11.45 ലക്ഷം രൂപയ്ക്ക് മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് എസ്‌യുവി! ഒറ്റ ചാർജിൽ 683 കിലോമീറ്റർ

Published : Aug 16, 2026, 10:40 PM IST
Mahindra BE 6 Sportech EV Launch, മഹീന്ദ്ര, മഹീന്ദ്ര BE 6, മഹീന്ദ്ര BE 6 സ്പോർടെക്, പുതിയ മഹീന്ദ്ര, മഹീന്ദ്ര ഇലക്ട്രിക് കാർ, ഇലക്ട്രിക് എസ്‌യുവി, ഇലക്ട്രിക് കാർ, മഹീന്ദ്ര EV, BE 6 വില, BE 6 റേഞ്ച്, 683 കിലോമീറ്റർ റേഞ്ച്, ബാറ്ററി വാടക, ബാറ്ററി സബ്സ്ക്രിപ്ഷൻ, പുതിയ ഇലക്ട്രിക് കാർ, കാർ ന്യൂസ്, ഓട്ടോമൊബൈൽ ന്യൂസ്, ഇലക്ട്രിക് വാഹനങ്ങൾ, ഇവി, Mahindra, Mahindra BE 6, Mahindra BE 6 Sportech, New Mahindra, Mahindra EV, Mahindra Electric SUV, Electric SUV, Electric Car, BE 6 Price, BE 6 Range, 683km Range, Battery Subscription, Battery Rental, New EV India, EV India, Electric Vehicle, Car News, Auto News, Mahindra Sportech

Synopsis

മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് എസ്‌യുവിയായ ബിഇ 6 സ്പോർടെക് വിപണിയിലെത്തി. ബാറ്ററി വാടകയ്ക്ക് എടുക്കാവുന്ന പദ്ധതിയിലൂടെ 11.45 ലക്ഷം രൂപ മുതൽ വില ആരംഭിക്കുന്ന ഈ വാഹനം ഒറ്റ ചാർജിൽ 683 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ആറ് വേരിയന്റുകളിലും മൂന്ന് ബാറ്ററി പാക്ക് ഓപ്ഷനുകളിലും വാഹനം ലഭ്യമാണ്.

ന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര പുതിയ ബിഇ 6 സ്പോർടെക് ഇലക്ട്രിക് എസ്‌യുവി അവതരിപ്പിച്ചു. ബാറ്ററി ആസ് എ സർവീസ് സംവിധാനത്തോടുകൂടി 11.45 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ വില. ബാറ്ററി സർവീസ് ഉൾപ്പെടുത്താതെയുള്ള പ്രാരംഭ വില 19.45 ലക്ഷം രൂപയാണ്.

ബാറ്ററി വാടകയ്ക്ക്; സ്വന്തമാക്കൽ ചെലവ് കുറയും

പുതിയ ബിഇ 6 സ്പോർടെക്കിനൊപ്പം ബാറ്ററി അസ് എ സർവീസ് സംവിധാനവും മഹീന്ദ്ര അവതരിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ വാഹനവും ബാറ്ററിയും പ്രത്യേകം പരിഗണിക്കാം. വാഹനത്തിന്റെ വില ആദ്യം കുറച്ച് നൽകുകയും ബാറ്ററിയുടെ ഉപയോഗത്തിന് അനുസരിച്ച് കിലോമീറ്റർ അടിസ്ഥാനത്തിൽ സബ്‍സ്‍ക്രിപ്ഷൻ തുക നൽകുകയും ചെയ്യുന്നതാണ് ഈ പദ്ധതി. ബാറ്ററി അസ്സ് എ സർവീസ് പദ്ധതിയിൽ എൻട്രി ലെവൽ വൺ, ടു വകഭേദങ്ങൾക്ക് യഥാക്രമം 11.45 ലക്ഷം രൂപയും 12.95 ലക്ഷം രൂപയുമാണ് വില. രണ്ട് വകഭേദങ്ങൾക്കും കിലോമീറ്ററിന് 3.75 രൂപയാണ് ബാറ്ററി സബ്സ്ക്രിപ്ഷൻ നിരക്ക്. പ്രതിദിനം 60 കിലോമീറ്റർ ഉപയോഗവും എട്ട് വർഷത്തെ ബാറ്ററി ലോൺ കാലാവധിയും കണക്കിലെടുത്താണ് ഈ വിലനിർണയം. ഇൻഷുറൻസ്, റോഡ് ടാക്സ്, ടിസിഎസ് എന്നിവ ഇതിൽ ഉൾപ്പെടുന്നില്ല.

