
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഐസിഇ, ഇലക്ട്രിക്, ഹൈബ്രിഡ്, സിഎൻജി വിഭാഗങ്ങളിലുടനീളം തങ്ങളുടെ ഉൽപ്പന്നനിര വികസിപ്പിച്ചുകൊണ്ട് വിപണി ശക്തിപ്പെടുത്താനാണ് ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ (എച്ച്എംഐ) ലക്ഷ്യമിടുന്നത്. 2030 സാമ്പത്തിക വർഷത്തോടെ പുറത്തിറങ്ങാനിരിക്കുന്ന 26 പുതിയ മോഡലുകളാണ് കമ്പനിയുടെ ഭാവി പദ്ധതിയിൽ ഉൾപ്പെടുന്നത്. കുടുംബ കാർ വാങ്ങുന്നവർക്കായി ഒരു പുതിയ എംപിവി , വാഹനപ്രേമികൾക്കായി ഒരു ഓഫ്-റോഡ് എസ്‌യുവി, പ്രാദേശികമായി രൂപകൽപ്പന ചെയ്‌ത് വികസിപ്പിച്ചെടുത്ത ഒരു ഇലക്ട്രിക് എസ്‌യുവി എന്നിവയുടെ വികസനം ഹ്യുണ്ടായി സ്ഥിരീകരിച്ചു. ഹ്യുണ്ടായിയുടെ ആദ്യത്തെ തദ്ദേശീയമായി നിർമ്മിച്ച ഇവി എസ്‌യുവി 2027 ൽ അരങ്ങേറും. ഈ വാഹനങ്ങളെക്കുറിച്ച് വിശദമായി അറിയാം.
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഹ്യുണ്ടായി കോംപാക്റ്റ് ഇലക്ട്രിക് എസ്‌യുവി രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളോടെയാണ് വാഗ്‍ദാനം ചെയ്യുന്നത്. നഗര യാത്രകൾക്കായി സ്റ്റാൻഡേർഡ് റേഞ്ചും, ഹൈവേ ഡ്രൈവിനായി ലോംഗ് റേഞ്ചും. കൺട്രോളർ ഒടിഎ, ലെവൽ 2 എഡിഎഎസ് (ഓട്ടോണമസ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) എന്നിവയോടുകൂടിയ അഡ്വാൻസ്‍ഡ് ഇൻഫോടെയ്ൻമെന്റ് സംവിധാനവും സൂപ്പർ സ്ട്രോങ്ങ് ബോഡി സ്ട്രക്ചറും ഈ ഇവിയിൽ ഉണ്ടാകും.
52 ശതമാനം പരിസ്ഥിതി സൗഹൃദ' ഉൽപ്പന്നങ്ങൾ കൈവരിക്കാൻ ബ്രാൻഡിനെ സഹായിക്കുന്ന എട്ട് പുതിയ ഹൈബ്രിഡ് മോഡലുകൾ അവതരിപ്പിക്കുമെന്ന് ഹ്യുണ്ടായി ഇന്ത്യ സ്ഥിരീകരിച്ചിട്ടുണ്ട്. വർദ്ധിച്ചുവരുന്ന വിപണി ആവശ്യകതയും 2025 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന വരാനിരിക്കുന്ന കഫെ 3 (കോർപ്പറേറ്റ് ശരാശരി ഇന്ധനക്ഷമത)യുമാണ് ഹൈബ്രിഡ് സാങ്കേതികവിദ്യയിലേക്കുള്ള ഈ നീക്കത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ.
ഹ്യുണ്ടായിയുടെ ഭാവിയിലെ ബഹുജന വിപണി ഹൈബ്രിഡ് കാറുകളിൽ പുതിയ 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഉപയോഗിക്കാനാണ് സാധ്യത. 2026-ൽ ബയോൺ കോംപാക്റ്റ് ക്രോസ്ഓവറിൽ ഇത് അവതരിപ്പിക്കപ്പെടുമെന്നാണ് സൂചന. ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത ഈ എഞ്ചിൻ ഹൈബ്രിഡ് സിസ്റ്റവുമായി പൊരുത്തപ്പെടും. വെന്യുവിന്റെ 120 ബിഎച്ച്പി, 1.0 ടർബോ പെട്രോൾ, ക്രെറ്റയുടെ 160 ബിഎച്ച്പി, 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനേക്കാൾ ഇത് കൂടുതൽ ശക്തവും കാര്യക്ഷമവുമാണെന്ന് കമ്പനി അവകാശപ്പെടുന്നു. പുതിയ 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഒരു ഇസിവിടി അല്ലെങ്കിൽ ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ് ഉപയോഗിച്ച് വാഗ്ദാനം ചെയ്തേക്കാം എന്നാണ് റിപ്പോർട്ടുകൾ.
2027 ൽ പുറത്തിറങ്ങാനിരിക്കുന്ന പുതുതലമുറ ഹ്യുണ്ടായി ക്രെറ്റ , ഇന്ത്യയിലെ ബ്രാൻഡിന്റെ ആദ്യത്തെ ഹൈബ്രിഡ് ഓഫറായിരിക്കും. അതേ വർഷം തന്നെ ഹ്യുണ്ടായി നി1ഐ (കോഡ്‌നാമം) മൂന്ന്-വരി ഹൈബ്രിഡ് എസ്‌യുവിയും 2028 ൽ ഹ്യുണ്ടായി പാലിസേഡ് ഹൈബ്രിഡ് എസ്‌യുവിയും പുറത്തിറക്കും.