ഇന്ത്യൻ കോംപാക്ട് എസ്യുവി വിപണിയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുന്നു. ഹ്യുണ്ടായി അയോണിക് പി, പുതിയ ടാറ്റ നെക്സോൺ ഇവി എന്നിവ ഈ മാറ്റത്തിന് തുടക്കം കുറിക്കും.
ഇന്ത്യൻ വാഹന വിപണിയിൽ ഏറ്റവും കൂടുതൽ മത്സരം നടക്കുന്ന വിഭാഗങ്ങളിലൊന്നാണ് നാല് മീറ്ററിൽ താഴെയുള്ള കോംപാക്ട് എസ്യുവി സെഗ്മെന്റ്. ടാറ്റ പഞ്ച്, നെക്സോൺ, മാരുതി ബ്രെസ, ഫ്രോങ്ക്സ്, ഹ്യുണ്ടായി വെന്യു, എക്സ്റ്റർ, കിയ സോണറ്റ് തുടങ്ങി നിരവധി മോഡലുകളാണ് ഈ വിഭാഗത്തിൽ വിപണിയിലുള്ളത്. ആകർഷകമായ ഡിസൈൻ, മികച്ച ഫീച്ചറുകൾ, വിവിധ എൻജിൻ ഓപ്ഷനുകൾ, താങ്ങാനാകുന്ന വില എന്നിവയാണ് ഈ വാഹനങ്ങളുടെ ജനപ്രീതിക്ക് പിന്നിൽ.
ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ഉപഭോക്താക്കളുടെ താൽപര്യം വർധിക്കുന്നതിനൊപ്പം കോംപാക്ട് എസ്യുവി വിഭാഗത്തിലും പുതിയ ഇലക്ട്രിക് മോഡലുകൾ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വാഹന നിർമാതാക്കൾ. ഇതിന്റെ ഭാഗമായി ഹ്യുണ്ടായിയും ടാറ്റ മോട്ടോഴ്സും പുതിയ ഇലക്ട്രിക് എസ്യുവികളുമായി എത്തുകയാണ്. ഹ്യുണ്ടായി അയോണിക് പി, പുതുതലമുറ ടാറ്റ നെക്സോൺ ഇവി എന്നിവയാണ് വരാനിരിക്കുന്ന പ്രധാന മോഡലുകൾ.
ഹ്യുണ്ടായി അയോണിക് പി; വരവ് 2027 മാർച്ചിനകം
ഹ്യുണ്ടായി മോട്ടോർ ഇന്ത്യയുടെ പുതിയ കോംപാക്ട് ഇലക്ട്രിക് എസ്യുവിയാണ് അയോണിക് പി. നിലവിൽ എച്ച്ഇ1ഐ എന്ന കോഡ് നാമത്തിൽ വികസിപ്പിക്കുന്ന വാഹനത്തിന്റെ ഉൽപ്പാദന പതിപ്പ് അയോണിക് പി എന്ന പേരിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ വിപണിയെ ലക്ഷ്യമിട്ട് പ്രത്യേകം വികസിപ്പിക്കുന്ന ഈ വാഹനം കമ്പനിയുടെ ഇലക്ട്രിക് വാഹന നിരയിൽ ക്രെറ്റ ഇലക്ട്രിക്കിന് താഴെയായിരിക്കും സ്ഥാനം പിടിക്കുക. 2027 മാർച്ചിനകം പുതിയ ഇലക്ട്രിക് എസ്യുവി വിപണിയിലെത്തിക്കുമെന്ന് ഹ്യുണ്ടായി സ്ഥിരീകരിച്ചിട്ടുണ്ട്. വിപണിയിലെത്തുമ്പോൾ കിയ സൈറോസ് ഇവി, ടാറ്റ നെക്സോൺ ഇവി, മഹീന്ദ്ര എക്സ്യുവി 3എക്സ്ഒ ഇവി തുടങ്ങിയ മോഡലുകളുമായിരിക്കും പ്രധാന മത്സരം.
രണ്ട് ബാറ്ററി ഓപ്ഷനുകൾ
ഹ്യുണ്ടായിയുടെ പ്രത്യേക ഇലക്ട്രിക് വാഹന പ്ലാറ്റ്ഫോമായ ഇ-ജിഎംപി (കെ) അടിസ്ഥാനമാക്കിയായിരിക്കും അയോണിക് പി നിർമിക്കുക. സ്റ്റാൻഡേർഡ് റേഞ്ച്, ലോംഗ് റേഞ്ച് എന്നിങ്ങനെ രണ്ട് പതിപ്പുകളിൽ വാഹനം ലഭ്യമാകും. എന്നാൽ ബാറ്ററി ശേഷി, മോട്ടോറിന്റെ കരുത്ത്, ഒറ്റ ചാർജിൽ ലഭിക്കുന്ന ദൂരം തുടങ്ങിയ വിവരങ്ങൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ആദ്യഘട്ടത്തിൽ ചൈനീസ് കമ്പനിയായ സ്വോൾട്ടിൽ നിന്നായിരിക്കും വാഹനത്തിനാവശ്യമായ ബാറ്ററി സെല്ലുകൾ ഹ്യുണ്ടായി ഇറക്കുമതി ചെയ്യുക. കമ്പനിയുടെ ആഗോള ഇലക്ട്രിക് വാഹന മോഡലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈൻ ഘടകങ്ങളും പുതിയ വാഹനത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷ. വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം, പൂർണമായും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കണക്റ്റഡ് കാർ സാങ്കേതികവിദ്യ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി, ഒന്നിലധികം യുഎസ്ബി ചാർജിങ് പോർട്ടുകൾ, ലെവൽ 2 എഡിഎഎസ് തുടങ്ങിയ ഫീച്ചറുകളും പ്രതീക്ഷിക്കുന്നുണ്ട്.
