ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ ടാറ്റ, മഹീന്ദ്ര, റെനോ, ഹോണ്ട തുടങ്ങിയ കമ്പനികൾ പുതിയ മോഡലുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. വരും വർഷങ്ങളിൽ വിപണിയിലെത്തുന്ന അഞ്ച് പ്രധാന ഇലക്ട്രിക് എസ്‌യുവികളെക്കുറിച്ചുള്ള വിവരങ്ങളാണ് ഇവിടെ നൽകുന്നത്.

ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ പുതിയ മോഡലുകളുമായി വാഹന നിർമാതാക്കൾ. ടാറ്റ, മഹീന്ദ്ര, റെനോ, ഹോണ്ട, വിൻഫാസ്റ്റ് തുടങ്ങിയ കമ്പനികൾ വരും വർഷങ്ങളിൽ പുതിയ ഇലക്ട്രിക് എസ്‌യുവികൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. നിലവിലുള്ള മോഡലുകളുടെ ഇലക്ട്രിക് പതിപ്പുകൾക്കൊപ്പം പുത്തൻ ഡിസൈനിലും സാങ്കേതികവിദ്യയിലുമുള്ള വാഹനങ്ങളും വിപണിയിലെത്തും.

1. റെനോ ബ്രിഡ്‍ജർ ഇവി

ഇന്ത്യൻ വിപണിക്കായി ബ്രിഡ്‍ജർ എന്ന പേരിൽ പുതിയ കോംപാക്ട് എസ്‌യുവി അവതരിപ്പിക്കാനാണ് റെനോയുടെ പദ്ധതി. 2026 മാർച്ചിൽ ഇതിന്റെ കൺസെപ്റ്റ് കമ്പനി പ്രദർശിപ്പിച്ചിരുന്നു. പെട്രോൾ, ഹൈബ്രിഡ്, ഇലക്ട്രിക് പതിപ്പുകളിൽ വാഹനം എത്തിയേക്കും. ഇലക്ട്രിക് മോഡലിൽ 35 കിലോവാട്ട് അവർ, 55 കിലോവാട്ട് അവർ ബാറ്ററി ഓപ്ഷനുകൾ പ്രതീക്ഷിക്കുന്നു. നാല് മീറ്ററിൽ താഴെ നീളവും 200 എംഎം ഗ്രൗണ്ട് ക്ലിയറൻസുമുള്ള വാഹനത്തിന്റെ പ്രൊഡക്ഷൻ പതിപ്പ് 2027 അവസാനത്തോടെ എത്തുമെന്നാണ് സൂചന.

2. പുതുതലമുറ ടാറ്റ നെക്‌സോൺ ഇവി

ഗരുഡ എന്ന രഹസ്യനാമത്തിൽ പുതിയ തലമുറ നെക്‌സോൺ ഇവിയുടെ നിർമാണത്തിലാണ് ടാറ്റ മോട്ടോഴ്‌സ്. പരീക്ഷണയോട്ടത്തിനിടെ വാഹനത്തിന്റെ ഇലക്ട്രിക് പതിപ്പും കണ്ടെത്തിയിട്ടുണ്ട്. പുറംരൂപത്തിലും അകത്തളത്തിലും വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ. പുതിയ ഡാഷ്‌ബോർഡും പരിഷ്‌കരിച്ച ഫീച്ചറുകളും വാഹനത്തിലുണ്ടായേക്കും. 2027ൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന മോഡലിന്റെ ബാറ്ററി, റേഞ്ച് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

3. മഹീന്ദ്ര ഥാർ ഇലക്ട്രിക്

മഹീന്ദ്രയുടെ ഥാർ ഇലക്ട്രിക് ഏറെക്കാലമായി വാഹനലോകത്ത് ചർച്ചയാണ്. 2023ൽ ഥാർ.ഇ കൺസെപ്റ്റും 2025ൽ വിഷൻ ടി കൺസെപ്റ്റും കമ്പനി അവതരിപ്പിച്ചിരുന്നു. പരീക്ഷണയോട്ടത്തിനിടെയും വാഹനം കണ്ടെത്തിയിട്ടുണ്ട്. കരുത്തുറ്റ എസ്‌യുവി രൂപത്തിനൊപ്പം ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ സൗകര്യങ്ങളും പ്രതീക്ഷിക്കുന്നു. മഹീന്ദ്രയുടെ എൻയു.ഐക്യു ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയാകും നിർമാണം. പ്രൊഡക്ഷൻ പതിപ്പ് പൂർണമായും ഇലക്ട്രിക് ആയിരിക്കുമോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ല.

4. ഹോണ്ട ആൽഫ

ഇന്ത്യയിൽ നിർമിക്കുന്ന ആദ്യ ഇലക്ട്രിക് എസ്‌യുവിയായ ആൽഫ അവതരിപ്പിക്കാൻ ഹോണ്ട ഒരുങ്ങുകയാണ്. 2025ലെ ആൽഫ കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയുള്ള മോഡൽ 2026 ഡിസംബർ 2ന് ആഗോളതലത്തിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. രാജസ്ഥാനിലെ തപുക്ഡയിലായിരിക്കും നിർമാണം. കൂപ്പെ ശൈലിയിലുള്ള മേൽക്കൂരയും ആധുനിക മുൻഭാഗ രൂപകൽപ്പനയും വാഹനത്തിന്റെ പ്രത്യേകതകളായിരിക്കും. 65 മുതൽ 75 കിലോവാട്ട് അവർ വരെയുള്ള എൽഎഫ്പി ബാറ്ററിയും മുൻവശത്തെ ഇലക്ട്രിക് മോട്ടോറും പ്രതീക്ഷിക്കുന്നു.

5. വിൻഫാസ്റ്റ് വിഎഫ്5

വിയറ്റ്നാമീസ് വാഹന നിർമാതാക്കളായ വിൻഫാസ്റ്റ് താങ്ങാനാവുന്ന വിലയിലുള്ള ഇലക്ട്രിക് എസ്‌യുവിയായി വിഎഫ്5 ഇന്ത്യയിലെത്തിച്ചേക്കും. പുതുക്കിയ മുൻഭാഗം, സ്ലിം ഹെഡ്‌ലാമ്പുകൾ, പുതിയ ബമ്പറുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലുണ്ടാകാം. ക്യാബിനിൽ വലിയ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനും പുതിയ സ്റ്റിയറിങ് വീലും പ്രതീക്ഷിക്കുന്നു.

അന്താരാഷ്ട്ര വിപണിയിൽ 29.6 കിലോവാട്ട് അവർ, 37.23 കിലോവാട്ട് അവർ എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്ഷനുകളിലാണ് വാഹനം ലഭിക്കുന്നത്. ഇവയ്ക്ക് യഥാക്രമം 268 കിലോമീറ്റർ, 326 കിലോമീറ്റർ എൻഇഡിസി റേഞ്ചാണുള്ളത്. ഈ അഞ്ച് മോഡലുകളും വിപണിയിലെത്തുന്നതോടെ ഇന്ത്യയിലെ ഇലക്ട്രിക് എസ്‌യുവി വിഭാഗത്തിൽ മത്സരം കൂടുതൽ ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.