
ഇന്ത്യൻ ആഡംബര കാർ വിപണിയിൽ ഹൈബ്രിഡ് സാങ്കേതികവിദ്യയ്ക്ക് കൂടുതൽ കരുത്തേകി മെഴ്‌സിഡസ്-ബെൻസ് ഇന്ത്യ പുതിയ മെഴ്‌സിഡസ്-എഎംജി ഇ 53 ഹൈബ്രിഡ് ഫോർമാറ്റിക് പ്ലസ് അവതരിപ്പിച്ചു. രാജ്യത്തെ ആദ്യ ഇലക്ട്രിഫൈഡ് എഎംജി ഇ-ക്ലാസ് മോഡലായാണ് ഈ പെർഫോമൻസ് സെഡാൻ എത്തുന്നത്. പെർഫോമൻസ് എഡിഷൻ, റേസിങ് എഡിഷൻ എന്നീ രണ്ട് വകഭേദങ്ങളിലാണ് വാഹനം ലഭ്യമാകുന്നത്. യഥാക്രമം 1.45 കോടി രൂപ, 1.48 കോടി രൂപ എന്നിങ്ങനെയാണ് എക്‌സ്-ഷോറൂം വില. വാഹനത്തിന്റെ ഡെലിവറി ഉടൻ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.
പുതിയ എഎംജി ഇ 53 ഹൈബ്രിഡിൽ 3.0 ലിറ്റർ, ആറ് സിലിണ്ടർ ടർബോ പെട്രോൾ എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ എൻജിൻ മാത്രം 449 ബി.എച്ച്.പി. കരുത്ത് ഉൽപ്പാദിപ്പിക്കും. ഇതിനൊപ്പം ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ സംയോജിപ്പിച്ച 120 കിലോവാട്ട് ഇലക്ട്രിക് മോട്ടോറും പ്രവർത്തിക്കുന്നു.
രണ്ട് സംവിധാനങ്ങളും ചേർന്ന് പരമാവധി 585 ബി.എച്ച്.പി. കരുത്തും 750 എൻ.എം. ടോർക്കും നൽകും. റേസ് സ്റ്റാർട്ട് സംവിധാനം പ്രവർത്തനക്ഷമമാക്കിയാൽ കരുത്ത് താൽക്കാലികമായി 612 ബി.എച്ച്.പി. വരെ ഉയരും. പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 3.8 സെക്കൻഡ് മാത്രമാണ് ഈ സെഡാന് വേണ്ടതെന്ന് മെഴ്‌സിഡസ്-ബെൻസ് അവകാശപ്പെടുന്നു. പരമാവധി വേഗത മണിക്കൂറിൽ 250 കിലോമീറ്ററായി നിയന്ത്രിച്ചിട്ടുണ്ടെങ്കിലും, എഎംജി ഡ്രൈവർ പാക്കേജ് തിരഞ്ഞെടുക്കുന്നവർക്ക് ഇത് 280 കിലോമീറ്റർ വരെ ഉയർത്താം.
28.6 കിലോവാട്ട്-മണിക്കൂർ ശേഷിയുള്ള 400 വോൾട്ട് ബാറ്ററി പായ്ക്കാണ് വാഹനത്തിലുള്ളത്. ഇതിൽ ഉപയോഗിക്കാവുന്ന ശേഷി 21.2 കിലോവാട്ട്-മണിക്കൂറാണ്. ഈ ബാറ്ററിയുടെ സഹായത്തോടെ ഒറ്റ ചാർജിൽ 100 കിലോമീറ്ററിലേറെ ദൂരം പൂർണമായും വൈദ്യുതി ഉപയോഗിച്ച് സഞ്ചരിക്കാനാകും. ഇലക്ട്രിക് മോഡിൽ മണിക്കൂറിൽ 140 കിലോമീറ്റർ വരെ വേഗത കൈവരിക്കാനും കഴിയും. 11 കിലോവാട്ട് എ.സി. ഓൺബോർഡ് ചാർജർ സ്റ്റാൻഡേർഡായി നൽകിയിട്ടുണ്ട്. റീജനറേറ്റീവ് ബ്രേക്കിങ് സംവിധാനത്തിലൂടെ ബ്രേക്ക് ചെയ്യുമ്പോൾ ഉണ്ടാകുന്ന ഊർജം തിരിച്ചുപിടിച്ച് ബാറ്ററിയിൽ സംഭരിക്കാനും സാധിക്കും.
