
ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ് (HMIL) തങ്ങളുടെ പ്രീമിയം എസ്‌യുവിയായ അൽകാസറിന്റെ വേരിയന്റ് നിര പുതിയ വകഭേദങ്ങൾ അവതരിപ്പിച്ചുകൊണ്ട് വിപുലീകരിച്ചു. ഡീസൽ പവർട്രെയിനിനായി ബ്രാൻഡ് ഒരു പുതിയ കോർപ്പറേറ്റ് വേരിയന്റ് അവതരിപ്പിച്ചു എന്നതാണ് പ്രധാൻ പ്രത്യേകത. ഒപ്പം വോയ്‌സ്-എനേബിൾഡ് സ്മാർട്ട് സൺറൂഫ് പോലുള്ള സവിശേഷതകളും ലഭിക്കും. ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളുടെ പ്രഖ്യാപനമനുസരിച്ച്, ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷനുകളുള്ള ഡീസൽ എഞ്ചിൻ അതിന്റെ വകഭേദത്തിൽ ഉണ്ടായിരിക്കും.
എംടിയും ഏഴ് സീറ്റ് കോൺഫിഗറേഷനുമുള്ള ഡീസൽ പവർ അൽകാസർ കോർപ്പറേറ്റ് 17.86 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് ലഭ്യമാകും. അതേസമയം ഓട്ടോമാറ്റിക് വേരിയന്റ് 19.28 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് ലഭിക്കും. ഈ വിലയിൽ, കോർപ്പറേറ്റ് വേരിയന്റ് ഡീസലും ആറ് സ്പീഡ് എംടിയും ഉള്ള പ്രസ്റ്റീജ്, പ്ലാറ്റിനം വേരിയന്റുകൾക്കിടയിലാണ് സ്ഥാനം പിടിക്കുന്നത്. കൂടാതെ, പ്രസ്റ്റീജ് വേരിയന്റിൽ ഡിസിടി ഉള്ള പെട്രോൾ എഞ്ചിൻ ബ്രാൻഡ് അവതരിപ്പിച്ചിട്ടുണ്ട്. ഈ വേരിയന്റിന് 18.63 ലക്ഷം രൂപ എക്സ്-ഷോറൂം വില വരും.
ഹ്യുണ്ടായി അൽകാസർ കോർപ്പറേറ്റ്, പ്രസ്റ്റീജ് വേരിയന്റുകളിൽ ക്വാഡ്-ബീം എൽഇഡി ഹെഡ്‌ലാമ്പുകൾ, സീക്വൻഷ്യൽ എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, 17 ഇഞ്ച് അലോയ് വീലുകൾ, പുറംഭാഗത്ത് റൂഫ് റെയിലുകൾ എന്നിവ ഉൾപ്പെടുന്നു. അതേസമയം, വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും ഉള്ള 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുഷ് ബട്ടൺ സ്റ്റാർട്ടുള്ള സ്മാർട്ട് കീ, ആംബിയന്റ് ലൈറ്റിംഗ്, ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ ഘടകങ്ങൾ ഫീച്ചറുകളുടെ പട്ടികയിൽ ഉൾപ്പെടുന്നു. സുരക്ഷയ്ക്കായി, എസ്‌യുവിക്ക് ആറ് എയർബാഗുകൾ, ഇഎസ്‌സി, എച്ച്എസി, വാഹന സ്ഥിരത മാനേജ്‌മെന്റ് എന്നിവയുണ്ട്.
1.5 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് ഹ്യുണ്ടായി അൽകാസർ ലഭ്യമാകുന്നത്. ടർബോ-പെട്രോൾ മോട്ടോർ 160 പിഎസ് പവറും 253 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ഡീസൽ എഞ്ചിൻ 116 പിഎസ് പവറും 250 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. 6 സ്പീഡ് മാനുവൽ ഗിയർബോക്സ് ലൈനപ്പിലുടനീളം സ്റ്റാൻഡേർഡാണ്. ടർബോ പെട്രോൾ എഞ്ചിനിൽ മാത്രമായി 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ലഭ്യമാണ്. അതേസമയം 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഡീസൽ എഞ്ചിനുമായി ഘടിപ്പിച്ചിരിക്കുന്നു.