
ഇന്ത്യൻ സെഡാൻ വിപണിയിൽ മാരുതി സുസുക്കി ഡിസയർ ആധിപത്യം കൂടുതൽ ശക്തമാക്കുന്നു. 2026 ജൂണിലെ വിൽപ്പന കണക്കുകൾ പ്രകാരം, ഡിസയർ മാത്രം വിറ്റ യൂണിറ്റുകളുടെ എണ്ണം ടോപ്പ്-9 പട്ടികയിലെ മറ്റ് എല്ലാ സെഡാൻ മോഡലുകളുടെയും ആകെ വിൽപ്പനയെക്കാൾ കൂടുതലാണ്. സെഡാൻ വിഭാഗത്തിൽ 57 ശതമാനത്തിലേറെ വിപണി വിഹിതവും ഡിസയർ സ്വന്തമാക്കി.
2026 ജൂണിൽ മാരുതി സുസുക്കി ഡിസയറിന്റെ 17,899 യൂണിറ്റുകളാണ് വിറ്റഴിഞ്ഞത്. 2025 ജൂണിലെ 15,484 യൂണിറ്റിനെ അപേക്ഷിച്ച് 15.6 ശതമാനം വളർച്ചയാണ് ഇത്. ഇതോടെ സെഡാൻ വിഭാഗത്തിൽ 57.4 ശതമാനം വിപണി വിഹിതം ഡിസയർ സ്വന്തമാക്കി. അതേസമയം, ടോപ്പ്-9 പട്ടികയിലെ മറ്റ് എല്ലാ സെഡാൻ മോഡലുകളും ചേർന്ന് 13,284 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിച്ചത്. അതായത് ഡിസയർ മാത്രം ഇവയെല്ലാം ചേർന്ന വിൽപ്പനയേക്കാൾ 4,615 യൂണിറ്റ് മുന്നിലാണ്.
ഹ്യുണ്ടായി ഓറ 5,977 യൂണിറ്റുകളുടെ വിൽപ്പനയുമായി രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷത്തെ 5,413 യൂണിറ്റിനെ അപേക്ഷിച്ച് 10.4 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. സെഗ്‌മെന്റിൽ 19.2 ശതമാനം വിപണി വിഹിതവും ഓറ സ്വന്തമാക്കി. ഹോണ്ട അമേസ് 2,937 യൂണിറ്റുകൾ വിറ്റഴിച്ച് മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷത്തേക്കാൾ 29.2 ശതമാനം വളർച്ച നേടിയ അമേസിന് 9.4 ശതമാനം വിപണി വിഹിതമുണ്ട്.
ഫോക്‌സ്‌വാഗൺ വിർടസിന്റെ വിൽപ്പന 1,195 യൂണിറ്റായി കുറഞ്ഞു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 32.8 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. അതേസമയം, സ്‌കോഡ സ്ലാവിയ 1,083 യൂണിറ്റുകൾ വിറ്റഴിച്ച് 20.9 ശതമാനം വളർച്ച നേടി. ഹോണ്ട സിറ്റി 745 യൂണിറ്റുകളുടെ വിൽപ്പനയോടെ 5.1 ശതമാനം വളർച്ച രേഖപ്പെടുത്തി. ടാറ്റ ടിഗോർ 602 യൂണിറ്റുകളും ഹ്യുണ്ടായി വെർണ 554 യൂണിറ്റുകളും ടൊയോട്ട കാമ്രി 191 യൂണിറ്റുകളും വിറ്റഴിച്ചു.
പുതിയ ഡിസയറിന് കൂടുതൽ ആകർഷകമായ മുൻവശ ഡിസൈനാണ് നൽകിയിരിക്കുന്നത്. എൽ.ഇ.ഡി ഹെഡ്‌ലൈറ്റുകൾ, വീതിയേറിയ ഗ്രിൽ, പുതുക്കിയ ഫോഗ് ലാമ്പ് ഹൗസിങ്, ഷാർക്ക് ഫിൻ ആന്റിന, ബൂട്ട് ലിഡ് സ്‌പോയിലർ, വൈ ആകൃതിയിലുള്ള എൽ.ഇ.ഡി ടെയിൽലൈറ്റുകൾ എന്നിവ വാഹനത്തിന്റെ പ്രധാന ഡിസൈൻ ഘടകങ്ങളാണ്. എൽ.എക്‌സ്.ഐ, വി.എക്‌സ്.ഐ, ഇസഡ്.എക്‌സ്.ഐ, ഇസഡ്.എക്‌സ്.ഐ പ്ലസ് എന്നീ വേരിയന്റുകളിലാണ് കാർ ലഭ്യമാകുന്നത്.
ഒൻപത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ക്രൂയിസ് കൺട്രോൾ, പിൻസീറ്റ് എ.സി വെന്റുകൾ, സൺറൂഫ് എന്നിവ ഡിസയറിന്റെ പ്രധാന സൗകര്യങ്ങളാണ്. സുരക്ഷയുടെ കാര്യത്തിലും ഡിസയർ ശ്രദ്ധേയമാണ്. ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ, റിയർ പാർക്കിങ് സെൻസറുകൾ, 360 ഡിഗ്രി ക്യാമറ എന്നിവ സ്റ്റാൻഡേർഡായോ ഉയർന്ന വേരിയന്റുകളിലോ ലഭ്യമാണ്. കൂടാതെ ജി.എൻ.സി.എ.പി, ബി.എൻ.സി.എ.പി ക്രാഷ് പരീക്ഷണങ്ങളിൽ അഞ്ച് സ്റ്റാർ സുരക്ഷാ റേറ്റിങ്ങും ഡിസയർ സ്വന്തമാക്കിയിട്ടുണ്ട്.
1.2 ലിറ്റർ, മൂന്ന് സിലിണ്ടർ, നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എൻജിനാണ് ഡിസയറിന് കരുത്തേകുന്നത്. 80 ബി.എച്ച്.പി കരുത്തും 112 ന്യൂട്ടൺ മീറ്റർ ടോർക്കും ഉൽപാദിപ്പിക്കുന്ന എൻജിൻ അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ എ.എം.ടി ഗിയർബോക്‌സിനൊപ്പമാണ് ലഭിക്കുന്നത്. സി.എൻ.ജി പതിപ്പിന് കിലോഗ്രാമിന് 33.73 കിലോമീറ്റർ വരെ ഇന്ധനക്ഷമത കമ്പനി അവകാശപ്പെടുന്നു.