ആഘാതം പരമാവധി കുറയ്ക്കാൻ കമ്പനി ശ്രമിച്ചുവരികയാണെങ്കിലും ചെലവ് തുടർച്ചയായി ഉയരുന്ന സാഹചര്യത്തിൽ അതിന്റെ ഒരു ഭാഗം ഉപഭോക്താക്കളിലേക്ക് കൈമാറേണ്ടി വരികയാണെന്നാണ് ഹ്യുണ്ടായ് വ്യക്തമാക്കിയത്.
ഹ്യുണ്ടായിയുടെ എൻട്രി ലെവൽ മോഡലായ ഗ്രാൻഡ് ഐ10 നിയോസ് മുതൽ പ്രീമിയം ഇലക്ട്രിക് എസ്‌യുവിയായ അയോണിക് 5 വരെയുള്ള മോഡലുകൾക്ക് പുതിയ വില വർധന ബാധകമാകും. നിലവിൽ ഹ്യുണ്ടായ് കാറുകളുടെ വില ഏകദേശം 5.60 ലക്ഷം രൂപ മുതൽ 55.70 ലക്ഷം രൂപ വരെയാണ്. എന്നാൽ സെപ്റ്റംബറിൽ എത്ര രൂപയുടെ വർധന ഉണ്ടാകുമെന്നത് ഓരോ മോഡലിനെയും വകഭേദത്തെയും ആശ്രയിച്ചായിരിക്കും തീരുമാനിക്കുക.
2026ൽ ഹ്യുണ്ടായ് കാറുകളുടെ വില വർധിപ്പിക്കുന്നത് ഇത് മൂന്നാം തവണയാണ്. ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ കമ്പനി വാഹനങ്ങളുടെ വില ഏകദേശം 0.6 ശതമാനം വർധിപ്പിച്ചിരുന്നു. തുടർന്ന് ഏപ്രിലിൽ വീണ്ടും ഒരുശതമാനം വില വർധന പ്രഖ്യാപിച്ചു. ജൂൺ ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വന്നു. അന്ന് മോഡലിനെയും വകഭേദത്തെയും ആശ്രയിച്ച് വാഹനങ്ങൾക്ക് 12,800 രൂപ വരെ വില വർധിച്ചിരുന്നു.
ഹ്യുണ്ടായിയുടെ ബിസിനസിനെ ഈ വർഷം നിരവധി വെല്ലുവിളികൾ ബാധിച്ചിട്ടുണ്ട്. 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദമായ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ കമ്പനിയുടെ കയറ്റുമതിയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. പശ്ചിമേഷ്യയിലെ സംഘർഷവും കമ്പനിയുടെ വിതരണക്കാരിൽ ഒരാളായ മോബിസിന്റെ ഫാക്ടറിയിലുണ്ടായ തീപിടിത്തവും ഉൽപ്പാദനത്തെ താൽക്കാലികമായി ബാധിച്ചിരുന്നു. ഇതിന്റെ പ്രതിഫലനം കയറ്റുമതിയിലും പ്രകടമായി.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ ഹ്യുണ്ടായ് 48,140 വാഹനങ്ങളാണ് കയറ്റുമതി ചെയ്തത്. എന്നാൽ 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കയറ്റുമതി 38,708 യൂണിറ്റായി കുറഞ്ഞു. ഇത് ഏകദേശം 19.6% ഇടിവാണ്. അസംസ്‍കൃത വസ്‍തുക്കളുടെ വിലക്കയറ്റവും ആഗോള സാമ്പത്തിക സാഹചര്യങ്ങളിലെ അനിശ്ചിതത്വവും കണക്കിലെടുത്താണ് സെപ്റ്റംബർ മുതൽ പുതിയ വില വർധന നടപ്പാക്കുന്നതെന്നാണ് ഹ്യുണ്ടായ് വ്യക്തമാക്കിയിരിക്കുന്നത്.