
വിപണിയിലെ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനായി കൂടുതൽ വാഹന മോഡലുകൾ പുറത്തിറക്കാൻ ജനപ്രിയ വാഹന ബ്രാൻഡായ ടാറ്റാ മോട്ടോഴ്സ് ഒരുങ്ങുകയാണ്. പ്രത്യേകിച്ച് ഇലക്ട്രിക് വാഹന വിഭാഗത്തിൽ, ടാറ്റ മോട്ടോഴ്‌സ് നിരവധി പുതിയ മോഡലുകൾ പുറത്തിറക്കാൻ പദ്ധതിയിടുന്നു. 2025 ൽ, മഹീന്ദ്ര XEV 9e, ബിവൈഡി അറ്റോ3 എന്നിവയെ വെല്ലുവിളിക്കാൻ ടാറ്റ ഹാരിയർ ഇവി, സിയറ എസ്‌യുവികൾ എന്നിവ കമ്പനി അവതരിപ്പിക്കും. അതുപോലെ തന്നെ യഥാക്രമം ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി ഗ്രാൻഡ് വിറ്റാര എന്നിവയെയും വെല്ലുവിളിക്കും. വരാനിരിക്കുന്ന ഈ ടാറ്റ എസ്‌യുവികളുടെ പ്രധാന വിശദാംശങ്ങൾ പരിശോധിക്കാം.
ടാറ്റ ഹാരിയർ ഇവി
ആക്ടി ഡോട്ട് ഇവി പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ടാറ്റ ഹാരിയർ ഇവിയിൽ ഒന്നിലധികം ബാറ്ററി ഓപ്ഷനുകൾ ഉണ്ടാകാനാണ് സാധ്യത. ഉയർന്ന വകഭേദങ്ങൾക്ക് 60kWh ബാറ്ററി പായ്ക്ക് ഉള്ള ഡ്യുവൽ-മോട്ടോർ, എഡബ്ല്യുഡി സജ്ജീകരണം ലഭിക്കും. ഇതിന് ഏകദേശം 500 കിലോമീറ്ററോ അതിൽ കൂടുതലോ ദൂരം സഞ്ചരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഇലക്ട്രിക് എസ്‌യുവി അതിന്റെ ഐസിഇ എതിരാളിയുമായി നിരവധി ഡിസൈൻ ഘടകങ്ങളും സവിശേഷതകളും പങ്കിടും. എങ്കിലും ചില ഇവി നിർദ്ദിഷ്‍ട ഘടകങ്ങൾ രണ്ട് മോഡലുകളെയും വ്യത്യസ്‍തമാക്കും.
ടാറ്റ സിയറ
ഈ വർഷത്തെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ കാർ ലോഞ്ചുകളിൽ ഒന്നാണ് ടാറ്റ സിയറ. ഐസിഇ, ഇലക്ട്രിക് പവർട്രെയിൻ ഓപ്ഷനുകളോടെയാണ് എസ്‌യുവി വരുന്നത്, 1.5L ടർബോ മോട്ടോറുകൾ ഉപയോഗിക്കുന്ന പെട്രോൾ, ഡീസൽ പതിപ്പുകളും ഇതിൽ ഉണ്ടാകും. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സുകൾ എന്നിവ വാഗ്ദാനം ചെയ്യും. ഹാരിയർ ഇവിയെ പോലെ തന്നെ, സിയറ ഇവിയും 60kWh ബാറ്ററി പാക്കുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഏകദേശം 500 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. സിയറ വെഹിക്കിൾ-ടു-ലോഡ് (V2L), വെഹിക്കിൾ-ടു-വെഹിക്കിൾ (V2V) ചാർജിംഗിനെ പിന്തുണയ്ക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു.
പുതുതലമുറ ടാറ്റ നെക്‌സോൺ
തദ്ദേശീയ വാഹന നിർമ്മാതാക്കളായ ടാറ്റ നെക്‌സോൺ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലാണ്. 2027 ൽ നെക്സോൺ പുതുതലമുറയിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുന്നു. സബ്‌കോംപാക്റ്റ് എസ്‌യുവി നിലവിലുള്ള X1 ആർക്കിടെക്ചറിന്റെ വളരെയധികം പരിഷ്‌ക്കരിച്ച പതിപ്പിലേക്ക് മാറും. വിശദാംശങ്ങൾ ഇപ്പോൾ ലഭ്യമല്ലെങ്കിലും, പുതിയ നെക്‌സോണിന് അകത്തും പുറത്തും കാര്യമായ മാറ്റങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. അതിന്റെ ചില ഡിസൈൻ അപ്‌ഡേറ്റുകൾ കർവ്വിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാകാം.
ടാറ്റ അവിന്യ
2026-ൽ 5-ഡോർ സ്‌പോർട്‌ബാക്ക് പുറത്തിറക്കിക്കൊണ്ട് അവിന്യ ടാറ്റയുടെ ഹൈ-എൻഡ് ഇലക്ട്രിക് ബ്രാൻഡായി അരങ്ങേറ്റം കുറിക്കും. ടാറ്റ അവിന്യ എക്‌സ് എന്ന് വിളിക്കപ്പെടുന്ന ഈ മോഡൽ ഈ വർഷത്തെ ഭാരത് മൊബിലിറ്റി ഷോയിൽ അതിന്റെ കൺസെപ്റ്റ് രൂപത്തിൽ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചു. അവിന്യയ്ക്ക് ഒരു ഫ്യൂച്ചറിസ്റ്റിക് ഡിസൈൻ ഭാഷ ലഭിക്കും. കൂടാതെ 500 കിലോമീറ്ററിലധികം റേഞ്ചുള്ള ഒരു വലിയ ബാറ്ററി പായ്ക്ക് ഉണ്ടായിരിക്കാനും സാധ്യതയുണ്ട്. ലെവൽ 2 ADAS, V2L, V2V ചാർജിംഗ് കഴിവുകൾ, പനോരമിക് സൺറൂഫ് തുടങ്ങി നിരവധി പുതിയ കാലത്തെ സവിശേഷതകളാൽ ഇത് നിറഞ്ഞിരിക്കും.