2026 ഒക്ടോബറിൽ ആഭ്യന്തര വിൽപ്പനയിലും കയറ്റുമതിയിലും മാരുതി സുസുക്കി റെക്കോർഡ് നേട്ടം സ്വന്തമാക്കി. എസ്യുവികളുടെയും പാസഞ്ചർ വാഹനങ്ങളുടെയും ശക്തമായ ഡിമാൻഡാണ് കമ്പനിയെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയിലേക്ക് നയിച്ചത്.
ഇന്ത്യൻ വാഹന വിപണിയിൽ റെക്കോർഡ് നേട്ടവുമായി മാരുതി സുസുക്കി. 2026 ഒക്ടോബറിൽ ആഭ്യന്തര വിൽപ്പനയും കയറ്റുമതിയും ഉൾപ്പെടെ ആകെ 2,76,120 വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. ഇതോടെ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയെന്ന നേട്ടം സ്വന്തമായി. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 25 ശതമാനമാണ് വളർച്ച. 2026 മെയ് മാസത്തിൽ രേഖപ്പെടുത്തിയ ഏകദേശം 2.43 ലക്ഷം യൂണിറ്റുകളുടെ വിൽപ്പനയായിരുന്നു ഇതുവരെയുള്ള റെക്കോർഡ്.
ആഭ്യന്തര വിൽപ്പനയിൽ 20.46% വളർച്ച
2026 ഒക്ടോബറിൽ മാരുതിയുടെ ആഭ്യന്തര കാർ വിൽപ്പന 2,12,384 യൂണിറ്റിലെത്തി. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇത് 1,76,318 യൂണിറ്റായിരുന്നു. 36,066 വാഹനങ്ങളുടെ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. സെപ്റ്റംബറിലെ 1,81,838 യൂണിറ്റുകളെ അപേക്ഷിച്ചും വിൽപ്പനയിൽ വലിയ മുന്നേറ്റമുണ്ടായി. ആൾട്ടോ, ബലേനോ, സെലേറിയോ, സിയാസ്, ഡിസയർ, ഇഗ്നിസ്, എസ്-പ്രെസോ, സ്വിഫ്റ്റ്, വാഗൺആർ തുടങ്ങിയ മോഡലുകൾ ഉൾപ്പെടുന്ന മിനി, കോംപാക്ട്, മിഡ്സൈസ് വിഭാഗങ്ങളുടെ വിൽപ്പന 85,210 യൂണിറ്റുകളിൽനിന്ന് 1,00,877 യൂണിറ്റായി ഉയർന്നു.
എസ്യുവി വിൽപ്പനയിൽ 26% വർധന
മാരുതിയുടെ യൂട്ടിലിറ്റി വാഹന വിഭാഗത്തിലും മികച്ച വളർച്ചയാണ് രേഖപ്പെടുത്തിയത്. ഒക്ടോബറിൽ 97,787 വാഹനങ്ങളാണ് ഈ വിഭാഗത്തിൽ വിറ്റത്. കഴിഞ്ഞ വർഷം ഇതേ മാസം 77,571 യൂണിറ്റുകളായിരുന്നു വിൽപ്പന. 26.06 ശതമാനമാണ് വാർഷിക വളർച്ച. ബ്രെസ്സ, എർട്ടിഗ, ഇ-വിറ്റാര, ഫ്രോങ്ക്സ്, ഗ്രാൻഡ് വിറ്റാര, ഇൻവിക്റ്റോ, ജിംനി, വിക്ടോറിസ്, എക്സ്എൽ6 തുടങ്ങിയ മോഡലുകളാണ് ഈ വിഭാഗത്തിലുള്ളത്. അതേസമയം, ഈക്കോയുടെ വിൽപ്പന 13,537ൽനിന്ന് 13,720 യൂണിറ്റായി ഉയർന്നു.
കയറ്റുമതിയിൽ 59.32% മുന്നേറ്റം
ഒക്ടോബറിലെ റെക്കോർഡ് വിൽപ്പനയിൽ കയറ്റുമതിക്കും നിർണായക പങ്കുണ്ട്. 2026 ഒക്ടോബറിൽ 49,872 വാഹനങ്ങളാണ് മാരുതി കയറ്റുമതി ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 31,304 യൂണിറ്റുകളായിരുന്നു. ഇതോടെ കയറ്റുമതിയിൽ 59.32 ശതമാനം വളർച്ച രേഖപ്പെടുത്തി. കമ്പനിയുടെ ആകെ വിൽപ്പനയുടെ ഏകദേശം 18 ശതമാനവും കയറ്റുമതിയാണ്. വിദേശ വിപണികളിൽ മാരുതി വാഹനങ്ങൾക്കുള്ള ആവശ്യകത വർധിക്കുന്നതും റെക്കോർഡ് നേട്ടത്തിന് സഹായകമായി.
ടൊയോട്ടയ്ക്കുള്ള വിതരണത്തിലും വർധന
ടൊയോട്ടയ്ക്ക് മാരുതി സുസുക്കി നൽകുന്ന വാഹനങ്ങളുടെ എണ്ണത്തിലും വർധനയുണ്ടായി. ഒക്ടോബറിൽ 9,459 വാഹനങ്ങളാണ് വിതരണം ചെയ്തത്. കഴിഞ്ഞ വർഷം ഇതേ മാസം 8,915 യൂണിറ്റുകളായിരുന്നു. വാർഷികാടിസ്ഥാനത്തിൽ 6.10 ശതമാനമാണ് വളർച്ച.
മാരുതിയുടെ ലഘു വാണിജ്യ വാഹനമായ സൂപ്പർ കാരിയുടെ വിൽപ്പനയും 4,405 യൂണിറ്റിലെത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1.10 ശതമാനമാണ് വർധന. ഒക്ടോബറിൽ പാസഞ്ചർ വാഹനങ്ങളുടെയും ലഘു വാണിജ്യ വാഹനങ്ങളുടെയും ആഭ്യന്തര വിൽപ്പന 2,16,789 യൂണിറ്റായിരുന്നു. ടൊയോട്ടയ്ക്കുള്ള വിതരണവും ഉൾപ്പെടുത്തിയതോടെ മൊത്തം ആഭ്യന്തര വിൽപ്പനയുടെ അളവ് 2,26,248 യൂണിറ്റിലെത്തി. ആഭ്യന്തര വിപണിയിലെ പാസഞ്ചർ വാഹനങ്ങൾക്കും എസ്യുവികൾക്കുമുള്ള ശക്തമായ ഡിമാൻഡും കയറ്റുമതിയിലെ മുന്നേറ്റവുമാണ് മാരുതി സുസുക്കിയെ പുതിയ പ്രതിമാസ വിൽപ്പന റെക്കോർഡിലേക്ക് എത്തിച്ചത്.