പുതുതലമുറ ടാറ്റ നെക്സോൺ ഇവിയും വരുന്നു
ടാറ്റ മോട്ടോഴ്സിന്റെ ഏറ്റവും ജനപ്രിയ മോഡലുകളിലൊന്നായ നെക്സോണിന് അടുത്ത വർഷം തലമുറ മാറ്റം ലഭിക്കും. നെക്സോണിന്റെ പെട്രോൾ, ഡീസൽ പതിപ്പുകൾക്കൊപ്പം ഇലക്ട്രിക് പതിപ്പിനും വലിയ പരിഷ്കരണങ്ങളുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. പ്രോജക്ട് ഗാർഡ് എന്ന രഹസ്യനാമത്തിലാണ് പുതിയ നെക്സോൺ വികസിപ്പിക്കുന്നത്.
നിലവിലെ പ്ലാറ്റ്ഫോമിന്റെ കാര്യമായി പരിഷ്കരിച്ച പതിപ്പിലായിരിക്കും പുതിയ വാഹനം നിർമിക്കുക. പരീക്ഷണയോട്ടത്തിനിടെ കണ്ടെത്തിയ വാഹനത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ ഡിസൈൻ മാറ്റങ്ങളെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചിട്ടുണ്ട്. നിലവിലെ മോഡലിനെക്കാൾ ഉയരവും കൂടുതൽ നേരായ രൂപഭാവവുമാണ് പുതിയ വാഹനത്തിനുള്ളത്. മുൻഭാഗം പൂർണമായും പരിഷ്കരിക്കുന്നതിനൊപ്പം വശങ്ങളിലും പിൻഭാഗത്തും കാര്യമായ മാറ്റങ്ങളുണ്ടാകും.
അകത്തളത്തിലും വൻ മാറ്റങ്ങൾ
പുതിയ നെക്സോണിന്റെ ഇന്റീരിയറിലും ഫീച്ചറുകളിലും സാങ്കേതികവിദ്യയിലും വലിയ മുന്നേറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ. പുറത്തുവന്ന പരീക്ഷണ ചിത്രങ്ങൾ പുതിയ ഡാഷ്ബോർഡും രണ്ട് സ്വതന്ത്ര ഡിജിറ്റൽ ഡിസ്പ്ലേകളും വാഹനത്തിലുണ്ടാകുമെന്ന സൂചന നൽകുന്നു. പവർഡ് ഫ്രണ്ട് സീറ്റുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ സൗകര്യങ്ങളും പുതിയ മോഡലിൽ പ്രതീക്ഷിക്കുന്നുണ്ട്. മികച്ച മെറ്റീരിയലുകളും കൂടുതൽ ആധുനികമായ ക്യാബിൻ രൂപകൽപ്പനയും പുതിയ നെക്സോണിന്റെ പ്രത്യേകതകളാകുമെന്നാണ് സൂചന.
നിലവിലെ ബാറ്ററി ഓപ്ഷനുകൾ തുടരുമോ?
നിലവിൽ ടാറ്റ നെക്സോൺ ഇവി 30 കിലോവാട്ട് അവർ, 45 കിലോവാട്ട് അവർ എന്നിങ്ങനെ രണ്ട് ബാറ്ററി പാക്കുകളിലാണ് വിപണിയിലുള്ളത്. ഇവ യഥാക്രമം 275 കിലോമീറ്ററും 489 കിലോമീറ്ററും എംഐഡിസി ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. 2027-ൽ എത്തുന്ന പുതുതലമുറ നെക്സോൺ ഇവിയിലും നിലവിലെ പവർട്രെയിൻ ഓപ്ഷനുകൾ തുടരാനാണ് സാധ്യത. അതേസമയം ബാറ്ററിയുടെ താപനിയന്ത്രണ സംവിധാനം, ഇലക്ട്രിക് മോട്ടോറിന്റെ കാര്യക്ഷമത, ഊർജ നിയന്ത്രണ സോഫ്റ്റ്വെയർ, റീജനറേറ്റീവ് ബ്രേക്കിങ് സംവിധാനം എന്നിവയിൽ ടാറ്റ കൂടുതൽ മെച്ചപ്പെടുത്തലുകൾ വരുത്തിയേക്കും. പുതിയ ഹ്യുണ്ടായി അയോണിക് പിയും പുതുതലമുറ ടാറ്റ നെക്സോൺ ഇവിയും എത്തുന്നതോടെ ഇന്ത്യയിലെ താങ്ങാനാകുന്ന വിലയിലുള്ള ഇലക്ട്രിക് എസ്യുവി വിപണിയിൽ മത്സരം കൂടുതൽ ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
















