
സ്കോഡ ഒക്ടാവിയ ആർഎസ് ഒടുവിൽ ഇന്ത്യയിൽ 49.99 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ പുറത്തിറങ്ങി. പെർഫോമൻസ് സെഡാന്റെ 100 യൂണിറ്റുകൾ മാത്രമേ ഇന്ത്യൻ വിപണിയിൽ അനുവദിച്ചിട്ടുള്ളൂ. അവയെല്ലാം ഇതിനകം വിറ്റുതീർന്നു. ഡെലിവറികൾ 2025 നവംബർ 6 ന് ആരംഭിക്കും.
ആർഎസ് ബാഡ്‍ജ് പ്രകടനത്തെ മാത്രമല്ല സൂചിപ്പിക്കുന്നതെന്നും സ്കോഡ ബ്രാൻഡിലുള്ള ഉപഭോക്താക്കൾക്കുള്ള വൈകാരിക ബന്ധത്തെയും വിശ്വാസത്തെയും ഇത് പ്രതിനിധീകരിക്കുന്നുവെന്നും കമ്പനി പറയുന്നു. നാല് വർഷം/100,000 കിലോമീറ്റർ വാറന്‍റിയും നാല് വർഷത്തെ സൗജന്യ റോഡ്-സൈഡ് അസിസ്റ്റൻസും സഹിതമാണ് സ്കോഡ ഒക്ടാവിയ ആർഎസ് വാഗ്‍ദാനം ചെയ്യുന്നത്. രാജ്യത്തെ ആദ്യത്തെ ടർബോചാർജ്‍ഡ് പെട്രോൾ എഞ്ചിൻ കാറിന്റെ അരങ്ങേറ്റം കുറിക്കുന്ന 2004 ലാണ് RS ബാഡ്ജ് ആദ്യമായി ഇന്ത്യയിൽ അവതരിപ്പിച്ചത്.
7-സ്പീഡ് ഡിഎസ്‍ജി ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയ 2.0L TSI ടർബോ പെട്രോൾ എഞ്ചിനാണ് പുതിയ സ്കോഡ ഒക്ടാവിയ ആർ എസിന് കരുത്ത് പകരുന്നത്. ഈ മോട്ടോർ പരമാവധി 265bhp കരുത്തും 370Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. പെർഫോമൻസ് സെഡാൻ വെറും 6.4 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 100kmph വരെ വേഗത കൈവരിക്കുന്നു. കൂടാതെ 250kmph എന്ന പരമാവധി വേഗത വാഗ്ദാനം ചെയ്യുന്നു. ഇതിന് ഒരു അഡ്വാൻസ്‍ഡ് ഷാസി സജ്ജീകരണം, പ്രോഗ്രസീവ് സ്റ്റിയറിംഗ്, സ്പോർട്‍സ് സസ്പെൻഷൻ എന്നിവയുണ്ട്. ഇത് അതിന്റെ മൊത്തത്തിലുള്ള ഹാൻഡ്‌ലിംഗും ഡ്രൈവിംഗ് ഡൈനാമിക്സും മെച്ചപ്പെടുത്തുന്നു.
മാംബ ഗ്രീൻ, റേസ് ബ്ലൂ, കാൻഡി വൈറ്റ്, വെൽവെറ്റ് റെഡ്, മാജിക് ബ്ലാക്ക് എന്നീ അഞ്ച് നിറങ്ങളിലാണ് ഒക്ടാവിയ ആർഎസ് ലഭ്യമാകുന്നത്. 19 ഇഞ്ച് എലിയാസ് ആന്ത്രാസൈറ്റ് അലോയ് വീലുകളും ലോ-പ്രൊഫൈൽ 225/40 R19 സ്‌പോർട്‌സ് ടയറുകളിലാണ് ഈ പെർഫോമൻസ് സെഡാൻ പ്രവർത്തിക്കുന്നത്.
അളവനുസരിച്ച്, സെഡാന്‍ 4,709 എംഎം നീളവും 1,829 എംഎം വീതിയും 1,457 എംഎം ഉയരവുമുണ്ട്. 2,677 എംഎം വീൽബേസുള്ള ഇതിന് 600-ലിറ്റർ ബൂട്ട് സ്പേസ് വാഗ്ദാനം ചെയ്യുന്നു, പിൻ സീറ്റുകൾ മടക്കിവെച്ചാൽ 1,555-ലിറ്ററായി വികസിപ്പിക്കാൻ കഴിയുന്ന ഒരു സെഗ്‌മെന്റ് ലീഡിംഗ് ബൂട്ട് സ്പേസും ലഭിക്കുന്നു.