
ദക്ഷിണ കൊറിയൻ വാഹന ബ്രൻഡായ കിയ നിലവിലുള്ള കാരൻസിന്‍റെ പ്രീമിയം പതിപ്പായ 2025 കിയ കാരൻസിനെ 'കിയ ക്ലാവിസ്' എന്ന് പേരിടുമെന്ന് റിപ്പോർട്ട്. ഈ പുതിയ എംപിവി 2025 മെയ് 8 ന് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. വരാനിരിക്കുന്ന മോഡലിന്റെ ആദ്യ ടീസർ കമ്പനി പുറത്തിറക്കി. അപ്‌ഡേറ്റ് ചെയ്‌ത കാരൻസിൽ അഥവാ ക്ലാവിസിൽ വേറിട്ട എൽഇഡി ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎൽ, ഫോഗ് ലാമ്പ് അസംബ്ലി എന്നിവ ഉൾപ്പെടുന്നു. കിയയുടെ പുതിയ ഡിസൈൻ ഭാഷ എംപിവി പിന്തുടരും.
കുറച്ചുനാളായി ഈ മോഡൽ പരീക്ഷണത്തിലിരിക്കുന്നതിനാൽ, നിരവധി വിശദാംശങ്ങൾ പുറത്തുവന്നിട്ടുണ്ട്. കിയ സിറോസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ക്ലാവിസിന്റെ പിൻഭാഗം നിർമ്മിച്ചിരിക്കുന്നതെന്ന് പറയപ്പെടുന്നു. ഫുൾ-വീതിയുള്ള എൽഇഡി ലൈറ്റ് ബാർ വഴി ബന്ധിപ്പിച്ചിരിക്കുന്ന ലംബമായി സ്ഥാപിച്ചിരിക്കുന്ന ടെയിൽലാമ്പുകൾ ഇതിൽ ഉണ്ടായിരിക്കും.
പുതിയ കിയ കാരൻസ് അഥവാ ക്ലാവിസിന്റെ ഇന്റീരിയർ വിശദാംശങ്ങൾ ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല. എങ്കിലും, നൂതന ADAS 2.0 സാങ്കേതികവിദ്യയുടെ സാന്നിധ്യം ടീസർ സ്ഥിരീകരിക്കുന്നു. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ്, ഫോർവേഡ് കൊളീഷൻ വാണിംഗ്, ഡ്രൈവർ ശ്രദ്ധാ മുന്നറിയിപ്പ്, പാർക്കിംഗ് കൊളീഷൻ അവോയ്ഡൻസ് അസിസ്റ്റ്, ഹൈ ബീം അസിസ്റ്റ് തുടങ്ങിയ സുരക്ഷാ സവിശേഷതകൾ ADAS സ്യൂട്ട് വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്.
മെയ് 8 ന് ലോഞ്ച് ദിനത്തിൽ ഔദ്യോഗിക വിവരങ്ങൾ വെളിപ്പെടുത്തുമെങ്കിലും , പുതിയ കിയ ക്ലാവിസ് (2025 കിയ കാരൻസ്) 360 ഡിഗ്രി ക്യാമറ, പനോരമിക് സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ് സിസ്റ്റം, പ്രീമിയം ബോസ് സൗണ്ട് സിസ്റ്റം, കൂളിംഗ് ഫംഗ്ഷനോടുകൂടിയ വയർലെസ് ചാർജിംഗ്, വെന്റിലേറ്റഡ് സീറ്റുകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയുള്ള 10.25 ഇഞ്ച് ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണം എന്നിവയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു.
കിയയുടെ പുതിയ പ്രീമിയം എംപിവി നിലവിലുള്ള കാരൻസിലെ അതേ എഞ്ചിൻ ഓപ്ഷനുകളുമായി വരാൻ സാധ്യതയുണ്ട്. മാനുവൽ ഗിയർബോക്‌സുള്ള 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, iMT, ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുകളുള്ള 1.5 ലിറ്റർ ടർബോ പെട്രോൾ, മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളുള്ള 1.5 ലിറ്റർ ഡീസൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പുതിയ ക്ലാവിസിന്റെ വില അടിസ്ഥാന വേരിയന്റിന് ഏകദേശം 11 ലക്ഷം രൂപയിൽ ആരംഭിച്ച് ടോപ്പ്-എൻഡ് ട്രിമിന് 21 ലക്ഷം രൂപ വരെ ഉയരാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ.