കിയ ഇന്ത്യയുടെ ബക്കിള്‍ അപ്പ് റോഡ് സുരക്ഷാ പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്

Published : Mar 12, 2026, 01:02 PM IST
 Kia Seltos

Synopsis

കിയ ഇന്ത്യ, ടി എസ് എല്‍ ഫൗണ്ടേഷനുമായി സഹകരിച്ച് തങ്ങളുടെ 'ബക്കിള്‍ അപ്പ്' റോഡ് സുരക്ഷാ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. മന്ത്രി അജയ് ടംട ഉദ്ഘാടനം ചെയ്ത പുതിയ ഘട്ടം, ഡല്‍ഹി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ 20,000 കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കാൻ ലക്ഷ്യമിടുന്നു. 

രാജ്യത്തെ പ്രീമിയം കാര്‍ നിര്‍മാതാക്കളില്‍ ഒന്നായ കിയ ഇന്ത്യ, തന്റെ മുഖ്യ റോഡ് സുരക്ഷാ പ്രവര്‍ത്തനമായ ‘ബക്കിള്‍ അപ്പ്’ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചതായി അറിയിച്ചു. റോഡ് ഗതാഗത-ദേശീയപാത വകുപ്പിന്റെ മേല്‍നോട്ടത്തില്‍, ടി എസ് എല്‍ ഫൗണ്ടേഷനുമായി ചേര്‍ന്നാണ് പദ്ധതി വിപുലീകരിക്കുന്നത്. പുതിയ ഘട്ടത്തിന്റെ ഉദ്ഘാടനം റോഡ് ട്രാൻസ്‌പോർട്- ദേശീയപാത മന്ത്രി (മിനിസ്റ്റർ ഓഫ് സ്റ്റേറ്റ്) അജയ് ടംട ന്യൂഡല്‍ഹിയിലെ ട്രാന്‍സ്‌പോര്‍ട്ട് ഭവനില്‍ നിര്‍വഹിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കിയ ഇന്ത്യയുടെ നേതൃത്വവും ചടങ്ങില്‍ പങ്കെടുത്തു. പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കുന്നതിനായി കിയ ഇന്ത്യയും ടി എസ് എല്‍ ഫൗണ്ടേഷനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു. അടുത്ത രണ്ട് വര്‍ഷത്തിനിടെ ഡല്‍ഹി ദേശീയ തലസ്ഥാനം മേഖലയിലും ഉത്തരാഖണ്ഡിലുമായി പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത് എന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.

രണ്ടാം ഘട്ടത്തിന്റെ ഭാഗമായി നൂറ് കോളേജുകളിലായി ഇരുപതിനായിരത്തോളം വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി പരിശീലനവും ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും. സിമുലേറ്റര്‍ അടിസ്ഥാനത്തിലുള്ള അനുഭവപരിചയ പരിശീലനങ്ങളിലൂടെ യുവാക്കളെ യാഥാര്‍ഥ്യ റോഡ് അപകട സാധ്യതകള്‍ മനസിലാക്കാനും സുരക്ഷിതമായ ഡ്രൈവിംഗ് ശീലങ്ങള്‍ സ്വീകരിക്കാനും സഹായിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ഇതിന് മുമ്പ് 2024 ഫെബ്രുവരിയില്‍ ആരംഭിച്ച് 2025 ഫെബ്രുവരി വരെ നടപ്പിലാക്കിയ ആദ്യ ഘട്ടത്തില്‍ ഗുരുഗ്രാം ട്രാഫിക് പൊലീസുമായി ചേര്‍ന്ന് കിയ ഇന്ത്യ റോഡ് സുരക്ഷയില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയിരുന്നു. അപകട സാധ്യത കൂടുതലുള്ള പ്രദേശങ്ങളില്‍ എഴുന്നൂറ് അമ്പത് ക്രാഷ് ബാരിയറുകള്‍ സ്ഥാപിച്ചതോടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ പദ്ധതി നിര്‍ണായക പങ്കുവഹിച്ചു. കൂടാതെ നൂറ് സ്‍കൂളുകളിലായി സംഘടിപ്പിച്ച ബോധവത്കരണ പരിപാടികളിലൂടെ ഏകദേശം മുപ്പത്തിരണ്ടായിരത്തോളം വിദ്യാര്‍ഥികളിൽ റോഡ് സുരക്ഷയെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിച്ചു.