ആറ് വകഭേദങ്ങൾ

വൺ, ടു, ത്രീ, ത്രീ പ്ലസ്, ഫോർമുല ഇ എഡിഷൻ, ഫോർ/ലോഞ്ച് എഡിഷൻ എന്നിങ്ങനെ ആറ് പ്രധാന വകഭേദങ്ങളിലാണ് മഹീന്ദ്ര ബിഇ 6 സ്പോർടെക് എത്തുന്നത്. 59 കിലോവാട്ട് അവർ, 70 കിലോവാട്ട് അവർ, 79 കിലോവാട്ട് അവർ എന്നിങ്ങനെ മൂന്ന് ബാറ്ററി പാക്ക് ഓപ്ഷനുകളും ലഭ്യമാണ്.

വില എത്ര?

59 കിലോവാട്ട് അവർ ബാറ്ററിയുള്ള വൺ വകഭേദത്തിന് 19.45 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ടു, ത്രീ വകഭേദങ്ങൾക്ക് യഥാക്രമം 20.95 ലക്ഷം രൂപയും 21.95 ലക്ഷം രൂപയുമാണ് വില. 70 കിലോവാട്ട് അവർ ബാറ്ററിയുള്ള ത്രീ വകഭേദത്തിന് 22.95 ലക്ഷം രൂപയും ത്രീ പ്ലസിന് 23.95 ലക്ഷം രൂപയുമാണ് വില. 79 കിലോവാട്ട് അവർ ബാറ്ററിയുള്ള ഫോർമുല ഇ എഡിഷന് 24.45 ലക്ഷം രൂപയും ത്രീ പ്ലസിന് 24.95 ലക്ഷം രൂപയും ഫോർ/ലോഞ്ച് എഡിഷന് 26.95 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

ഒറ്റ ചാർജിൽ 683 കിലോമീറ്റർ

59 കിലോവാട്ട് അവർ, 70 കിലോവാട്ട് അവർ, 79 കിലോവാട്ട് അവർ ബാറ്ററി പാക്കുകൾ യഥാക്രമം 548 കിലോമീറ്റർ, 651 കിലോമീറ്റർ, 683 കിലോമീറ്റർ വരെ സർട്ടിഫൈഡ് എംഐഡിസി റേഞ്ച് നൽകുമെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. 59 കിലോവാട്ട് അവർ ബാറ്ററിയുള്ള പതിപ്പ് 231 ബിഎച്ച്പി കരുത്ത് നൽകും. 70 കിലോവാട്ട് അവർ പതിപ്പിന് 245 ബിഎച്ച്പിയും 79 കിലോവാട്ട് അവർ പതിപ്പിന് 286 ബിഎച്ച്പിയുമാണ് കരുത്ത്.

20 മിനിറ്റിൽ 20 മുതൽ 80 ശതമാനം വരെ

59 കിലോവാട്ട് അവർ ബാറ്ററി 140 കിലോവാട്ട് വരെ ഡിസി ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കും. 70 കിലോവാട്ട് അവർ, 79 കിലോവാട്ട് അവർ ബാറ്ററികൾ യഥാക്രമം 160 കിലോവാട്ട്, 180 കിലോവാട്ട് വരെ ഡിസി ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കും. ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് മൂന്ന് ബാറ്ററികളും 20 ശതമാനത്തിൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാൻ വെറും 20 മിനിറ്റ് മതിയെന്നാണ് മഹീന്ദ്രയുടെ അവകാശവാദം. 7.2 കിലോവാട്ട്, 11.2 കിലോവാട്ട് എസി വാൾ ചാർജിങ് സംവിധാനവും വാഹനത്തിലുണ്ട്.

