
മഹീന്ദ്രയുടെ ജനപ്രിയ കോംപാക്ട് എസ്‌യുവിയായ എക്‌സ്‌യുവി 3എക്‌സ്ഒയുടെ പുതുക്കിയ പതിപ്പ് ഒക്ടോബർ 15ന് വിപണിയിലെത്തും. 2026 മോഡലിൽ ഡിസൈനിൽ നേരിയ മാറ്റങ്ങളും പുതിയ ഫീച്ചറുകളും പ്രതീക്ഷിക്കുന്നുണ്ട്. ഔദ്യോഗിക വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ലെങ്കിലും, ഫാക്ടറിയിൽ ഘടിപ്പിച്ച സിഎൻജി സംവിധാനമുള്ള മഹീന്ദ്രയുടെ ആദ്യ എസ്‌യുവിയായി പുതിയ പതിപ്പ് എത്തുമെന്നാണ് റിപ്പോർട്ടുകൾ.
പുതിയ എക്‌സ്‌യുവി 3എക്‌സ്ഒയിൽ നിലവിലുള്ള എൻജിൻ ഓപ്ഷനുകൾ തുടരുമെന്നാണ് പ്രതീക്ഷ. 1.2 ലിറ്റർ ടർബോ പെട്രോൾ എംപിഎഫ്ഐ, 1.2 ലിറ്റർ ടർബോ പെട്രോൾ എംസ്റ്റാലിയൻ, 1.5 ലിറ്റർ ടർബോ ഡീസൽ എൻജിനുകൾ ഇതിൽ ഉൾപ്പെടും. 1.2 ലിറ്റർ എംപിഎഫ്ഐ പെട്രോൾ എൻജിനിൽ സിഎൻജി സംവിധാനം ലഭ്യമാക്കിയേക്കും. നിലവിൽ ഈ എൻജിൻ 111 പിഎസ് കരുത്തും 200 എൻഎം ടോർക്കുമാണ് നൽകുന്നത്. സിഎൻജി പതിപ്പിൽ കരുത്തും ടോർക്കും അൽപ്പം കുറയാനാണ് സാധ്യത. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളും ലഭിച്ചേക്കും.
വാഹനത്തിന്റെ അകത്തളത്തിൽ കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നില്ല. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം, 10.25 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേ, രണ്ട് മേഖലകളായി നിയന്ത്രിക്കാവുന്ന എയർ കണ്ടീഷനിങ്, പനോരമിക് സൺറൂഫ് എന്നിവ തുടരും. ഹർമൻ കാർഡന്റെ 7 സ്പീക്കർ ഓഡിയോ സംവിധാനം, മുൻവശത്തെ 65 വാട്ട് ടൈപ്പ് സി ചാർജിങ് പോർട്ട്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, വയർലെസ് ചാർജർ എന്നിവയും വാഹനത്തിലുണ്ടാകും. ആഡ്രിനോക്സ് കണക്റ്റ് സംവിധാനവും എൽഇഡി ലൈറ്റുകളും തുടരുമെന്നാണ് പ്രതീക്ഷ.
ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം, 6 എയർബാഗുകൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ, പിൻ ഡിസ്ക് ബ്രേക്കുകൾ എന്നിവ സുരക്ഷാ സംവിധാനങ്ങളിൽ ഉൾപ്പെടും. ഉയർന്ന വകഭേദങ്ങളിൽ ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, 360 ഡിഗ്രി ക്യാമറ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഹിൽ ഡിസന്റ് അസിസ്റ്റ്, ഓട്ടോ ഹോൾഡോടുകൂടിയ ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക് എന്നിവയും ലഭിക്കും. ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സംവിധാനവും ഉയർന്ന വകഭേദങ്ങളിൽ തുടരുമെന്നാണ് പ്രതീക്ഷ. പുതിയ പതിപ്പിന്റെ വിലയും പൂർണ സവിശേഷതകളും മഹീന്ദ്ര ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സിഎൻജി പതിപ്പ് ഉൾപ്പെടുമോയെന്ന കാര്യത്തിലും കമ്പനി സ്ഥിരീകരണം നൽകിയിട്ടില്ല.