മഹീന്ദ്ര എക്സ്‌യുവി400: വിൽപ്പനയിൽ അപ്രതീക്ഷിത ഇടിവ്

Published : Nov 15, 2026, 10:28 PM IST
Mahindra XUV400 EV

Synopsis

മികച്ച ഡ്രൈവിംഗ് റേഞ്ചും 5 സ്റ്റാർ സുരക്ഷയും ഉണ്ടായിട്ടും മഹീന്ദ്ര എക്സ്‌യുവി400-ന്റെ വിൽപ്പനയിൽ വലിയ ഇടിവ്. പുതിയ മോഡലുകളുടെ വരവും എതിരാളികളുമായുള്ള വില വ്യത്യാസവുമാണ് ഈ തിരിച്ചടിക്ക് കാരണമായി വിലയിരുത്തപ്പെടുന്നത്.

മികച്ച ഡ്രൈവിംഗ് റേഞ്ചും ഉയർന്ന സുരക്ഷാ റേറ്റിംഗും ഉണ്ടായിട്ടും വിൽപ്പനയിൽ തിരിച്ചടി നേരിട്ട് മഹീന്ദ്രയുടെ ഇലക്ട്രിക് എസ്‌യുവിയായ എക്സ്‌യുവി400. ഒറ്റ ചാർജിൽ 456 കിലോമീറ്റർ വരെ സഞ്ചരിക്കാനും ഇന്ത്യ എൻസിഎപി ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടാനും ശേഷിയുള്ള ഈ വാഹനത്തെ കഴിഞ്ഞ ഒക്ടോബറിൽ വാങ്ങിയത് വെറും 76 പേർ മാത്രമാണ്. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ 50 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മഹീന്ദ്രയുടെ ഇലക്ട്രിക് വാഹന നിരയിൽ ഇപ്പോൾ ബിഇ 6, എക്സ്ഇവി 9ഇ, എക്സ്ഇവി 9എസ് തുടങ്ങിയ പുതിയ മോഡലുകൾക്ക് ആവശ്യക്കാർ വർധിച്ചതാണ് എക്സ്‌യുവി400ന്റെ വിൽപ്പന കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നത്. ടാറ്റ മോട്ടോഴ്‌സിന് പിന്നിൽ രാജ്യത്തെ രണ്ടാമത്തെ വലിയ ഇലക്ട്രിക് ഫോർ വീലർ നിർമാതാക്കളായി വളരാൻ മഹീന്ദ്രയെ സഹായിക്കുന്നതും ഈ പുതിയ മോഡലുകളാണ്.

മഹീന്ദ്രയുടെ വിൽപ്പനയിൽ എക്സ്‌യുവി400 പിന്നിൽ

മഹീന്ദ്രയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലാണ് സ്കോർപിയോ. കഴിഞ്ഞ ഒക്ടോബറിൽ 19,353 യൂണിറ്റ് സ്കോർപിയോയാണ് കമ്പനി വിറ്റഴിച്ചത്. ബൊലേറോ, ഥാർ, എക്സ്‌യുവി 3എക്സ്ഒ, എക്സ്‌യുവി 7എക്സ്ഒ തുടങ്ങിയ മോഡലുകളും മികച്ച വിൽപ്പനയാണ് നേടിയത്.

എല്ലാ മോഡലുകളും ചേർന്ന് കഴിഞ്ഞ മാസം 73,338 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്താൻ മഹീന്ദ്രയ്ക്ക് സാധിച്ചു. എന്നാൽ കമ്പനിയുടെ ഇലക്ട്രിക് എസ്‌യുവിയായ എക്സ്‌യുവി400യുടെ വിൽപ്പന വെറും 76 യൂണിറ്റിൽ ഒതുങ്ങി. മഹീന്ദ്രയുടെ നിലവിലെ ഇലക്ട്രിക് വാഹന നിരയിലെ ഏറ്റവും കുറഞ്ഞ വിൽപ്പനയുള്ള മോഡലും ഇതാണ്.