അകത്തളത്തിൽ ട്രിപ്പിൾ സ്ക്രീൻ

പുതിയ ബിഇ 6 സ്പോർടെക്കിന്റെ പ്രധാന മാറ്റങ്ങളിലൊന്ന് ട്രിപ്പിൾ 12.3 ഇഞ്ച് ഡിസ്പ്ലേ സംവിധാനമാണ്. എന്നാൽ ഫോർമുല ഇ എഡിഷനിൽ ഡ്യുവൽ സ്ക്രീൻ ഡാഷ്ബോർഡ് ലേഔട്ട് തുടരും. ടെക്‌നോളജി, കണക്ടിവിറ്റി, ഇഷ്ടാനുസൃതമാക്കൽ എന്നിവ മെച്ചപ്പെടുത്തുന്നതിനായി പുതിയ ടെക് സാങ്കേതിക സംവിധാനങ്ങളും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബാറ്ററി പൂർണമായും തീർന്നാലും അടുത്തുള്ള ചാർജിങ് സ്റ്റേഷനിലേക്ക് എത്താൻ സഹായിക്കുന്ന റിവൈവ് എസ്ഒഎസ് സംവിധാനവും ശ്രദ്ധേയമാണ്. ഇതിലൂടെ ഏകദേശം 13 കിലോമീറ്റർ വരെ സഞ്ചരിക്കാനുള്ള അധിക ചാർജ് ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്.

ഫീച്ചറുകൾ

പുനർരൂപകൽപ്പന ചെയ്ത ഡാഷ്ബോർഡ്, വയർലെസ് ചാർജിങ് പാഡ്, യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ, പനോരമിക് ഗ്ലാസ് റൂഫ് എന്നിവയും പുതിയ ബിഇ 6 സ്പോർടെക്കിലുണ്ട്. ഹർമൻ കാർഡൺ ഓഡിയോ സംവിധാനവും ഡോൾബി ആറ്റ്മോസും, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ, 540 ഡിഗ്രി ക്യാമറ, ഹെഡ്-അപ്പ് ഡിസ്പ്ലേ, ലെവൽ 2 അഡാസ് തുടങ്ങിയ സംവിധാനങ്ങളും ലഭ്യമാണ്. കണക്ടഡ് കാർ സാങ്കേതികവിദ്യ, ഓട്ടോ പാർക്ക് അസിസ്റ്റ്, എൻഎഫ്സി ഡിജിറ്റൽ കീ, 19 ഇഞ്ച് അലോയ് വീലുകൾ, എൽഇഡി ലൈറ്റിങ്, ഫ്ലഷ് ഫിറ്റിങ് ഡോർ ഹാൻഡിലുകൾ, ഇഷ്ടാനുസൃതമാക്കാവുന്ന എൽഇഡി ടെയിൽ ലാമ്പ് ടെക്സ്റ്റ് ഡിസ്പ്ലേ എന്നിവയും വാഹനത്തിന്റെ ഫീച്ചർ പട്ടികയിലുണ്ട്.

ലോഞ്ച് എഡിഷന് പ്രത്യേകതകൾ

ലോഞ്ച് എഡിഷനിൽ ഗ്രാഫൈറ്റ് സ്റ്റോം എന്ന പ്രത്യേക നിറമാണ് ലഭിക്കുക. റേസിങ് ടാൻ നിറത്തിലുള്ള പൂർണമായ അകത്തളം, വ്യത്യസ്ത അപ്ഹോൾസ്റ്ററി, പ്രത്യേക ഡാഷ്ബോർഡ് ട്രിം എന്നിവയും ഈ പതിപ്പിന്റെ പ്രത്യേകതകളാണ്. വില, ബാറ്ററി വാടകാ പദ്ധതി, ഉയർന്ന റേഞ്ച്, സമ്പന്നമായ ഫീച്ചർ പട്ടിക എന്നിവയിലൂടെ ഇലക്ട്രിക് എസ്‌യുവി വിപണിയിൽ കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനാണ് മഹീന്ദ്രയുടെ നീക്കം.

PREV
Read more Articles on
click me!

Recommended Stories

മേരി കോമിന്‍റെ ഗാരേജിലേക്ക് പുതിയ ടൊയോട്ട ഹൈലക്സ്; എന്താണ് കരുത്ത്?
10 ലക്ഷം രൂപയിൽ താഴെ വിലയിൽ 360 ഡിഗ്രി ക്യാമറ; ടാറ്റയുടെ ഈ മൂന്ന് കാറുകൾ ശ്രദ്ധേയം