
പ്രീമിയം എസ്‌യുവി വാങ്ങാൻ പദ്ധതിയിടുന്നവർക്ക് സന്തോഷവാർത്ത. പുതിയ തലമുറ ഓഡി ക്യു3യുടെ ആദ്യ ടീസർ പുറത്തുവിട്ട് ഓഡി ഇന്ത്യ. കമ്പനിയുടെ എൻട്രി ലെവൽ ആഡംബര എസ്‌യുവിയായ ക്യു3യുടെ രണ്ടാം തലമുറ മോഡലാണ് നിലവിൽ ഇന്ത്യൻ വിപണിയിൽ വിൽപ്പനയിലുള്ളത്. ഏകദേശം നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഡലിന് സമഗ്രമായ മാറ്റങ്ങളോടെ പുതിയ തലമുറ എത്തുന്നത്. മൂന്നാം തലമുറ ഓഡി ക്യു3 2025 ജൂണിലാണ് ആഗോളതലത്തിൽ അവതരിപ്പിച്ചത്. ഇപ്പോൾ ഇന്ത്യൻ വിപണിയിലേക്കുള്ള വരവിനാണ് വാഹനലോകം കാത്തിരിക്കുന്നത്. ഉടൻ തന്നെ പുതിയ ക്യു3 ഇന്ത്യയിലെത്തുമെന്നാണ് ടീസർ നൽകുന്ന സൂചന.
ഓഡിയുടെ ഏറ്റവും പുതിയ ഡിസൈൻ ഭാഷയ്ക്കനുസരിച്ചാണ് പുതിയ ക്യു3യുടെ രൂപകൽപ്പന. മുൻഭാഗത്താണ് ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങൾ. പ്രധാന ഹെഡ്‌ലാമ്പുകൾക്ക് മുകളിലായി എൽഇഡി ഡിആർഎല്ലുകൾ നൽകിയിട്ടുള്ള സ്പ്ലിറ്റ് ലൈറ്റിങ് സംവിധാനമാണ് വാഹനത്തിന്റെ പ്രധാന പ്രത്യേകത. വലുപ്പമേറിയ ഗ്രിൽ, പുതിയ 2ഡി ഓഡി ലോഗോ, ഗ്ലോസ് ബ്ലാക്ക് ഡിസൈൻ ഘടകങ്ങൾ എന്നിവയും വാഹനത്തിന് കൂടുതൽ സ്പോർട്ടി രൂപം നൽകുന്നു. നിലവിലെ ക്യു3യെ അപേക്ഷിച്ച് പുതിയ മോഡൽ കൂടുതൽ ഷാർപ്പും ആധുനികവും ആക്രമണാത്മകവുമായ രൂപഭാവത്തിലാണ് എത്തുന്നത്.
സൈഡ് പ്രൊഫൈലിലും കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പരമ്പരാഗതമായ ഷാർപ്പ് ലൈനുകൾക്ക് പകരം കൂടുതൽ വളവുകളും ശിൽപസമാനമായ ബോഡി ഡിസൈനുമാണ് പുതിയ ക്യു3യിൽ നൽകിയിരിക്കുന്നത്. ബോഡി കളർ വീൽ ആർച്ചുകൾ വാഹനത്തിന്റെ പ്രീമിയം ലുക്ക് വർധിപ്പിക്കുന്നു. ആഗോള മോഡലിൽ 17 മുതൽ 20 ഇഞ്ച് വരെയുള്ള അലോയ് വീൽ ഓപ്ഷനുകളും ലഭ്യമാണ്. കട്ടിയുള്ള ഡി-പില്ലർ, കണക്റ്റഡ് എൽഇഡി ടെയിൽ ലാമ്പുകൾ, പ്രകാശിക്കുന്ന ഓഡി ലോഗോ, സ്പോർട്ടി റിയർ ബമ്പർ എന്നിവയാണ് പിൻഭാഗത്തെ പ്രധാന ആകർഷണങ്ങൾ.
ഇന്ത്യൻ പതിപ്പിൽ നിലവിലെ മോഡലിലുള്ള 2.0 ലിറ്റർ ടർബോ പെട്രോൾ എൻജിൻ തന്നെ തുടർന്നേക്കും. ഈ എൻജിൻ 204 ബിഎച്ച്പി കരുത്തും 320 എൻഎം ടോർക്കും നൽകുന്നു. 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി എൻജിൻ ബന്ധിപ്പിക്കും. ഓഡിയുടെ ക്വാട്രോ ഓൾവീൽ ഡ്രൈവ് സംവിധാനവും പുതിയ ക്യു3യിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ.
പുതിയ ക്യു3യുടെ അകത്തളത്തിലും സാങ്കേതികവിദ്യയ്ക്ക് വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. ഇന്ത്യ-സ്പെക്ക് മോഡലിൽ കറുപ്പ് നിറത്തിലുള്ള പ്രീമിയം ഇന്റീരിയർ ലഭിച്ചേക്കും. 12.8 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീനും 11.9 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഡാഷ്‌ബോർഡിൽ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷ. 3 സ്പോക്ക് സ്റ്റിയറിങ് വീൽ, പവർഡ് വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ക്രമീകരിക്കാവുന്ന അണ്ടർ-തൈ സപ്പോർട്ട്, പ്രീമിയം ഓഡിയോ സംവിധാനം, 360 ഡിഗ്രി ക്യാമറ, എഡിഎഎസ് തുടങ്ങിയ ഫീച്ചറുകളും ലഭിച്ചേക്കും.
പുതിയ തലമുറ ഓഡി ക്യു3 ഇന്ത്യൻ വിപണിയിലെത്തുന്നതോടെ ആഡംബര കോംപാക്ട് എസ്‌യുവി വിഭാഗത്തിലെ മത്സരം കൂടുതൽ ശക്തമാകും. മെഴ്‌സിഡസ് ബെൻസ് ജിഎൽഎ, ബിഎംഡബ്ല്യു എക്സ്1 തുടങ്ങിയ മോഡലുകളുമായിട്ടായിരിക്കും പുതിയ ക്യു3യുടെ പ്രധാന മത്സരം. പുതിയ ഡിസൈൻ, കൂടുതൽ സാങ്കേതികവിദ്യ, ക്വാട്രോ ഓൾവീൽ ഡ്രൈവ്, പ്രീമിയം ഫീച്ചറുകൾ എന്നിവയുടെ കരുത്തിൽ ഇന്ത്യൻ വിപണിയിൽ ശക്തമായ തിരിച്ചുവരവിനാണ് പുതിയ ക്യു3 ഒരുങ്ങുന്നത്.