
ഇന്ത്യയിലെ പ്രമുഖ കാർ നിർമാതാക്കളിലൊന്നായ മാരുതി സുസുക്കിക്ക് 2026 ഓഗസ്റ്റ് മികച്ച വിൽപ്പനയുമായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കമ്പനിയുടെ മൊത്തം വിൽപ്പനയിൽ 21.3% വളർച്ചയാണ് രേഖപ്പെടുത്തിയത്. ആഭ്യന്തര വിപണിയിൽ എസ്‌യുവികൾക്കും യൂട്ടിലിറ്റി വാഹനങ്ങൾക്കും ഡിമാൻഡ് ഉയർന്നതും വിൽപ്പന വർധിക്കാൻ കാരണമായി.
2025 ഓഗസ്റ്റിൽ 1,80,683 യൂണിറ്റുകൾ വിറ്റ മാരുതി സുസുക്കി, 2026 ഓഗസ്റ്റിൽ 2,19,220 വാഹനങ്ങളാണ് വിറ്റത്. ഇതോടെ കമ്പനിയുടെ മൊത്തം വിൽപ്പനയിൽ 21.3% വാർഷിക വളർച്ച രേഖപ്പെടുത്തി. ലഘു വാണിജ്യ വാഹനങ്ങൾ ഉൾപ്പെടെയുള്ള ആഭ്യന്തര വിൽപ്പനയിലാണ് ഏറ്റവും വലിയ മുന്നേറ്റം ഉണ്ടായത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലെ 1,34,050 യൂണിറ്റുകളിൽ നിന്ന് ഇത്തവണ വിൽപ്പന 34.3% ഉയർന്ന് 1,80,078 യൂണിറ്റിലെത്തി.
മാരുതിയുടെ ആഭ്യന്തര പാസഞ്ചർ വാഹന വിൽപ്പനയും ശക്തമായ വളർച്ച രേഖപ്പെടുത്തി. ഓഗസ്റ്റിൽ 1,76,971 കാറുകളാണ് കമ്പനി വിറ്റത്. കഴിഞ്ഞ വർഷം ഇതേ മാസം വിറ്റ 1,31,278 യൂണിറ്റുകളെ അപേക്ഷിച്ച് 34.8% വർധനയാണിത്. എസ്‌യുവികളും യൂട്ടിലിറ്റി വാഹനങ്ങളുമാണ് വിൽപ്പനയിൽ ഏറ്റവും വലിയ സംഭാവന നൽകിയത്. ഈ വിഭാഗത്തിലെ വിൽപ്പന 46.3% ഉയർന്ന് 79,045 യൂണിറ്റിലെത്തി. ബ്രെസ, എർട്ടിഗ, ഇ വിറ്റാര, ഫ്രോങ്ക്സ്, ഗ്രാൻഡ് വിറ്റാര, ഇൻവിക്റ്റോ, ജിംനി, വിക്ടോറിസ്, എക്‌സ്‌എൽ6 തുടങ്ങിയ മോഡലുകളാണ് ഈ വിഭാഗത്തിലുള്ളത്.
ചെറുകാർ വിഭാഗത്തിലും മാരുതിക്ക് നേട്ടമുണ്ടായി. ആൾട്ടോ, എസ്-പ്രെസ്സോ തുടങ്ങിയ മോഡലുകളുടെ വിൽപ്പന കഴിഞ്ഞ വർഷത്തെ 6,853 യൂണിറ്റുകളിൽ നിന്ന് 8,799 യൂണിറ്റായി ഉയർന്നു. അതേസമയം ബലേനോ, സെലേറിയോ, സിയാസ്, ഡിസയർ, ഇഗ്നിസ്, സ്വിഫ്റ്റ്, വാഗൺആർ തുടങ്ങിയ മോഡലുകൾ ഉൾപ്പെടുന്ന വിഭാഗത്തിലെ വിൽപ്പന 59,597 യൂണിറ്റുകളിൽ നിന്ന് 77,166 യൂണിറ്റായി ഉയർന്നു.
ആഭ്യന്തര വിപണിയിൽ മികച്ച പ്രകടനം നടത്തിയെങ്കിലും ഓഗസ്റ്റിൽ മാരുതിയുടെ കയറ്റുമതിയിൽ ഇടിവുണ്ടായി. 2025 ഓഗസ്റ്റിലെ 36,538 യൂണിറ്റുകളിൽ നിന്ന് കയറ്റുമതി 7.4% കുറഞ്ഞ് 33,844 യൂണിറ്റായി. എന്നാൽ ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവ് പരിഗണിക്കുമ്പോൾ കയറ്റുമതിയിൽ 14.2% വളർച്ചയുണ്ട്. ഈ കാലയളവിൽ 1,88,636 യൂണിറ്റുകളാണ് മാരുതി കയറ്റുമതി ചെയ്തത്.
2026-27 സാമ്പത്തിക വർഷത്തിലെ ആദ്യ 5 മാസങ്ങളിലും മാരുതിയുടെ മൊത്തം പ്രകടനം ശക്തമായി തുടർന്നു. ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ കമ്പനി 11,43,365 വാഹനങ്ങളുടെ വിൽപ്പന റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 8,89,070 യൂണിറ്റുകളായിരുന്നു.
അതായത് സാമ്പത്തിക വർഷത്തിലെ ആദ്യ 5 മാസങ്ങളിൽ തന്നെ മാരുതി 11 ലക്ഷം യൂണിറ്റ് വിൽപ്പന എന്ന നാഴികക്കല്ല് മറികടന്നു. ഇന്ത്യയിൽ ഉത്സവ സീസൺ ആരംഭിക്കാനിരിക്കെയാണ് മാരുതിയുടെ ഈ മികച്ച വിൽപ്പന കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. സാധാരണയായി ഓണം, നവരാത്രി, ദീപാവലി ഉൾപ്പെടെയുള്ള ഉത്സവകാലത്ത് വാഹനങ്ങളുടെ ആവശ്യകത വർധിക്കാറുണ്ട്. അതിനാൽ വരും മാസങ്ങളിലും മാരുതിയുടെ വിൽപ്പനയിൽ കൂടുതൽ മുന്നേറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.