ആദ്യ ഘട്ടത്തില്‍ രൂപപ്പെടുത്തിയ ഈ അടിസ്ഥാനത്തെ തുടര്‍ന്നാണ് ഇപ്പോള്‍ പദ്ധതി കൂടുതല്‍ വിപുലീകരിക്കുന്നത്. രണ്ടാം ഘട്ടം ഏപ്രില്‍ മുതല്‍ 2028 മാര്‍ച്ച് വരെ നടപ്പിലാക്കും. ഡല്‍ഹി ദേശീയ തലസ്ഥാനം മേഖലയിലും ഉത്തരാഖണ്ഡിലുമുള്ള അപകട സാധ്യതയുള്ള മേഖലകളില്‍, പ്രത്യേകിച്ച് ഗുരുഗ്രാമിലും ഡല്‍ഹി–ഉത്തരാഖണ്ഡ് ഹൈവേയിലുമായി കൂടുതല്‍ ക്രാഷ് ബാരിയറുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഓണ്‍ലൈനിലും നേരിട്ടുമുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളും ഇതിന്റെ ഭാഗമാകും.

ധാരണാപത്രം ഒപ്പുവെച്ച ചടങ്ങില്‍ സംസാരിച്ച സംസ്ഥാനമന്ത്രി അജയ് ടംട, റോഡ് സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി അടിസ്ഥാന സൗകര്യ വികസനവും ബോധവത്കരണ പ്രവര്‍ത്തനങ്ങളും സംയോജിപ്പിച്ച കിയ ഇന്ത്യയുടെ ശ്രമത്തെ അഭിനന്ദിച്ചു. റോഡ് അപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിനായി വ്യവസായ മേഖലയും സര്‍ക്കാരും തമ്മിലുള്ള സഹകരണം നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു.

വാഹനങ്ങളുടെ സുരക്ഷിതത്വം മാത്രമല്ല, സമൂഹത്തിനുള്ളില്‍ സുരക്ഷിതമായ ഗതാഗത സംസ്‍കാരം വളര്‍ത്തുക എന്നതും കമ്പനിയുടെ പ്രധാന ലക്ഷ്യമാണ്. ‘ബക്കിള്‍ അപ്പ്’ പദ്ധതി അതിന്റെ ഭാഗമായാണ് രൂപപ്പെടുത്തിയിരിക്കുന്നത്. രണ്ടാം ഘട്ടത്തിലൂടെ യുവാക്കളെയും ആദ്യമായി വാഹനം ഓടിക്കുന്നവരെയും കൂടുതല്‍ ഉള്‍പ്പെടുത്തി റോഡ് സുരക്ഷ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് കിയ ഇന്ത്യയുടെ പ്രതിനിധി വ്യക്തമാക്കി.

'ആദ്യ ഘട്ടത്തില്‍ കിയ ഇന്ത്യയുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനം അടിസ്ഥാന സൗകര്യ വികസനവും സ്‍കൂൾ തലത്തിലുള്ള ബോധവത്കരണവും ശക്തിപ്പെടുത്താന്‍ സഹായിച്ചു' ടി എസ് എല്‍ ഫൗണ്ടേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അപൂര്‍വ ശര്‍മ്മ പറഞ്ഞു. രണ്ടാം ഘട്ടത്തില്‍ ഈ അനുഭവങ്ങളെ അടിസ്ഥാനമാക്കി പുതിയ പ്രദേശങ്ങളിലേക്കും പുതിയ പ്രായവിഭാഗങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ബക്കിള്‍ അപ്പ്’ പദ്ധതിയിലൂടെ സമൂഹ പങ്കാളിത്തം അടിസ്ഥാനമാക്കിയുള്ള റോഡ് സുരക്ഷാ മാതൃക വികസിപ്പിക്കുകയാണ് കിയ ഇന്ത്യയുടെ ലക്ഷ്യം. സര്‍ക്കാര്‍ ഏജന്‍സികളുമായും പ്രാദേശിക ഭരണകൂടങ്ങളുമായും സമൂഹ്യ സംഘടനകളുമായും ചേര്‍ന്ന് രാജ്യത്ത് സുരക്ഷിതമായ റോഡ് സഞ്ചാര സംസ്‍കാരം വളര്‍ത്തുന്നതിന് കമ്പനി തുടർന്നും പ്രവര്‍ത്തിക്കുമെന്ന് കിയ ഇന്ത്യ വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

25 കിലോമീറ്റർ മൈലേജും 4.75 ലക്ഷം വിലയും; ഈ കാറുകൾ വാങ്ങിയാൽ ഗിയർ മാറിയും കഷ്‍ടപ്പെടേണ്ട
മെഴ്‌സിഡസ് ബെൻസ് വിഎൽഇ: ആഡംബരത്തിൻ്റെ ഇലക്ട്രിക് ഭാവി