
ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ഇന്ത്യയിലെ വാഹന വിപണിയിൽ അടുത്ത വർഷങ്ങളിൽ വലിയ പദ്ധതികളാണ് തയ്യാറാക്കുന്നത്. നിലവിലെ സാമ്പത്തിക വർഷമായ FY2026 മുതൽ FY2030 വരെ ഇന്ത്യയിൽ മൊത്തം 26 പുതിയ മോഡലുകൾ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം അവസാനം രണ്ടാം തലമുറ ഹ്യുണ്ടായി വെന്യു പുറത്തിറക്കിയതിനു പിന്നാലെ, ഈ മാസം ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത ഹ്യുണ്ടായി വെർണയെയും കമ്പനി വിപണിയിൽ എത്തിച്ചിരുന്നു. ഇതിന് ശേഷം 2027ഓടെ നാല് പുതിയ സ്വദേശീയമായി നിർമ്മിക്കുന്ന മോഡലുകൾ കൂടി അവതരിപ്പിക്കാനാണ് ഹ്യുണ്ടായിയുടെ പദ്ധതി.
ആദ്യമായി പുതുക്കിയ പതിപ്പായി വരാനിരിക്കുന്നത് ഹ്യുണ്ടായി എക്സ്റ്റർ ആണ്. ഈ മൈക്രോ എസ്‌യുവി ഈ വർഷം ജൂലൈയിൽ മൂന്ന് വർഷം പൂർത്തിയാക്കും. അതിനോടനുബന്ധിച്ച് മിഡ്-ലൈഫ് ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കാനാണ് സാധ്യത. വിപണിയിൽ ടാറ്റാ പഞ്ച് നേടിയ വിജയത്തിന് സമാനമായ പ്രകടനം എക്സ്റ്ററിന് ലഭിച്ചിട്ടില്ല. അതിനാൽ പുതിയ ഗ്രിൽ ഡിസൈൻ, പുതുക്കിയ ഹെഡ്‌ലാമ്പ് ഗ്രാഫിക്സ്, 15-ഇഞ്ച് അലോയ് വീലുകൾ, പുതുക്കിയ ബമ്പറുകൾ എന്നിവ ഉൾപ്പെടുന്ന രൂപഭംഗി മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ആപ്പിൾ കാർ പ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള പുതിയ ഇൻഫോടെയിൻമെന്റ് സിസ്റ്റം, പിന്നിലെ യുഎസ്‍ബി ടൈപ്പ് -സിചാർജിംഗ് പോർട്ട് എന്നിവയും ഉൾപ്പെടാം.
രണ്ടാമതായി എത്തുക രണ്ടാം തലമുറ ഹ്യുണ്ടായി ബയോൺ ആയിരിക്കും. ആദ്യ തലമുറ ബെയോൺ യൂറോപ്യൻ വിപണിയിൽ ഹ്യുണ്ടായി വെന്യുവിന് സമാനമായ മോഡലായിരുന്നു. എന്നാൽ പുതിയ തലമുറ മോഡൽ ഏഷ്യയും ലാറ്റിൻ അമേരിക്കയും ഉൾപ്പെടുന്ന വിപണികളെയും ലക്ഷ്യമിടുന്നു. ഇന്ത്യയിൽ ഇത് പുതിയ വെന്യുവിന് മുകളിലുള്ള സെഗ്മെന്റിൽ വരും. പുതിയ 1.2 ലിറ്റർ ടർബോ പെട്രോൾ എൻജിൻ പ്രധാന ആകർഷണമായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ 1.0 ലിറ്റർ ടർബോ പെട്രോൾ എൻജിൻ ഓപ്ഷനും ലഭിക്കും.
മൂന്നാമതായി, 2027-ലെ ആദ്യ പാദത്തിൽ കമ്പനി HE1i എന്ന കോഡ് നാമമുള്ള ഇലക്ട്രിക് മൈക്രോ എസ്‌യുവി അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ഇത് ടാറ്റ പഞ്ച് ഇവിക്ക് നേരിട്ടുള്ള എതിരാളിയായിരിക്കും. ബോക്സി ഡിസൈൻ, സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകൾ, പിക്സൽ സ്റ്റൈൽ റിയർ ലൈറ്റുകൾ, റൂഫ് റെയിൽസ്, ഫ്ലഷ് ഡോർ ഹാൻഡിലുകൾ എന്നിവ ഇതിന്റെ പ്രധാന ബാഹ്യ സവിശേഷതകളായിരിക്കും. അകത്ത് 9.9-ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും 12.9-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും പ്രതീക്ഷിക്കുന്നു.
അവസാനമായി, ജനപ്രിയ എസ്‌യുവിയായ ഹ്യുണ്ടായി ക്രെറ്റയുടെ മൂന്നാം തലമുറ മോഡൽ 2027-ലെ മൂന്നാം പാദത്തിൽ എത്തും. പുതിയ K3 പ്ലാറ്റ്‌ഫോമിൽ നിർമ്മിക്കുന്ന ഈ മോഡൽ നിലവിലെ പതിപ്പിനെക്കാൾ വലുതും കൂടുതൽ വിശാലവുമായിരിക്കും. പുതിയ ഡിസൈൻ, 19-ഇഞ്ച് അലോയ് വീലുകൾ, മെച്ചപ്പെട്ട NVH നിലവാരം, പവർഡ് ടെയിൽഗേറ്റ് എന്നിവ ഉൾപ്പെടുന്ന നിരവധി സവിശേഷതകളോടെ ക്രെറ്റ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ പുതിയ മോഡലുകൾ വഴി ഇന്ത്യയിലെ മൈക്രോ എസ്‌യുവി, ഇലക്ട്രിക് വാഹനങ്ങൾ, കോംപാക്റ്റ് എസ്‌യുവി തുടങ്ങിയ പ്രധാന വിഭാഗങ്ങളിൽ ഹ്യുണ്ടായ് ശക്തമായ മത്സരത്തിനൊരുങ്ങുകയാണ്.