
കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഇന്ത്യൻ കാർ ഉപഭോക്താക്കളുടെ മുൻഗണനകൾ അതിവേഗം മാറി. മുമ്പ് മൈലേജിലും വിലയിലും കൂടുതൽ ശ്രദ്ധ നൽകിയിരുന്നുവെങ്കിൽ, ഇപ്പോൾ ഭൂരിഭാഗനം പേരുടെയും കാർ വാങ്ങൽ തീരുമാനത്തിൽ സുരക്ഷയ്ക്കും വലിയ പ്രാധാന്യം ലഭിച്ചു തുടങ്ങിയിരിക്കുന്നു. ഇത് വാഹന നിർമ്മാതാക്കളെയും നേരിട്ട് സ്വാധീനിച്ചിട്ടുണ്ട്. ഇപ്പോൾ മിക്ക വാഹന നിർമ്മാതാക്കളും അവരുടെ പുതിയ മോഡലുകളിൽ, പ്രത്യേകിച്ച് ഇലക്ട്രിക് വാഹനങ്ങളിൽ (ഇവി) സുരക്ഷയ്ക്ക് മുൻഗണന നൽകുന്നു.
നിങ്ങളും സുരക്ഷിതവും വിശ്വസനീയവുമായ ഒരു ഇലക്ട്രിക് കാർ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കിൽ ചില കാറുകളെക്കുറിച്ച് അറിയുന്നത് നല്ലതായിരിക്കും. ഭാരത് എൻസിഎപി അടുത്തിടെ നടത്തിയ ക്രാഷ് ടെസ്റ്റുകളിൽ സുരക്ഷയുടെ കാര്യത്തിൽ രാജ്യത്തെ അഞ്ച് ഇലക്ട്രിക് കാറുകൾക്ക് അഞ്ച് സ്റ്റാർ റേറ്റിംഗ് ലഭിച്ചു. ഈ കാറുകളെക്കുറിച്ച് അറിയാം.
മഹീന്ദ്ര XEV 9e
മഹീന്ദ്രയിൽ നിന്നുള്ള ഈ ഇലക്ട്രിക് എസ്‌യുവി ക്രാഷ് ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവച്ചു. മുതിർന്നവരുടെ സുരക്ഷയ്ക്ക് 32 ൽ 32 മാർക്കും കുട്ടികളുടെ സുരക്ഷയ്ക്ക് 45 മാർക്കും ലഭിച്ചു. ഇത് ഏറ്റവും സുരക്ഷിതമായ ഇലക്ട്രിക് വാഹനങ്ങളുടെ പട്ടികയിൽ ഇടം നേടി. മഹീന്ദ്ര XEV 9e ഒരു 5 സീറ്റർ കൂപ്പെ എസ്‌യുവിയാണ്, ഇതിന്റെ വില 21.90 ലക്ഷം രൂപയിൽ ആരംഭിച്ച് ഉയർന്ന മോഡലിന് 31.25 ലക്ഷം രൂപ വരെ വിലവരും.
ടാറ്റ ഹാരിയർ ഇ വി
പുതുതായി പുറത്തിറക്കിയ ഹാരിയർ ഇവിയുടെ സുരക്ഷ എല്ലാവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. മുതിർന്നവരുടെ സുരക്ഷയിൽ ഈ കാറിന് 32 ൽ 32 മാർക്കും കുട്ടികളുടെ സുരക്ഷയിൽ 49 ൽ 45 മാർക്കും ലഭിച്ചു. ടാറ്റ ഹാരിയർ ഇവിയുടെ പ്രാരംഭ എക്സ്-ഷോറൂം വില 21.49 ലക്ഷം രൂപയാണ്. ഇത് 5 സീറ്റർ ഇലക്ട്രിക് എസ്‌യുവിയാണ്.
മഹീന്ദ്ര BE 6
മഹീന്ദ്ര ബിഇ സീരീസിലെ ഈ കാറും സുരക്ഷയിൽ മികച്ചുനിൽക്കുന്നു. മുതിർന്നവരുടെ സംരക്ഷണത്തിൽ 31.97 മാർക്കും കുട്ടികളുടെ സുരക്ഷയിൽ 45 മാർക്കും ലഭിച്ചു. മഹീന്ദ്ര ബിഇ 6 ഒരു 5 സീറ്റർ ഇലക്ട്രിക് കൂപ്പെയും കൺവേർട്ടിബിൾ എസ്‌യുവിയുമാണ്, ഇതിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 18.90 ലക്ഷം രൂപയാണ്.
ടാറ്റ പഞ്ച് ഇ വി
കോംപാക്റ്റ് ഇവി വിഭാഗത്തിൽ ജനപ്രിയമായ മോഡലാണ് ടാറ്റ പഞ്ച് ഇവി. മുതിർന്നവരുടെ സുരക്ഷയിൽ ഈ കാറിന് 31.46 മാർക്കും കുട്ടികളുടെ സുരക്ഷയിൽ 45 മാർക്കും ലഭിച്ചു. ടാറ്റ പഞ്ച് ഇവിയുടെ വില 9.99 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കുന്നു. ഉയർന്ന മോഡലിന് 14.44 ലക്ഷം രൂപയാണ് വില.
ടാറ്റ കർവ് ഇവി
ടാറ്റയുടെ കൂപ്പെ ശൈലിയിലുള്ള എസ്‌യുവിയായ കർവ് ഇവി മുതിർന്നവരുടെ സുരക്ഷയിൽ 30.81 മാർക്കും കുട്ടികളുടെ സുരക്ഷയിൽ 44.83 മാർക്കും നേടി. ടാറ്റ കർവ് ഇവി ഒരു അഞ്ച് സീറ്റർ കൂപ്പെ എസ്‌യുവിയാണ്, ഇതിന്റെ വില 17.49 ലക്ഷം രൂപയിൽ ആരംഭിച്ച് മുൻനിര മോഡലിന് 22.24 ലക്ഷം രൂപ വരെ ഉയരുന്നു.