എഎംജി റൈഡ് കൺട്രോൾ സസ്‌പെൻഷൻ, ഫോർമാറ്റിക് പ്ലസ് ഓൾ-വീൽ ഡ്രൈവ് സംവിധാനം, ആക്റ്റീവ് റിയർ ആക്‌സിൽ സ്റ്റിയറിങ് എന്നിവ വാഹനത്തിന്റെ പ്രധാന സവിശേഷതകളാണ്. കുറഞ്ഞ വേഗതയിൽ പിൻചക്രങ്ങൾ മുൻചക്രങ്ങൾക്ക് എതിർദിശയിലും ഉയർന്ന വേഗതയിൽ അതേ ദിശയിലും തിരിയുന്നതിനാൽ നിയന്ത്രണവും സ്ഥിരതയും കൂടുതൽ മെച്ചപ്പെടുന്നു. കംഫർട്ട്, സ്‌പോർട്ട്, സ്‌പോർട്ട് പ്ലസ്, സ്ലിപ്പറി, ഇൻഡിവിജ്വൽ എന്നീ ഡ്രൈവിങ് മോഡുകൾക്കൊപ്പം ഇലക്ട്രിക്, ബാറ്ററി ഹോൾഡ് എന്നീ ഹൈബ്രിഡ് മോഡുകളും ലഭ്യമാണ്. ഡൈനാമിക് പ്ലസ് പാക്കേജിൽ ഹൈ പെർഫോമൻസ് ബ്രേക്കുകൾ, പെർഫോമൻസ് സ്റ്റിയറിങ് വീൽ, റേസ് സ്റ്റാർട്ട് സംവിധാനം തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
രൂപകൽപ്പനയിലും എഎംജി ഇ 53 ഹൈബ്രിഡ് ശ്രദ്ധേയമാണ്. പ്രകാശിക്കുന്ന എഎംജി ഗ്രിൽ, വലിയ എയർ ഇൻടേക്കുകളുള്ള മുൻ ബമ്പർ, 20 ഇഞ്ച് അലോയ് വീലുകൾ, നാല് എക്‌സ്‌ഹോസ്റ്റ് ഔട്ട്‌ലെറ്റുകൾ, എഎംജി റിയർ ഡിഫ്യൂസർ, സ്‌പോയിലർ എന്നിവ വാഹനത്തിന് കൂടുതൽ സ്‌പോർട്ടി ഭാവം നൽകുന്നു.
കാബിനിൽ ചുവന്ന സ്റ്റിച്ചിങ്ങോടുകൂടിയ എഎംജി സ്‌പോർട്‌സ് സീറ്റുകൾ, എഎംജി ഗ്രാഫിക്‌സോടുകൂടിയ ഡിജിറ്റൽ ഡിസ്പ്ലേ, ട്രാക്ക് പേസ് സംവിധാനം, ഹൈബ്രിഡ് എനർജി മോണിറ്ററിങ് സ്ക്രീനുകൾ എന്നിവ നൽകിയിട്ടുണ്ട്. സംഗീതാസ്വാദകർക്കായി 730 വാട്ട് ശേഷിയുള്ള 17 സ്പീക്കറുകളടങ്ങിയ ബർമെസ്റ്റർ ഫോർ-ഡി സറൗണ്ട് സൗണ്ട് സിസ്റ്റവും വാഹനത്തിലുണ്ട്. കൂടാതെ പിൻസീറ്റുകൾക്കായി സൺബ്ലൈൻഡുകളും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പിൻവിൻഡോ ബ്ലൈൻഡും ഉൾപ്പെടുത്തിയിട്ടുണ്ട്.
പെർഫോമൻസും ആഡംബരവും അത്യാധുനിക ഹൈബ്രിഡ് സാങ്കേതികവിദ്യയും ഒരുമിപ്പിച്ചാണ് പുതിയ മെഴ്‌സിഡസ്-എഎംജി ഇ 53 ഹൈബ്രിഡ് ഇന്ത്യൻ വിപണിയിലെത്തുന്നത്. ദൈനംദിന ഉപയോഗത്തിനൊപ്പം ഉയർന്ന വേഗതയിലുള്ള ഡ്രൈവിങും ആഗ്രഹിക്കുന്ന പ്രീമിയം ഉപഭോക്താക്കളെയാണ് ഈ മോഡൽ ലക്ഷ്യമിടുന്നത്.