
2027 ൽ ഹ്യുണ്ടായി ക്രെറ്റ ഹൈബ്രിഡുമായി ഇന്ത്യയിലെ ഹൈബ്രിഡ് ശ്രേണിയിലേക്ക് ചേരാൻ ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായി പദ്ധതിയിടുന്നു. ഉയർന്ന ഇന്ധനക്ഷമതയുള്ള 1.5 ലിറ്റർ, 4 സിലിണ്ടർ പെട്രോൾ ഹൈബ്രിഡ് പവർട്രെയിൻ ഈ എസ്‌യുവിയിൽ ഉണ്ടാകും. ഈ പെട്രോൾ മോട്ടോറിന്റെ ഹൈബ്രിഡൈസേഷൻ നിർമ്മാണ ചെലവുകൾ നിയന്ത്രിക്കാനും മത്സരാധിഷ്‍ഠിത വില കൈവരിക്കാനും കമ്പനിയെ സഹായിക്കും. വരാനിരിക്കുന്ന കർശനമായ കഫെ ഫേസ് III മാനദണ്ഡങ്ങളിൽ നിന്നും ഇലക്ട്രിക് വാഹനങ്ങളുടെ വെല്ലുവിളികളിൽ നിന്നുമാണ് ഹൈബ്രിഡ് മോഡിലേക്ക് മാറാനുള്ള ഹ്യുണ്ടായിയുടെ തീരുമാനം എന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ 115bhp, 1.5L പെട്രോൾ, 160bhp, 1.5L ഡയറക്ട്-ഇഞ്ചക്ഷൻ ടർബോ പെട്രോൾ, 115bhp, 1.5L ഡീസൽ എന്നിങ്ങനെ ഹ്യുണ്ടായി ക്രെറ്റ മോഡൽ നിരയിൽ മൂന്ന് എഞ്ചിൻ ഓപ്ഷനുകൾ ലഭ്യമാണ് . അടുത്ത തലമുറ മോഡലിനൊപ്പം ഹൈബ്രിഡ് പവർട്രെയിൻ അവതരിപ്പിക്കും. പുതിയ തലമുറ ക്രെറ്റയ്ക്ക് അകത്തും പുറത്തും സമഗ്രമായ മാറ്റങ്ങൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2026 ൽ നിരത്തുകളിൽ എത്താൻ പോകുന്ന കിയ സെൽറ്റോസ് ഹൈബ്രിഡ്, റെനോ ഡസ്റ്റർ ഹൈബ്രിഡ് തുടങ്ങിയ മോഡലുകളുമായിട്ടായിരിക്കും ഹ്യുണ്ടായി ക്രെറ്റ ഹൈബ്രിഡ് മത്സരിക്കുക. പെട്രോൾ-ഹൈബ്രിഡ് പവർട്രെയിനോടുകൂടിയ റെനോ ഡസ്റ്ററിന്റെ പുനർനിർമ്മിച്ച പതിപ്പും നിസാൻ അവതരിപ്പിക്കും. അതിന്റെ ഐസിഇ എതിരാളിയുമായി താരതമ്യപ്പെടുത്തുമ്പോൾ, ക്രെറ്റ ഹൈബ്രിഡിന് തീർച്ചയായും വില കൂടും. കൂടാതെ ഉയർന്ന വകഭേദങ്ങളിൽ മാത്രമേ ഇത് വാഗ്ദാനം ചെയ്യാൻ കഴിയൂ. പുതിയ ഹ്യുണ്ടായി ഹൈബ്രിഡ് എസ്‌യുവിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സമീപഭാവിയിൽ വെളിപ്പെടുത്താൻ സാധ്യതയുണ്ട്.
ക്രെറ്റ ഹൈബ്രിഡിന് ശേഷം കമ്പനി മൂന്നുനിര ഹൈബ്രിഡ് എസ്‌യുവി പുറത്തിറക്കും. ഹ്യുണ്ടായ് Ni1i എന്ന കോഡ് നാമത്തിൽ ഇത് വികസിപ്പിക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ക്രെറ്റയിൽ ലഭിക്കുന്ന അതേ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ ഹൈബ്രിഡ് പവർട്രെയിനും ഇതിൽ ഉൾപ്പെടുത്തും. വരാനിരിക്കുന്ന ഹ്യുണ്ടായി 7 സീറ്റർ ഹൈബ്രിഡ് എസ്‌യുവി നിലവിൽ ചൈനയിൽ വിൽപ്പനയ്‌ക്കെത്തുന്ന ടക്‌സണിന്റെ (ടക്‌സൺ എൽഡബ്ല്യുബി) ലോംഗ്-വീൽബേസ് പതിപ്പിനെ അടിസ്ഥാനമാക്കി ഉള്ളതായിരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പുതിയ ഹ്യുണ്ടായി 7 സീറ്റർ ഹൈബ്രിഡ് എസ്‌യുവി കാർ ഹ്യുണ്ടായിയുടെ തലേഗാവ് പ്ലാന്റിൽ നിർമ്മിക്കും. 2025 ദീപാവലി സീസണിൽ പുറത്തിറക്കാൻ പോകുന്ന പുതുതലമുറ വെന്യുവിന്റെ ഉൽപ്പാദന കേന്ദ്രമായും ഈ പ്ലാന്റ് പ്രവർത്തിക്കും എന്നാണ് റിപ്പോർട്ടുകൾ.