
ഇന്ത്യൻ വാഹന വിപണിയിൽ സുരക്ഷയുടെ കാര്യത്തിൽ പുതിയ നേട്ടവുമായി മഹീന്ദ്ര. കമ്പനിയുടെ ഇലക്ട്രിക് എസ്യുവിയായ മഹീന്ദ്ര എക്സ്ഇവി 9എസ് ഭാരത് എൻക്യാപ് ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സുരക്ഷാ റേറ്റിങ് സ്വന്തമാക്കി. മുതിർന്ന യാത്രക്കാരുടെ സുരക്ഷാ പരിശോധനയിൽ 32ൽ 31.15 പോയിന്റും കുട്ടികളുടെ സുരക്ഷാ പരിശോധനയിൽ 49ൽ 45 പോയിന്റുമാണ് വാഹനം നേടിയത്.
ഈ മികച്ച സ്കോറോടെ മഹീന്ദ്ര എക്സ്ഇവി 9എസ്, മഹീന്ദ്ര എക്സ്യുവി 7എക്സ്ഒ, ടാറ്റ സഫാരി തുടങ്ങിയ മോഡലുകളെ മറികടന്നു. മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷാ പരിശോധനകളിൽ മികച്ച പ്രകടനം കാഴ്ചവച്ചതോടെ നിലവിൽ ഇന്ത്യയിൽ വിൽപ്പനയിലുള്ള ഏറ്റവും സുരക്ഷിതമായ 7 സീറ്റർ എസ്യുവിയായി എക്സ്ഇവി 9എസ് മാറിയിരിക്കുകയാണ്. പ്രത്യേകിച്ച് ശ്രദ്ധിക്കേണ്ട കാര്യം, എക്സ്ഇവി 9എസിന്റെ എല്ലാ വകഭേദങ്ങൾക്കും ഭാരത് എൻക്യാപ് പരിശോധനാ ഫലങ്ങൾ ബാധകമാണ് എന്നതാണ്.
സുരക്ഷയ്ക്ക് വലിയ പ്രാധാന്യം നൽകിയാണ് മഹീന്ദ്ര എക്സ്ഇവി 9എസ് വിപണിയിലെത്തിച്ചിരിക്കുന്നത്. ആറ് എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിങ് സംവിധാനം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, കുട്ടികളുടെ സുരക്ഷയ്ക്കുള്ള ഐസോഫിക്സ് സീറ്റ് മൗണ്ടുകൾ എന്നിവ എല്ലാ വകഭേദങ്ങളിലും സ്റ്റാൻഡേർഡായി ലഭിക്കും.
ഉയർന്ന വകഭേദങ്ങളിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (എഡിഎഎസ്), മുൻവശത്തെ പാർക്കിങ് സെൻസറുകൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററോടുകൂടിയ 360 ഡിഗ്രി ക്യാമറ, ഓട്ടോ ഡിമ്മിങ് ഇൻറീരിയർ റിയർ വ്യൂ മിറർ എന്നിവയാണ് പ്രധാന സവിശേഷതകൾ. ലെൻ കീപ്പ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിങ്, ഓട്ടോണമസ് എമർജൻസി സ്റ്റിയറിങ്, റിയർ ക്രോസ് ട്രാഫിക് അലർട്ട്, ട്രാഫിക് സൈൻ റെക്കഗ്നിഷൻ, ലെൻ സെൻട്രിങ് തുടങ്ങിയ നൂതന സുരക്ഷാ സംവിധാനങ്ങളും എഡിഎഎസ് പാക്കേജിൽ ഉൾപ്പെടുന്നു.
മഹീന്ദ്ര എക്സ്ഇവി 9എസിന്റെ സുരക്ഷാ മികവ് വ്യക്തമാക്കുന്നതാണ് ഭാരത് എൻക്യാപ് നടത്തിയ ക്രാഷ് ടെസ്റ്റ് ഫലങ്ങൾ. മുതിർന്ന യാത്രക്കാരുടെ സുരക്ഷാ പരിശോധനയിൽ വാഹനം 32ൽ 31.15 പോയിന്റ് നേടി. ഫ്രണ്ടൽ ഓഫ്സെറ്റ് ഡിഫോർമബിൾ ബാരിയർ പരിശോധനയിൽ ഡ്രൈവറുടെ തല, കഴുത്ത്, നെഞ്ച്, ഇടുപ്പ്, തുടകൾ, കാലുകൾ എന്നിവയുൾപ്പെടെയുള്ള ശരീരഭാഗങ്ങൾക്ക് മികച്ച സംരക്ഷണം നൽകാൻ വാഹനത്തിന് കഴിഞ്ഞു. മുൻസീറ്റിലെ യാത്രക്കാരന്റെ കാര്യത്തിലും തല, കഴുത്ത്, ഇടുപ്പ്, തുടകൾ, കാലുകൾ എന്നിവയ്ക്ക് മികച്ച സംരക്ഷണം ലഭിച്ചു. എന്നാൽ നെഞ്ചിന്റെ സംരക്ഷണം തൃപ്തികരമായ നിലവാരത്തിലായിരുന്നു. സൈഡ് മൂവബിൾ ഡിഫോർമബിൾ ബാരിയർ പരിശോധനയിലും സൈഡ് പോൾ ഇംപാക്ട് പരിശോധനയിലും എക്സ്ഇവി 9എസ് മികച്ച പ്രകടനം കാഴ്ചവച്ചു. ശരീരത്തിന്റെ എല്ലാ പ്രധാന ഭാഗങ്ങൾക്കും മികച്ച സംരക്ഷണം ഉറപ്പാക്കാൻ വാഹനത്തിന് സാധിച്ചു.
കുട്ടികളുടെ സുരക്ഷാ പരിശോധനയിലും മഹീന്ദ്ര എക്സ്ഇവി 9എസ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഡൈനാമിക് ടെസ്റ്റിൽ 12ൽ 12 പോയിന്റും വാഹനം സ്വന്തമാക്കി. എന്നാൽ കുട്ടികൾക്കുള്ള സുരക്ഷാ സീറ്റുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പരിശോധനയിൽ 13ൽ 9 പോയിന്റാണ് നേടിയത്. 18 മാസം പ്രായമുള്ള കുട്ടിയുടെയും 3 വയസുള്ള കുട്ടിയുടെയും മാതൃകകൾ ഉപയോഗിച്ചുള്ള ഫ്രണ്ടൽ ക്രാഷ്, സൈഡ് ക്രാഷ് പരിശോധനകളിൽ പൂർണ സംരക്ഷണം നൽകാൻ വാഹനത്തിന് കഴിഞ്ഞു. മുതിർന്ന യാത്രക്കാരുടെയും കുട്ടികളുടെയും സുരക്ഷാ പരിശോധനകളിൽ ഒരുപോലെ മികച്ച സ്കോർ നേടിയതോടെ ഇന്ത്യൻ ഇലക്ട്രിക് എസ്യുവി വിപണിയിൽ സുരക്ഷയുടെ കാര്യത്തിൽ പുതിയ മാനദണ്ഡം സൃഷ്ടിച്ചിരിക്കുകയാണ് മഹീന്ദ്ര എക്സ്ഇവി 9എസ്.