
ഇന്ത്യൻ വാഹന വിപണിയിൽ വമ്പൻ മോഡൽ നിര വികസിപ്പിക്കാനുള്ള പദ്ധതികളുമായി ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായ്. 2030-ഓടെ ഇന്ത്യയിൽ 26 പുതിയ മോഡലുകൾ അവതരിപ്പിക്കുമെന്ന് കഴിഞ്ഞ വർഷം കമ്പനി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി പെട്രോൾ, ഡീസൽ എൻജിൻ മോഡലുകൾക്ക് പുറമെ ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങളും വിപണിയിലെത്തിക്കും. എംപിവി, ഓഫ് റോഡ് എസ്യുവി വിഭാഗങ്ങളിലേക്കും ഹ്യുണ്ടായ് പ്രവേശിക്കാൻ ഒരുങ്ങുകയാണ്. പുതിയ തലമുറ ക്രെറ്റ, പ്രീമിയം മൂന്ന് നിര എസ്യുവി, പാലിസേഡ് തുടങ്ങിയ മോഡലുകൾ കമ്പനിയുടെ വരാനിരിക്കുന്ന വാഹന നിരയിൽ ഉൾപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെയാണ് ഹ്യുണ്ടായിയുടെ പുതിയ ഏഴ് സീറ്റർ എസ്യുവിയുടെ പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത്.
പുതിയ ഏഴ് സീറ്റർ എസ്യുവി പരീക്ഷണയോട്ടത്തിൽ
വിദേശത്ത് പരീക്ഷണയോട്ടം നടത്തുന്ന പുതിയ ഹ്യുണ്ടായ് എസ്യുവിയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. മൂന്ന് നിര സീറ്റുകളുള്ള പ്രീമിയം എസ്യുവിയുടെ രൂപമാണ് പരീക്ഷണ വാഹനത്തിനുള്ളത്. സ്പ്ലിറ്റ് ഹെഡ്ലാമ്പുകൾ, ബമ്പറിനോട് ചേർന്ന എയർ ഡാം, താഴ്ഭാഗത്ത് ഫോക്സ് സ്കിഡ് പ്ലേറ്റ്, വലിയ ഫ്രണ്ട് ഗ്രിൽ എന്നിവയാണ് ഡിസൈനിലെ പ്രധാന സവിശേഷതകൾ. ഗൺമെറ്റൽ ഗ്രേ നിറത്തിലുള്ള അലോയ് വീലുകൾ, വീതിയേറിയ വീൽ ആർച്ചുകൾ, ബോഡി കളർ ഒആർവിഎമ്മുകൾ എന്നിവയും വാഹനത്തിലുണ്ട്. ബോക്സി ഡിസൈനും ഉയർന്നുനിൽക്കുന്ന രൂപവുമാണ് എസ്യുവിക്ക് നൽകിയിരിക്കുന്നത്. ഹ്യുണ്ടായ് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന പ്രീമിയം ഏഴ് സീറ്റർ എസ്യുവിയുടെ പരീക്ഷണമാണ് ഇതെന്നാണ് സൂചന. കമ്പനിയുടെ ഇന്ത്യൻ മോഡൽ നിരയിൽ അൽകാസറിന് മുകളിലും ട്യൂസോണിന് താഴെയുമായിരിക്കും വാഹനത്തിന്റെ സ്ഥാനം.
കരുത്തായി സ്ട്രോങ് ഹൈബ്രിഡ് എൻജിൻ
എൻഐ1ഐ എന്ന രഹസ്യനാമത്തിൽ വികസിപ്പിക്കുന്ന പുതിയ എസ്യുവി ഹ്യുണ്ടായിയുടെ പെട്രോൾ ഹൈബ്രിഡ് സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന ആദ്യ മോഡലുകളിൽ ഒന്നായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
നിലവിലുള്ള 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനെ അടിസ്ഥാനമാക്കി ഹൈബ്രിഡ് പവർട്രെയിൻ വികസിപ്പിക്കുന്നതായാണ് വിവരം. 2027ന്റെ തുടക്കത്തിൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന അടുത്ത തലമുറ ക്രെറ്റയിലായിരിക്കും ഈ പുതിയ ഹൈബ്രിഡ് സംവിധാനം ആദ്യം അരങ്ങേറുകയെന്നും സൂചനയുണ്ട്.
പിന്നീട് ഇതേ ഹൈബ്രിഡ് പവർട്രെയിൻ മൂന്ന് നിര എസ്യുവിയിലും ഉപയോഗിച്ചേക്കും. അതേസമയം, കിയ സൊറന്റോയിൽ ഉപയോഗിക്കുന്ന 1.6 ലിറ്റർ ടർബോ പെട്രോൾ എൻജിൻ പുതിയ എസ്യുവിയിൽ നൽകാനുള്ള സാധ്യതയും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
ആധുനിക ഫീച്ചറുകളുമായി പ്രീമിയം ക്യാബിൻ
ഫീച്ചറുകളുടെ കാര്യത്തിലും പുതിയ എസ്യുവി സമ്പന്നമായിരിക്കുമെന്നാണ് പ്രതീക്ഷ. ഹ്യുണ്ടായിയുടെ പ്ലിയോസ് കണക്ട് ഇൻഫോടെയ്ൻമെന്റ് സംവിധാനം, ജനറേറ്റീവ് എഐ അടിസ്ഥാനമാക്കിയുള്ള വോയ്സ് അസിസ്റ്റന്റ്, നാല് ഡോട്ട് ചിഹ്നങ്ങളുള്ള പുതിയ സ്റ്റിയറിങ് വീൽ എന്നിവ വാഹനത്തിൽ ഇടംപിടിച്ചേക്കും. മൾട്ടി സോൺ ക്ലൈമറ്റ് കൺട്രോൾ, വെന്റിലേഷൻ, മെമ്മറി ഫംഗ്ഷനുകളുള്ള ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റുകൾ, ലെതറെറ്റ് അപ്ഹോൾസ്റ്ററി, പനോരമിക് സൺറൂഫ് എന്നിവയും പ്രതീക്ഷിക്കാം. സുരക്ഷയ്ക്കായി ലെവൽ രണ്ട് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സംവിധാനവും ലഭിച്ചേക്കും.
മഹീന്ദ്ര എക്സ്യുവി 7 എക്സ്ഒയ്ക്കും ടാറ്റ സഫാരിക്കും എതിരാളി
ഇന്ത്യയിൽ വിപണിയിലെത്തുമ്പോൾ മഹീന്ദ്ര എക്സ്യുവി 7 എക്സ്ഒ, ടാറ്റ സഫാരി തുടങ്ങിയ മോഡലുകളുമായിട്ടായിരിക്കും പുതിയ ഹ്യുണ്ടായ് എസ്യുവിയുടെ പ്രധാന മത്സരം. സ്ട്രോങ് ഹൈബ്രിഡ് എൻജിൻ അവതരിപ്പിക്കുകയാണെങ്കിൽ കിയ സൊറന്റോ, വരാനിരിക്കുന്ന ഏഴ് സീറ്റർ റെനോ ഡസ്റ്റർ തുടങ്ങിയ മോഡലുകൾക്കും ഇത് എതിരാളിയാകും.
എന്നാൽ പുതിയ എസ്യുവിയുടെ പേര്, എൻജിൻ വിവരങ്ങൾ, ലോഞ്ച് തീയതി, വില എന്നിവ സംബന്ധിച്ച് ഹ്യുണ്ടായ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. കൂടുതൽ വിവരങ്ങൾ വരും മാസങ്ങളിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.