
ഇന്ത്യൻ വാഹന വിപണിയിലേക്ക് പുതിയ പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്യുവിയുമായി ജെഎസ്ഡബ്ല്യു മോട്ടോഴ്സ് എത്തുന്നു. ജെഎസ്ഡബ്ല്യു കോംബാറ്റ് എന്ന് പേരിട്ടിരിക്കുന്ന പുതിയ എസ്യുവി 2026 ഡിസംബർ 3ന് ഇന്ത്യയിൽ അവതരിപ്പിക്കും. സ്വതന്ത്ര പാസഞ്ചർ വാഹന നിർമാതാക്കളെന്ന നിലയിൽ ജെഎസ്ഡബ്ല്യു മോട്ടോഴ്സിന്റെ ഇന്ത്യൻ വിപണിയിലെ അരങ്ങേറ്റം കൂടിയാകും ഈ മോഡൽ. ചൈനീസ് വിപണിയിൽ വിൽപ്പനയ്ക്കുള്ള ചെറി ജെറ്റൂർ ടി2 അടിസ്ഥാനമാക്കിയാണ് കോംബാറ്റ് ഒരുങ്ങുന്നത്. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലുള്ള ജെഎസ്ഡബ്ല്യു മോട്ടോഴ്സിന്റെ പ്ലാന്റിലായിരിക്കും വാഹനത്തിന്റെ അസംബ്ലിങ്.
പുതിയ ജെഎസ്ഡബ്ല്യു കോംബാറ്റിന്റെ വില അവതരണത്തിന് ശേഷമുള്ള മാസങ്ങളിൽ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 25 ലക്ഷം രൂപ മുതൽ 30 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്റെ എക്സ്ഷോറൂം വിലയെന്നാണ് സൂചന. ഈ വിലനിലവാരത്തിൽ എംജി ഹെക്ടർ ടോമാഹോക്ക് പ്ലഗ്-ഇൻ ഹൈബ്രിഡായിരിക്കും കോംബാറ്റിന്റെ പ്രധാന എതിരാളി. നിലവിൽ 25.70 ലക്ഷം രൂപ മുതൽ 27.80 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ വില.
ചെറി ജെറ്റൂർ ടി2ക്ക് സമാനമായി 1.5 ലിറ്റർ, 4 സിലിണ്ടർ ഡയറക്ട് ഇഞ്ചക്ഷൻ ടർബോ പെട്രോൾ എൻജിനായിരിക്കും കോംബാറ്റിലും പ്രതീക്ഷിക്കുന്നത്. രണ്ട് ഇലക്ട്രിക് മോട്ടോറുകളും 18.4 കിലോവാട്ട് അവർ ബാറ്ററി പാക്കും ഉൾപ്പെടുന്ന പ്ലഗ്-ഇൻ ഹൈബ്രിഡ് സംവിധാനമാണ് വാഹനത്തിലുണ്ടാകുക. ഈ പവർട്രെയിൻ സംയുക്തമായി 360 ബിഎച്ച്പി കരുത്തും 610 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. 3 സ്പീഡ് ഡിഎച്ച്ടി ട്രാൻസ്മിഷനാണ് പ്രതീക്ഷിക്കുന്നത്. ഫ്രണ്ട് വീൽ ഡ്രൈവ് സംവിധാനത്തിലായിരിക്കും വാഹനം എത്തുക.
ഇലക്ട്രിക് മോഡിൽ മാത്രം ഏകദേശം 90 കിലോമീറ്റർ സഞ്ചരിക്കാൻ കോംബാറ്റിന് സാധിക്കുമെന്നാണ് പ്രതീക്ഷ. എൻഇഡിസി പരിശോധനാ രീതിയിലുള്ള കണക്കാണിത്. പെട്രോൾ ടാങ്ക് പൂർണമായും നിറച്ചും ബാറ്ററി പൂർണമായി ചാർജ് ചെയ്തും ഉപയോഗിക്കുമ്പോൾ ആകെ ഡ്രൈവിങ് റേഞ്ച് 1,100 കിലോമീറ്ററിലധികമായിരിക്കും. എസി, ഡിസി ഫാസ്റ്റ് ചാർജിങ് സംവിധാനങ്ങളെ പിന്തുണയ്ക്കുന്നതാണ് ഈ ഹൈബ്രിഡ് സാങ്കേതികവിദ്യ. 50 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ബാറ്ററി 30 ശതമാനത്തിൽ നിന്ന് 80 ശതമാനത്തിലെത്തിക്കാൻ ഏകദേശം 27 മിനിറ്റ് മതിയാകും.
ചൈനീസ് മോഡലായ ജെറ്റൂർ ടി2ക്ക് സമാനമായ ക്യാബിൻ ഡിസൈനും ഫീച്ചറുകളുമായിരിക്കും കോംബാറ്റിലും പ്രതീക്ഷിക്കുന്നത്. നീലയും വെള്ളയും നിറങ്ങൾ ചേർന്ന ക്യാബിൻ തീം, ഉയർന്ന രീതിയിലുള്ള ഡാഷ്ബോർഡ്, കോൺട്രാസ്റ്റ് ഡിസൈനിലുള്ള ഡാർക്ക് ലെതറെറ്റ് സീറ്റുകൾ, ആധുനിക സെന്റർ കൺസോൾ എന്നിവ വാഹനത്തിന്റെ പ്രത്യേകതകളായിരിക്കും.
15.6 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഡ്രൈവർ സീറ്റിന് 6-വേ പവർ അഡ്ജസ്റ്റ്മെന്റ്, മുൻ യാത്രക്കാരന്റെ സീറ്റിന് 4-വേ പവർ അഡ്ജസ്റ്റ്മെന്റ് എന്നിവയും പ്രതീക്ഷിക്കുന്നു. 50 വാട്ട് വയർലെസ് ഫോൺ ചാർജർ, 12 സ്പീക്കറുകളുള്ള സോണി സൗണ്ട് സിസ്റ്റം, 540 ഡിഗ്രി ക്യാമറ, ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (എഡിഎഎസ്) എന്നിവയും വാഹനത്തിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
മോണോകോക്ക് പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന കോംബാറ്റിന് 205 എംഎം ഗ്രൗണ്ട് ക്ലിയറൻസ് ലഭിക്കുമെന്നാണ് പ്രതീക്ഷ. 28 ഡിഗ്രി അപ്രോച്ച് ആംഗിളും 30 ഡിഗ്രി ഡിപ്പാർച്ചർ ആംഗിളും വാഹനത്തിന്റെ ഓഫ്റോഡ് ശേഷി വർധിപ്പിക്കും. ഹൈബ്രിഡ് സാങ്കേതികവിദ്യയും മികച്ച റേഞ്ചും ആധുനിക ഫീച്ചറുകളും ഒത്തുചേരുന്ന കോംബാറ്റ് ഇന്ത്യൻ എസ്യുവി വിപണിയിൽ ശ്രദ്ധേയമായ സാന്നിധ്യമാകുമോയെന്നാണ് വാഹനലോകം ഉറ്റുനോക്കുന്നത്.