ഇന്ത്യൻ വിപണിയിൽ സാന്നിധ്യം ശക്തമാക്കാൻ ഹോണ്ട മൂന്ന് പുതിയ മോഡലുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. എലിവേറ്റ് ഫെയ്‌സ്‌ലിഫ്റ്റ്, സീറോ ആൽഫ എന്ന ആദ്യ ഇലക്ട്രിക് എസ്‌യുവി, പ്രെലൂഡ് ഹൈബ്രിഡ് കൂപ്പെ എന്നിവയാണ് വരാനിരിക്കുന്ന മോഡലുകൾ. ഡിസൈൻ, സാങ്കേതികവിദ്യ, ഇലക്ട്രിക് വാഹന വിഭാഗം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഈ നീക്കം.
ഇന്ത്യൻ വാഹന വിപണിയിൽ സാന്നിധ്യം കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ട. പുതുക്കിയ സിറ്റിയും ഇസഡ് ആർ-വിയും അവതരിപ്പിച്ചതിന് പിന്നാലെ അടുത്ത ഘട്ടത്തിൽ മൂന്ന് പുതിയ മോഡലുകളാണ് കമ്പനി വിപണിയിലെത്തിക്കാൻ പദ്ധതിയിടുന്നത്. എലിവേറ്റ് ഫെയ്‌സ്‌ലിഫ്റ്റ്, സീറോ ആൽഫ ഇലക്ട്രിക് എസ്‌യുവി, പ്രെലൂഡ് ഹൈബ്രിഡ് കൂപ്പെ എന്നിവയാണ് ഹോണ്ടയുടെ വരാനിരിക്കുന്ന പ്രധാന മോഡലുകൾ. ഡിസൈൻ, സാങ്കേതികവിദ്യ, വൈദ്യുത വാഹന വിഭാഗം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള നീക്കമായാണ് ഇതിനെ വിലയിരുത്തുന്നത്.
എലിവേറ്റിന് ആദ്യത്തെ വലിയ പുതുക്കൽ
ഹോണ്ട എലിവേറ്റിന് ആദ്യത്തെ പ്രധാന ഫെയ്‌സ്‌ലിഫ്റ്റ് അടുത്ത മാസങ്ങളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹനത്തിന്റെ അടിസ്ഥാന രൂപകൽപ്പനയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകില്ലെങ്കിലും പുതിയ ബമ്പറുകൾ, പുതുക്കിയ ഗ്രിൽ, നവീകരിച്ച ലൈറ്റിങ് സംവിധാനം, പിൻഭാഗത്തെ ഡിസൈൻ മാറ്റങ്ങൾ എന്നിവ ഉൾപ്പെടുത്തി കൂടുതൽ ആകർഷകമായ രൂപം നൽകാനാണ് സാധ്യത.
ക്യാബിനിലും ശ്രദ്ധേയമായ നവീകരണങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. നിലവിൽ ആക്‌സസറിയായി ലഭിക്കുന്ന വെന്റിലേറ്റഡ് മുൻസീറ്റുകൾ, 360 ഡിഗ്രി ക്യാമറ തുടങ്ങിയ സൗകര്യങ്ങൾ ഫാക്ടറി ഘടിപ്പിച്ച സംവിധാനമായി ലഭിച്ചേക്കും. ഇൻഫോടെയ്ൻമെന്റ് സംവിധാനത്തിലും ഇന്റീരിയർ ഫിനിഷിലും മെച്ചപ്പെടുത്തലുകൾ വരുമെങ്കിലും എഞ്ചിനിൽ വലിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നില്ല.
ആദ്യ ഇലക്ട്രിക് എസ്‌യുവിയുമായി ഹോണ്ട
ഹോണ്ടയുടെ ആദ്യ സമ്പൂർണ വൈദ്യുത എസ്‌യുവിയായ സീറോ ആൽഫയും ഇന്ത്യൻ വിപണിയിലേക്ക് എത്താൻ ഒരുങ്ങുകയാണ്. പരീക്ഷണ ഓട്ടത്തിനിടെ ഈ മോഡൽ ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്. ഈ സാമ്പത്തിക വർഷത്തിനുള്ളിൽ വാഹനം അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഹോണ്ടയുടെ പുതിയ വൈദ്യുത വാഹന പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന ഈ എസ്‌യുവി ഇന്ത്യയിൽ തന്നെ നിർമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അമ്പത് മുതൽ എഴുപത് കിലോവാട്ട് മണിക്കൂർ ശേഷിയുള്ള ബാറ്ററി പായ്ക്ക് ലഭിച്ചേക്കുമെന്നാണ് സൂചന. ഒറ്റ ചാർജിൽ ഏകദേശം 450 മുതൽ 500 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുമെന്നാണ് പ്രതീക്ഷ. തുടക്കത്തിൽ മുൻചക്രങ്ങൾക്ക് കരുത്ത് നൽകുന്ന ഒറ്റ ഇലക്ട്രിക് മോട്ടോർ പതിപ്പും പിന്നീട് എല്ലാ ചക്രങ്ങൾക്കും കരുത്ത് നൽകുന്ന പതിപ്പും അവതരിപ്പിച്ചേക്കും.
സ്‌പോർട്ടി ഹൈബ്രിഡായി പ്രെലൂഡ്
ഹോണ്ടയുടെ ഐതിഹാസിക മോഡലുകളിലൊന്നായ പ്രെലൂഡും വീണ്ടും ഇന്ത്യൻ വിപണിയിലെത്തും. പൂർണമായും ഇറക്കുമതി ചെയ്യുന്ന മോഡലായിരിക്കും ഇത്. 2026 അവസാനമോ 2027 തുടക്കത്തിലോ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രണ്ട് ലിറ്റർ ശേഷിയുള്ള നാല് സിലിണ്ടർ പെട്രോൾ എഞ്ചിനും ഇരട്ട മോട്ടോർ ഹൈബ്രിഡ് സംവിധാനവും ചേർന്ന പവർട്രെയിനാണ് പ്രെലൂഡിന്റെ പ്രധാന സവിശേഷത. ഏകദേശം 200 എച്ച്.പി. കരുത്തും 315 എൻ.എം. ടോർക്കും ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. പരമ്പരാഗത ഗിയർബോക്‌സിന് പകരം എസ് പ്ലസ് ഷിഫ്റ്റ് സംവിധാനം ഉപയോഗിക്കും. സിവിക് ടൈപ്പ് ആർ മോഡലിൽ ഉപയോഗിച്ച സാങ്കേതികവിദ്യയുടെ പിന്തുണയോടെ, ദിവസേന ഉപയോഗിക്കാനും ദീർഘദൂര യാത്രകൾക്കും അനുയോജ്യമായ സ്‌പോർട്ടി ഗ്രാൻഡ് ടൂറർ എന്ന നിലയിലാണ് പ്രെലൂഡിനെ ഹോണ്ട അവതരിപ്പിക്കാൻ ഒരുങ്ങുന്നത് എന്നാണ് റിപ്പോട്ടുകൾ.


