
ഹൈബ്രിഡുകൾ, ഇലക്ട്രിക് വാഹനങ്ങൾ, സിഎൻജി, ബൈ-ഫ്യുവൽ ഓപ്ഷനുകൾ തുടങ്ങിയവ ഉൾപ്പെടെയുള്ള ബദൽ മൊബിലിറ്റി സൊല്യൂഷനുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (എംഎസ്ഐഎൽ) ഒരു വലിയ ഭാവി പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. തങ്ങളുടെ എസ്‌യുവി ഉൽപ്പന്ന നിര കൂടുതൽ വികസിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നു. 2025-26 ൽ, കമ്പനി ഒന്നിലധികം പുതിയ മോഡലുകൾ, ഫേസ്‍ലിഫ്റ്റുകൾ, പ്രത്യേക പതിപ്പുകൾ തുടങ്ങിയവ കമ്പനി അവതരിപ്പിക്കും. ഇതിൽ അഞ്ച് പ്രധാന ഉൽപ്പന്നങ്ങളും ഉൾപ്പെടുന്നു. വരാനിരിക്കുന്ന ഈ അഞ്ച് മാരുതി കാറുകളുടെ പ്രധാന വിശദാംശങ്ങൾ പരിശോധിക്കാം.
മാരുതി ഫ്രോങ്ക്സ് ഹൈബ്രിഡ്
2026-ൽ മാരുതി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാരുതി കാറുകളിൽ ഒന്നാണ് മാരുതി ഫ്രോങ്ക്സ് ഹൈബ്രിഡ്. ടൊയോട്ടയുടെ ഹൈബ്രിഡ് പവർട്രെയിനിനേക്കാൾ വളരെ ചെലവ് കുറഞ്ഞതായി പറയപ്പെടുന്ന മാരുതി സുസുക്കി സ്വന്തമായി വികസിപ്പിച്ചെടുത്ത ശക്തമായ ഹൈബ്രിഡ് പവർട്രെയിനിന്റെ അരങ്ങേറ്റമായിരിക്കും ഇത്. ഇലക്ട്രിക് മോട്ടോറും ഹൈബ്രിഡ് സിസ്റ്റവും ജോടിയാക്കിയ 1.2 ലിറ്റർ, 3-സിലിണ്ടർ Z12E പെട്രോൾ എഞ്ചിനാണ് ഫ്രോങ്ക്സ് ഹൈബ്രിഡിന് വാഗ്ദാനം ചെയ്യുന്നത്. ഈ സജ്ജീകരണം ലിറ്ററിന് 35 കിലോമീറ്ററിൽ കൂടുതൽ മൈലേജ് വാഗ്ദാനം ചെയ്യും.
മാരുതി ഇ- വിറ്റാര
മാരുതി സുസുക്കിയിൽ നിന്നുള്ള ആദ്യ ഇലക്ട്രിക് ഓഫറായിരിക്കും ഇ വിറ്റാര. 2025 സെപ്റ്റംബറിൽ നിരത്തിലിറങ്ങും. ഈ ഇലക്ട്രിക് എസ്‌യുവി 61.1kWh ഉം 49kWh ഉം ബാറ്ററി പാക്കുമായി വരും. ഇത് യഥാക്രമം 171bhp ഉം 143bhp ഉം പവർ നൽകുന്നു. വലിയ ബാറ്ററി പതിപ്പ് 500 കിലോമീറ്ററിലധികം റേഞ്ച് വാഗ്ദാനം ചെയ്യും. പൂജ്യം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ ഏകദേശം 50 മിനിറ്റ് എടുക്കും.മാരുതി ഇ വിറ്റാരയിൽ എഡിഎഎസ്, 10-സ്പീക്കർ ഇൻഫിനിറ്റി സൗണ്ട് സിസ്റ്റം, പനോരമിക് ഗ്ലാസ് റൂഫ് തുടങ്ങി നിരവധി നൂതന സവിശേഷതകൾ ഉണ്ടാകും.
മാരുതി എസ്‍ക്യുഡോ
മാരുതി Y17 എന്ന കോഡ് പേരിൽ അറിയപ്പെടുന്ന പുതിയ മാരുതി 5 സീറ്റർ എസ്‌യുവി ഇ വിറ്റാരയ്ക്ക് തൊട്ടുപിന്നാലെ വിപണിയിൽ എത്തും. ഗ്രാൻഡ് വിറ്റാരയുമായി പ്ലാറ്റ്‌ഫോം, പവർട്രെയിൻ, ഡിസൈൻ ഘടകങ്ങൾ, സവിശേഷതകൾ തുടങ്ങിയവ പങ്കിടുന്ന ഇതിന്‍റെ പ്രൊഡക്ഷൻ പതിപ്പിന് 'മാരുതി എസ്‌ക്യുഡോ' എന്ന് പേരിടാൻ സാധ്യതയുണ്ട്. ഈ കാ അരീന ഡീലർഷിപ്പ് നെറ്റ്‌വർക്ക് വഴി വിൽക്കും.
മാരുതി മിനി എംപിവി
ജാപ്പനീസ്-സ്പെക്ക് സുസുക്കി സ്പേഷ്യയെ അടിസ്ഥാനമാക്കി ഒരു സബ്കോംപാക്റ്റ് എംപിവി അവതരിപ്പിക്കാൻ മാരുതി സുസുക്കി പദ്ധതിയിടുന്നു. YDB എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന ഈ മിനി മാരുതി എംപിവിയിൽ സ്വിഫ്റ്റിൽ നിന്ന് കടമെടുത്ത 1.2 ലിറ്റർ, 3-സിലിണ്ടർ Z-സീരീസ് പെട്രോൾ എഞ്ചിൻ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ഗ്യാസോലിൻ മോട്ടോർ 82 bhp കരുത്തും 108 Nm ടോർക്കും പുറപ്പെടുവിക്കുന്നു. മാനുവൽ, സിവിടി ഓട്ടോമാറ്റിക് ഗിയർബോക്സുകൾ എന്നിവ വാഗ്ദാനം ചെയ്യും.
പുതുതലമുറ മാരുതി ബലേനോ
മാരുതി ബലേനോ പ്രീമിയം ഹാച്ച്ബാക്കിന് അടുത്ത വർഷം ഒരു തലമുറ മാറ്റം ലഭിക്കാൻ ഒരുങ്ങുകയാണ്. മെച്ചപ്പെട്ട സ്റ്റൈലിംഗും നവീകരിച്ച ഇന്റീരിയറും ഈ മോഡലിൽ വരാൻ സാധ്യതയുണ്ട്. എങ്കിലും, പ്രധാന അപ്‌ഡേറ്റ് ശക്തമായ ഹൈബ്രിഡ് പവർട്രെയിനിന്‍റെ രൂപത്തിൽ ലഭിക്കും. ഫ്രോങ്ക്സ് ഹൈബ്രിഡിനെപ്പോലെ, മാരുതി ബലേനോ ഹൈബ്രിഡിലും ഇലക്ട്രിക് മോട്ടോറും ഹൈബ്രിഡ് സാങ്കേതികവിദ്യയും സംയോജിപ്പിച്ച 1.2L Z-സീരീസ് പെട്രോൾ എഞ്ചിൻ ഉണ്ടായിരിക്കും.