
പുതുക്കിയ ഫ്രോങ്ക്സ് വിപണിയിലെത്തുന്നതിന് മുന്നോടിയായി നിലവിലെ ഫ്രോങ്ക്സ് കോംപാക്ട് ക്രോസ്ഓവറിന്റെ വില വർധിപ്പിച്ച് മാരുതി സുസുക്കി. തിരഞ്ഞെടുത്ത വകഭേദങ്ങൾക്കാണ് വില കൂട്ടിയത്. പരമാവധി 7,500 രൂപ വരെയാണ് വർധന. ഡെൽറ്റ മാനുവൽ, ഡെൽറ്റ പ്ലസ് മാനുവൽ, ഡെൽറ്റ ഓട്ടോമാറ്റിക്, ഡെൽറ്റ പ്ലസ് ഓട്ടോമാറ്റിക് എന്നീ വകഭേദങ്ങൾക്ക് 5,000 രൂപ വീതമാണ് വില വർധിച്ചത്. ഡെൽറ്റ സിഎൻജി മാനുവൽ മോഡലിന് 7,500 രൂപയും സിഗ്മ സിഎൻജി മാനുവൽ മോഡലിന് 2,500 രൂപയും വർധിപ്പിച്ചു. മറ്റ് വകഭേദങ്ങളുടെ വിലയിൽ മാറ്റമില്ല.
നിലവിലെ മോഡലിന് വില കൂട്ടിയത് പുതിയ ഫ്രോങ്ക്സ് ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നതിന് മുന്നോടിയായാണ്. 2026 അവസാനത്തോടെയോ 2027ന്റെ തുടക്കത്തിലോ പുതിയ മോഡൽ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. പുതിയ പതിപ്പിൽ വാഹനത്തിന്റെ പുറം രൂപത്തിലും അകത്തളത്തിലും കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. പുതിയ എൻജിൻ ഓപ്ഷനുകൾക്കൊപ്പം കൂടുതൽ സുരക്ഷാ സവിശേഷതകളും വാഹനത്തിൽ ഇടംപിടിച്ചേക്കും.
ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിൽ നിലവിലെ 4 സിലിണ്ടർ എൻജിന് പകരം 1.2 ലിറ്റർ 3 സിലിണ്ടർ ഇസഡ് സീരീസ് പെട്രോൾ എൻജിൻ എത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. 81.8 ബിഎച്ച്പി പരമാവധി കരുത്തും 112 എൻഎം ടോർക്കും നൽകുന്ന എൻജിനായിരിക്കും ഇത്. ഫാക്ടറിയിൽ തന്നെ ഘടിപ്പിച്ച സിഎൻജി സംവിധാനത്തോടെയും പുതിയ എൻജിൻ ലഭിക്കും. സിഎൻജി പതിപ്പിൽ 67 ബിഎച്ച്പി കരുത്തും 101 എൻഎം ടോർക്കും ലഭിക്കും.
പുതിയ 1.2 ലിറ്റർ 3 സിലിണ്ടർ പെട്രോൾ എൻജിന് മാനുവൽ ഗിയർബോക്സിൽ 23.80 കിലോമീറ്റർ മൈലേജും ഓട്ടോമാറ്റിക് മാനുവൽ ട്രാൻസ്മിഷനിൽ 24.77 കിലോമീറ്റർ മൈലേജും ലഭിക്കുമെന്നാണ് അവകാശവാദം. ആദ്യഘട്ടത്തിൽ മാനുവൽ ഗിയർബോക്സിനൊപ്പം മാത്രമായിരിക്കും സിഎൻജി പതിപ്പ് എത്തുക. കിലോഗ്രാമിന് 33.61 കിലോമീറ്റർ മൈലേജ് നൽകാൻ പുതിയ ഫ്രോങ്ക്സ് സിഎൻജിക്ക് കഴിയുമെന്നാണ് റിപ്പോർട്ടുകൾ. പിന്നീട് സിഎൻജി മോഡലിലും ഓട്ടോമാറ്റിക് മാനുവൽ ട്രാൻസ്മിഷൻ അവതരിപ്പിച്ചേക്കും.
പുതിയ ഫ്രോങ്ക്സിലെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന് ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സംവിധാനമായിരിക്കും. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ കീപ്പ് അസിസ്റ്റ്, ലെയ്ൻ ഡിപ്പാർച്ചർ മുന്നറിയിപ്പ്, ലെയ്ൻ ഡിപ്പാർച്ചർ പ്രിവൻഷൻ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ഇതിൽ ഉൾപ്പെട്ടേക്കും.
വാഹനം പാതയിൽ നിന്ന് വ്യതിചലിക്കുന്നതിനുള്ള മുന്നറിയിപ്പ്, നൂതന അടിയന്തര ബ്രേക്കിങ്, മുന്നിലുള്ള കൂട്ടിയിടി സംബന്ധിച്ച മുന്നറിയിപ്പ്, ഹൈ ബീം അസിസ്റ്റ് തുടങ്ങിയ സംവിധാനങ്ങളും പ്രതീക്ഷിക്കുന്നു. വെന്റിലേറ്റഡ് മുൻ സീറ്റുകൾ, ടയർ പ്രഷർ നിരീക്ഷണ സംവിധാനം എന്നിവയും പുതിയ ഫ്രോങ്ക്സിൽ ലഭിച്ചേക്കും. പുതുക്കിയ രൂപകൽപ്പനയ്ക്കൊപ്പം കൂടുതൽ സാങ്കേതിക സവിശേഷതകളുമായി എത്തുന്ന ഫ്രോങ്ക്സ് ഫെയ്‌സ്‌ലിഫ്റ്റ് മാരുതിയുടെ കോംപാക്ട് എസ്‌യുവി ശ്രേണിയിലെ പ്രധാന മോഡലായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.