ഇന്ത്യൻ വാഹന വിപണിയിലേക്ക് സ്വതന്ത്ര കാർ നിർമാതാക്കളായി ജെഎസ്ഡബ്ല്യു മോട്ടോഴ്‌സ് എത്തുന്നു. അവരുടെ ആദ്യ പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്‌യുവിയായ ജെഎസ്ഡബ്ല്യു കോംബാറ്റ് 1,100 കിലോമീറ്റർ മികച്ച റേഞ്ചോടെയാണ് വരുന്നത്. അത്യാധുനിക സുരക്ഷാ ഫീച്ചറുകളും പ്രീമിയം ഇന്റീരിയറുമുള്ള ഈ വാഹനം ഉടൻ പ്രദർശിപ്പിക്കും.

ഇന്ത്യൻ വാഹന വിപണിയിൽ സ്വതന്ത്ര കാർ നിർമാതാക്കളായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി ജെഎസ്ഡബ്ല്യു മോട്ടോഴ്‌സ്. കമ്പനിയുടെ ആദ്യ എസ്‌യുവിയായ ജെഎസ്ഡബ്ല്യു കോംബാറ്റ് 2026 ഡിസംബറിൽ പ്രദർശിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹനത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിയാനും താൽപര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യാനുമായി കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

5 സീറ്റർ പ്ലഗ്-ഇൻ ഹൈബ്രിഡ് എസ്‌യുവിയായ കോംബാറ്റ് ആഗോള വിപണിയിൽ ലഭ്യമായ ചെറി ജെറ്റൂർ ടി2 അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത്. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലുള്ള ജെഎസ്ഡബ്ല്യുവിന്റെ നിർമാണശാലയിലാകും വാഹനം അസംബിൾ ചെയ്യുക. ആദ്യ പ്രദർശനം ഡിസംബറിലെ ആദ്യ ആഴ്ചയിലും ഔദ്യോഗിക വിപണി അവതരണം അടുത്ത വർഷം ആദ്യവുമാകുമെന്നാണ് സൂചന.

പരുക്കൻ ഡിസൈനും പ്രീമിയം ഇന്റീരിയറും ചതുരാകൃതിയിലുള്ള പരുക്കൻ ഡിസൈൻ ശൈലിയാണ് കോംബാറ്റിന്റെ പ്രധാന ആകർഷണം. കോംബാറ്റ് ബ്രാൻഡിങ് ഉൾപ്പെടുത്തിയ വലിയ ഗ്രിൽ, പുതുക്കിയ ഹെഡ്‌ലാമ്പുകൾ, വ്യത്യസ്തമായ ബമ്പർ എന്നിവയാണ് മുൻഭാഗത്തെ സവിശേഷതകൾ. 20 ഇഞ്ച് അലോയ് വീലുകൾ, പരന്ന റൂഫ്‌ലൈൻ, നിയോൺ പച്ച അലങ്കാരങ്ങളുള്ള റൂഫ് റെയിലുകൾ, പിന്നിലെ സ്പെയർ വീൽ എന്നിവയും വാഹനത്തിലുണ്ടാകും.

ജെറ്റൂർ ടി2യ്ക്ക് സമാനമായ ക്യാബിൻ ലേഔട്ടാണ് പ്രതീക്ഷിക്കുന്നത്. 15.6 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ പ്രധാന ഫീച്ചറുകളാണ്. പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, 50 വാട്ട് വയർലെസ് ചാർജർ, 12 സ്പീക്കറുകളുള്ള സോണി ഓഡിയോ സംവിധാനവും പ്രതീക്ഷിക്കുന്നു.

സുരക്ഷയ്ക്കായി ലെവൽ 2 എഡിഎഎസ്, ഒന്നിലധികം എയർബാഗുകൾ, ഹിൽ ഡിസന്റ് കൺട്രോൾ, 540 ഡിഗ്രി ക്യാമറ തുടങ്ങിയ സംവിധാനങ്ങളും ഉൾപ്പെടുത്തിയേക്കും.

1,100 കിലോമീറ്റർ വരെ റേഞ്ച് 1.5 ലിറ്റർ ടർബോ പെട്രോൾ എൻജിനും രണ്ട് ഇലക്ട്രിക് മോട്ടോറുകളും 18.4 കിലോവാട്ട് അവർ ബാറ്ററിയും ഉൾപ്പെടുന്ന പ്ലഗ്-ഇൻ ഹൈബ്രിഡ് സംവിധാനമായിരിക്കും കോംബാറ്റിനുണ്ടാകുക. 360 പി.എസ് കരുത്തും 610 എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന പവർട്രെയിനിൽ മൂന്ന് സ്പീഡ് ഡി.എച്ച്.ടി ട്രാൻസ്മിഷനാണ് നൽകുക.

ബാറ്ററി കരുത്തിൽ മാത്രം 90 കിലോമീറ്റർ വരെ സഞ്ചരിക്കാനാകും. പൂർണമായി ചാർജ് ചെയ്ത ബാറ്ററിയും നിറഞ്ഞ ഇന്ധന ടാങ്കും ഉപയോഗിച്ചാൽ 1,100 കിലോമീറ്റർ വരെ ആകെ റേഞ്ച് ലഭിക്കുമെന്നാണ് പ്രതീക്ഷ. വാഹനത്തിന്റെ വിലയും മറ്റ് ഔദ്യോഗിക വിവരങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടില്ല.