അതേസമയം, സുരക്ഷയുടെ കാര്യത്തിൽ എക്സ്‌യുവി400 പിന്നിലല്ല. ഇന്ത്യ എൻസിഎപി ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയ ഈ ഇലക്ട്രിക് എസ്‌യുവി സുരക്ഷിതമായ വാഹനങ്ങളിലൊന്നാണ്.

രണ്ട് വേരിയന്റുകളിൽ ലഭിക്കും

മഹീന്ദ്ര എക്സ്‌യുവി400 ഇസി പ്രോ, ഇഎൽ പ്രോ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വിപണിയിലുള്ളത്. പരിഷ്‌കരിച്ച ഡാഷ്‌ബോർഡ്, ഡ്യുവൽ ടോൺ ഇന്റീരിയർ, കൂടുതൽ ആധുനികമായ ക്ലൈമറ്റ് കൺട്രോൾ പാനൽ എന്നിവ വാഹനത്തിന്റെ പ്രത്യേകതകളാണ്.

10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം, 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ തുടങ്ങിയവയും ലഭ്യമാണ്. സുരക്ഷയ്ക്കായി 6 എയർബാഗുകൾ, റിവേഴ്‌സ് ക്യാമറ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം തുടങ്ങിയ സംവിധാനങ്ങളും നൽകിയിട്ടുണ്ട്.

ഒറ്റ ചാർജിൽ 456 കിലോമീറ്റർ റേഞ്ച്

ബാറ്ററി ശേഷിയുടെ അടിസ്ഥാനത്തിൽ രണ്ട് ഓപ്ഷനുകളാണ് എക്സ്‌യുവി400ൽ ലഭിക്കുന്നത്. 34.5 കിലോവാട്ട് അവർ ബാറ്ററി പാക്ക് ഒറ്റ ചാർജിൽ 375 കിലോമീറ്റർ റേഞ്ച് നൽകുമ്പോൾ 39.4 കിലോവാട്ട് അവർ ബാറ്ററി പാക്കുള്ള പതിപ്പിന് 456 കിലോമീറ്റർ വരെ റേഞ്ച് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഡ്യുവൽ സോൺ എസി, പിൻഭാഗത്തെ എസി വെന്റുകൾ, പിൻസീറ്റ് യാത്രക്കാർക്കുള്ള ടൈപ്പ് സി യുഎസ്ബി ചാർജിങ് പോർട്ട്, വയർലെസ് ഫോൺ ചാർജിങ്, സൺറൂഫ്, പുഷ് ബട്ടൺ സ്റ്റാർട്ട്-സ്റ്റോപ്പ് സംവിധാനം, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് തുടങ്ങിയ ഫീച്ചറുകളും വാഹനത്തിലുണ്ട്.

15.49 ലക്ഷം രൂപ മുതലാണ് മഹീന്ദ്ര എക്സ്‌യുവി400യുടെ എക്‌സ്‌ഷോറൂം വില ആരംഭിക്കുന്നത്. അതേസമയം, വാഹനത്തിന്റെ പ്രധാന എതിരാളിയായ ടാറ്റ നെക്സോൺ ഇവിയുടെ പ്രാരംഭ എക്‌സ്‌ഷോറൂം വില 12.49 ലക്ഷം രൂപയാണ്. വിലയിലെ ഈ വ്യത്യാസവും നെക്സോൺ ഇവിയുടെ ജനപ്രീതിയും മഹീന്ദ്ര എക്സ്‌യുവി400യുടെ വിൽപ്പനയെ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. മികച്ച റേഞ്ചും 5 സ്റ്റാർ സുരക്ഷാ റേറ്റിംഗും ഉണ്ടായിട്ടും വിലയുടെ കാര്യത്തിൽ പിന്നിലായതാണ് നെക്സോൺ ഇവിക്ക് മുന്നിൽ എക്സ്‌യുവി400ക്ക് തിരിച്ചടിയായത്.

PREV
Read more Articles on
click me!

Recommended Stories

പുതിയ ടൊയോട്ട ഫോർച്യൂണറിൽ കാത്തിരിക്കുന്നതെന്ത്?
ഫീച്ചറുകൾ ഏറെയുണ്ടായിട്ടും ഈ കാർ വാങ്ങാൻ ആളില്ല!